കോഴിക്കോട്: സംസ്ഥാനത്തെ മുന്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. തൃശൂര്‍, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളില്‍ 11 കേന്ദ്രങ്ങളിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഇ.ഡിയുടെ പരിശോധന നടത്തുന്നത്.
11 കേന്ദ്രങ്ങളിലും ഒരേസമയം 212 സി.ആര്‍.പിഎഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് റെയ്ഡ് നടക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണം വന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് ഇ.ഡി അറിയിക്കുന്നത്.
സംസ്ഥാന ഭാരവാഹികളായിരുന്ന ലത്തീഫ് പോക്കാക്കില്ലം, അബ്ദുള്‍ സമദ്, അബ്ദുള്‍ ജലീല്‍, നൂറുല്‍ ആമീന്‍ എന്നിവുടെ വീടുകളിലും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട വിവിധ ട്രസ്റ്റുകളിലും പരിശോധന നടക്കുന്നുണ്ട്.
കേരളത്തില്‍ പി.എഫ്.ഐ സ്ലീപ്പര്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇ.ഡിയുടെ വാദം. സംഘടനക്ക് വിദേശത്ത് നിന്നടക്കം വരുന്ന സാമ്പത്തിക ഉറവിടം ഇല്ലാതാക്കാനുള്ള നടപടിയുടെ ഭാഗമായാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന.
നേരത്തെ പി.എഫ്.ഐ നേതാക്കളുടെ വീടുകളിലും സംസ്ഥാനത്തെ ഓഫീസുകളിലും എന്‍.ഐ.എയുടെ റെയ്ഡ് നടന്നിരുന്നു. ഇതിന് പിന്നാലെ സംഘടനയുടെ ഭാരവാഹികളെ അറസ്റ്റ് ചെയ്തതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ റെയ്ഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഘടനയുടെ നിരോധനത്തിന് പിന്നാലെയുള്ള കേസുകളിലുള്‍പ്പെട്ട സംസ്ഥാന നേതാക്കളില്‍ പലരും ഇപ്പോള്‍ ദല്‍ഹിയിലെ ജയിലിലാണുള്ളത്. ഇവരില്‍ നിന്ന് ലഭിച്ച
മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ പരിശോധന നടക്കുന്നതെന്നും ഇ.ഡിയെ ഉദ്ധരിച്ചുള്ള വിവിധ വാര്‍ത്ത ചാനലുകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Enforcement Directorate raids former Popular Front centers in the state