വടകര: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. വടകരയിലെ ആസ്ഥാനത്താണ് പരിശോധന നടന്നത്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനുമായുള്ള ബന്ധത്തെക്കുറിച്ചാണ് അന്വേഷണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൂന്നംഗ ഇ.ഡി സംഘമാണ് ഊരാളുങ്കല്‍ ലേബര്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ എത്തിയത്. അന്വേഷണ സംഘം അധിക സമയം ഓഫീസില്‍ ചിലവഴിച്ചിട്ടില്ല.
ഇ.ഡി സംഘം ഒമ്പത് മണിക്കെത്തി പതിനൊന്നേ മുക്കാലിന് ഓഫീസില്‍ നിന്നും പോയെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു. ഒരു റിക്കാര്‍ഡും ഇ.ഡി ആവശ്യപ്പെട്ടിട്ടില്ല എന്നും ചില ചോദ്യങ്ങള്‍ ചോദിച്ച് അവര്‍ മടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
സി.എം രവീന്ദ്രനുമായി ബന്ധമുണ്ട് എന്ന് പറയുന്ന ആറ് സ്ഥാപനങ്ങളില്‍ ഇ.ഡി നേരത്തെ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹവുമായി ഈ സ്ഥാപനങ്ങള്‍ക്കുള്ള ബന്ധം കണ്ടുപിടിക്കാന്‍ ഇതുവരെ ഇ.ഡിക്ക് സാധിച്ചിട്ടില്ല.
നടത്തിപ്പുക്കാരില്‍ നിന്ന് ഇ.ഡി വിവവരം ശേഖരിക്കുക മാത്രമാണുണ്ടായത്. രവീന്ദ്രനു സാമ്പത്തിക ഇടപാടുണ്ടെന്ന് പരാതി ഉയര്‍ന്ന സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ ഇ.ഡി കൊച്ചി യൂണിറ്റാണ് കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.