അന്വേഷണ പരിധിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍; പേടിഎമ്മിനെതിരെ ശബ്ദിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
national news
അന്വേഷണ പരിധിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍; പേടിഎമ്മിനെതിരെ ശബ്ദിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th February 2024, 3:31 pm

ന്യൂദല്‍ഹി: ഓണ്‍ലൈന്‍ പേയ്മെന്റ് ബാങ്കായ പേടിഎമ്മിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നതിനാലാണ് പേടിഎമ്മിനെതിരെ ഇ.ഡി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലക്ക് നേരിട്ട് രണ്ട് ആഴ്ചക്ക് ശേഷമാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡി പേടിഎമ്മിനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിക്കുന്നത്.

ആര്‍.ബി.ഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഈ വിഷയത്തില്‍ എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കാത്തതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഫെബ്രുവരി 29 മുതല്‍ റിസര്‍വ് ബാങ്ക് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നിയന്ത്രണ ഉത്തരവില്‍ ഗുരുതരമായ ആരോപണങ്ങളാണ് പേടിഎമ്മിനെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.

പേടിഎമ്മിന്റെ സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് വിമര്‍ശിച്ചിരുന്നു. നിലവില്‍ ഫിന്‍ടെക് സ്ഥാപനത്തോടുള്ള കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കാനുള്ള കടമ സര്‍ക്കാരിനുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞിരുന്നു.

ഏഴ് വര്‍ഷക്കാലത്തോളം പേടിഎമ്മിനെ മോദി സര്‍ക്കാര്‍ സംരക്ഷിച്ച് നിര്‍ത്തിയത് എന്തിനാണെന്നും സുപ്രിയ ശ്രീനേറ്റ് ചോദിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണത്തില്‍ കമ്പനിക്കെതിരെയും സ്ഥാപകനെതിരെയും സ്ഥാപനത്തിന്റെ സി.ഇ.ഒക്കെതിരെയും അന്വേഷണം നടത്താൻ ഇ.ഡി തയ്യാറാവുന്നില്ലെന്നും സുപ്രിയ ആരോപിച്ചിരുന്നു.

അതേസമയം ഏതാനും വിഷയങ്ങളില്‍ മുമ്പ് സ്ഥാപനം അന്വേഷണത്തിന് വിധേയമായിട്ടുണ്ടെന്നും അത്തരം സാഹചര്യങ്ങളില്‍ അന്വേഷണ ഏജന്‍സികളോട് പൂര്‍ണമായും തങ്ങള്‍ സഹകരിച്ചിട്ടുണ്ടെന്നും പേടിഎം പ്രതികരിച്ചിരുന്നു.

Content Highlight: Enforcement Directorate orders investigation against Paytm