ഔദ്യോഗിക സമയത്തിന് ശേഷം വ്യക്തികളെ ചോദ്യം ചെയ്യരുത്; സുപ്രീം കോടതി വിമർശനത്തിന് പിന്നാലെ സർക്കുലർ പുറത്തിറക്കി ഇ.ഡി
national news
ഔദ്യോഗിക സമയത്തിന് ശേഷം വ്യക്തികളെ ചോദ്യം ചെയ്യരുത്; സുപ്രീം കോടതി വിമർശനത്തിന് പിന്നാലെ സർക്കുലർ പുറത്തിറക്കി ഇ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2024, 2:37 pm

ന്യൂദൽഹി: ഔദ്യോഗിക സമയത്തിന് ശേഷം വ്യക്തികളെ ചോദ്യം ചെയ്യരുതെന്ന നിർദേശവുമായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി).

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൽ (പി.എം.എൽ.എ) ഉൾപ്പെട്ടിരിക്കുന്നവരെ ഓഫീസ് സമയങ്ങൾ കഴിഞ്ഞ് ചോദ്യം ചെയ്യുന്നതിനായി കർശനമായി വിളിപ്പിക്കുകയോ ഓഫീസിൽ കൂടുതൽ മണിക്കൂർ കാത്ത് നിർത്തുകയോ ചെയ്യരുതെന്ന് നിർദേശിച്ചുകൊണ്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ശനിയാഴ്ച പുതിയ സർക്കുലർ പുറത്തിറക്കി.

ഇ.ഡി വിളിച്ചുവരുത്തി രാത്രി മുഴുവൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ഒരു വ്യക്തിയുടെ ഹരജി പരിഗണിച്ച ബോംബെ ഹൈക്കോടതിയുടെ നിർദേശങ്ങളെത്തുടർന്നാണ് നടപടി. 64 കാരനായ ഹരജിക്കാരനായ അനിൽ തുതേജയെ ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസിലേക്ക് വിളിപ്പിച്ച് അർദ്ധരാത്രിക്ക് ശേഷം കാത്ത് നിർത്തുകയായിരുന്നുവെന്ന് ബോംബെ ഹൈക്കോടതി കണ്ടെത്തി.

ഛത്തീസ്ഗഡിലെ മദ്യ അഴിമതി കേസിൽ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ അനിൽ തുതേജയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത രീതിയെ സുപ്രീം കോടതി തിങ്കളാഴ്ച (ഒക്ടോബർ 21) ചോദ്യം ചെയ്യുകയായിരുന്നു.

സംസ്ഥാനത്ത് നടന്ന മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് തനിക്കെതിരായ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ റദ്ദാക്കാൻ ഛത്തീസ്ഗഡ് ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് തുതേജ സമർപ്പിച്ച ഹരജി ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു.

പി.എം.എൽ.എ കേസിൽ അന്വേഷണം നേരിടുന്നവരുടെ ‘ഉറങ്ങാനുള്ള അവകാശം’ മാനിക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്ത് പറഞ്ഞുകൊണ്ട് 2024 ഏപ്രിലിൽ ഹൈക്കോടതി ഒരു നിർദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു.

എന്നാൽ ഈ നിർദേശം പൊതുജനങ്ങൾക്ക് ലഭ്യമല്ല. പക്ഷെ ഒക്‌ടോബർ 14ന് ജസ്റ്റിസ് രേവതി മൊഹിതേ ദേരെയും ജസ്റ്റിസ് പൃഥ്വിരാജ് കെ ചവാനും അടങ്ങുന്ന ബെഞ്ച് സർക്കുലറിൻ്റെ പ്രസക്തമായ ഭാഗങ്ങൾ ഇ.ഡിയുടെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ അക്കൗണ്ടിലും ലഭ്യമാക്കാൻ ഫെഡറൽ ഏജൻസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Content Highlight: Enforcement Directorate Issues Circular Directing No Questioning After Official Hours After Nudge By Bombay HC