ചോദ്യം ചെയ്യലിന് ഹാജരാകണം; വി.എസ്. ശിവകുമാറിനെ തേടി വീണ്ടും ഇ.ഡി
Kerala News
ചോദ്യം ചെയ്യലിന് ഹാജരാകണം; വി.എസ്. ശിവകുമാറിനെ തേടി വീണ്ടും ഇ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th May 2023, 12:04 pm

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ആരോഗ്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് വീണ്ടും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി കൈമാറ്റവുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നേരത്തെ ഏപ്രില്‍ ഇരുപതിനും ശിവകുമാറിനോട് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു.

2016ലാണ് ശിവകുമാറിനെതിരെ വിജിലന്‍സില്‍ പരാതി ലഭിക്കുന്നത്. ശിവകുമാറിന്റെ ആസ്തികളില്‍ വലിയ വ്യത്യാസം ഉണ്ടായി, ബിനാമി ഇടപാടുകള്‍ നടന്നു, നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ശിവകുമാര്‍ ബിനാമിയായി സംഘടിപ്പിച്ചു എന്നീ പരാതികളായിരുന്നു ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നത്.

2020ല്‍ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് ആരോപിക്കപ്പെടുന്നവരുടെ വീട്ടിലും ഇ.ഡി. റെയ്ഡുണ്ടായിരുന്നു. ശിവകുമാറിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ എം. രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍.എസ്. ഹരികുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

അതേസമയം, ഇതേ കേസില്‍ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ നേരത്തെ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു.