കൊച്ചി: മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ്. ഇനി ജലീലിന്റെ മൊഴി എടുക്കേണ്ട ആവശ്യമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസിലല്ല ജലീലിന്റെ മൊഴിയെടുത്തതെന്നും സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണ് അന്വേഷണം നടത്തിയതെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് അറിയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി നേരിട്ടോ അല്ലാതെയൊ ജലീലിന് ബന്ധമുള്ളതായി കണക്കാക്കിയിട്ടില്ലെന്നും ഇ.ഡി അറിയിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇ.ഡി ആവശ്യപ്പെട്ടതുപ്രകാരം സ്വത്ത്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളും ജലീല്‍ ഹാജരാക്കിയിരുന്നു. ഈ രേഖങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചതായോ സ്വത്ത് കൈവശം വെച്ചതായോ കണ്ടെത്താനായിട്ടില്ലെന്നും ഇ.ഡി അറിയിച്ചു.
ഖുറാന്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്തതോടെ സംശയം ദൂരീകരിക്കപ്പെട്ടു. ഖുറാനൊപ്പം മറ്റെന്തെങ്കിലും വസ്തുക്കള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നുമാണ് ഇ.ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കെ.ടി ജലീലിനെതിരെ ചില പരാതികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത് എന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതിനെ സാധൂകരിക്കുന്ന പ്രതികരണമാണ് ഇപ്പോള്‍ ഇ.ഡിയും നടത്തിയത്.
ജലീലിനെതിരെ സ്വര്‍ണക്കടത്ത് കേസിലല്ല അന്വേഷണമെന്ന് നേരത്തെ തന്നെ സി.പി.ഐ.എം കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു.
താന്‍ തെറ്റ് ചെയ്തെന്ന് നെഞ്ചില്‍ കൈവെച്ച് ഹൈദരലി തങ്ങള്‍ പറഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് കെ.ടി ജലീല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി സാഹിബിനോടും പറയാനുള്ളത് അതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. .
ലീഗിലുളള കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പറയണമെന്ന് മന്ത്രി പറഞ്ഞു.
എന്നെ നന്നായി അറിയുന്നവരാണ് ലീഗ് നേതാക്കള്‍. ഈ സംഭവത്തിനുശേഷം തങ്ങളുമായി സംസാരിക്കാന്‍ അവസരം കിട്ടിയിട്ടില്ല. പേരിലുള്ള മുസ്ലിം എന്നവാക്കിനോട് ലീഗ് നീതി പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇ.ഡിയ്ക്ക് മുമ്പാകെ ഹാജരാകുന്ന കാര്യത്തെപ്പറ്റി താനാരോടും പറഞ്ഞിട്ടില്ലെന്ന് ജലീല്‍ പറഞ്ഞു. ചോദ്യം ചെയ്യലിന് ഞാന്‍ തലയില്‍ മുണ്ടിട്ട്പോയിട്ടില്ല.
സ്വകാര്യ വാഹനത്തിലാണ് പോയത്. ഇ.ഡി വളരെ സ്വകാര്യതയോടെയാണ് ചോദ്യം ചെയ്യലിന് എന്നെ വിളിച്ചത്. അവര്‍ പറഞ്ഞ സമയം അവരുടെ ഓഫിസില്‍ പോയി- മന്ത്രി പറഞ്ഞു.
ഇ.ഡി എല്ലാ വിവരശേഖരണവും രഹസ്യസ്വഭാവത്തോടെയാണ് നടത്തിയത് താനായിട്ട് പൊളിക്കേണ്ട എന്ന് കരുതിയാണ് മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘വേദഗ്രന്ഥങ്ങള്‍ ഇത്തരത്തില്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് ചില മാധ്യമങ്ങള്‍ പറയുന്നു. അത് നിയമ ലംഘനമാണെന്ന്. ശരി. എന്നാല്‍ ഈ നിയമലംഘനം ആരാണ് ആദ്യം നടത്തിയതെന്ന് അന്വേഷിക്കു. മതഗ്രന്ഥം കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞാണ് എന്റെ കൈയില്‍ ലഭിക്കുന്നത്’-ജലീല്‍ പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസ് വിവാദം വന്ന സമയത്ത് സ്വപ്ന സുരേഷിനെ വിളിച്ചെന്ന ആരോപണം വന്നപ്പോള്‍ ഒരു മണിക്കൂറിനുള്ളില്‍ താന്‍ മാധ്യമങ്ങളെ കണ്ടതാണ്. കേസില്‍ പങ്കുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക