| Sunday, 1st November 2020, 7:49 am

ബാങ്ക് നിക്ഷേപം, ലോക്കര്‍, ഭൂസ്വത്ത്; ശിവശങ്കറില്‍ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന്റെ സ്വത്തുക്കളിലും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം. ബാങ്ക് നിക്ഷേപങ്ങള്‍, ഭൂസ്വത്ത് എന്നിവയിലാണ് പരിശോധന. ശിവശങ്കരന്റെ പേരില്‍ ലോക്കര്‍ ഉണ്ടോ എന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്.

സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് സഹായം ചെയ്തതുവഴി ശിവശങ്കര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്നത് കണ്ടെത്താനാണ് ഇ.ഡിയുടെ അന്വേഷണം.

ഒക്ടോബര്‍ 28നാണ് എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് കള്ളപ്പണം വെളുപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്യുന്നത്.
ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.

ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്ന് എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു.

ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്. എന്‍ഫോഴ്‌മെന്റിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശിന്റെ വാദങ്ങളില്‍ ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളാണ് നടത്തിയത്.

സ്വപ്നയെ ഒരു മുഖമാക്കി വെച്ചുകൊണ്ട് ശിവശങ്കര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടെന്നും സ്വര്‍ണക്കടത്തിലെ പല കാര്യങ്ങളും ആസൂത്രണം ചെയ്തത് പോലും അദ്ദേഹമായിരുന്നെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ശിവശങ്കറിന് വ്യക്തമായി അറിയാമായിരുന്നെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഡിപ്ലോമാറ്റിക്ക് ബാഗ് പിടിച്ചുവെച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന സ്വാധീനം ഉപയോഗിച്ച് ബാഗേജ് വിട്ടുനല്‍കാന്‍ ശിവശങ്കര്‍ ഇടപെട്ടു.

സ്വപ്ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. സ്വര്‍ണക്കടത്തിലെ ലാഭമെത്തിച്ചേര്‍ന്നത് ശിവശങ്കറിനാണോ എന്ന് സംശയിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി ഉപയോഗിച്ച് സ്വപ്നയെ മറയാക്കിയതാവാം തുടങ്ങി ഗുരുതര ആരോപണമാണ് ഇ.ഡി കോടതിയില്‍ ഉയര്‍ത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Enforcement Directorate Investigation in M Shivasankar’s Investments

We use cookies to give you the best possible experience. Learn more