| Tuesday, 21st May 2019, 8:50 pm

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തുള്ള ഉദ്യോഗസ്ഥര്‍ക്ക് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനു വിലക്ക്; ലംഘിച്ചാല്‍ കര്‍ശന നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ദല്‍ഹി ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുന്നതിനു വിലക്ക്. എന്‍ഫോഴ്‌സ്‌മെന്റ് സഞ്ജയ് കുമാര്‍ മിശ്രയാണ് ഉത്തരവിറക്കിയത്. ഇതു ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

എന്‍ഫോഴ്‌സ്‌മെന്റിന്റെ ആസ്ഥാനം ദല്‍ഹിയിലാണ്. ഒരുപേജ് വലിപ്പമുള്ള ഉത്തരവ് ദല്‍ഹിയിലെ ആസ്ഥാനത്തും അന്വേഷണ യൂണിറ്റിലും ഒട്ടിക്കാന്‍ മിശ്ര ഉത്തരവിട്ടിട്ടുണ്ട്. മാധ്യമങ്ങളുമായുള്ള അനാവശ്യമായ സമ്പര്‍ക്കം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഈ ഉത്തരവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വിശദീകരിച്ചത്.

‘അന്വേഷണം നടന്നുകൊണ്ടിരിക്കേ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട് കാണാറുണ്ട്. അത് അന്വേഷണത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. മാധ്യമങ്ങളുമായി സംസാരിക്കാന്‍ വിനിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ ഒഴികെ മറ്റാരെങ്കിലും മാധ്യമങ്ങളോടു സംസാരിച്ചാല്‍ അക്കാര്യം ഉടന്‍തന്നെ പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ ഡയറക്ടറെയോ ഡയറക്ടറെയോ അറിയിക്കണം. ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിന്നു വ്യതിചലിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും.’- ഉത്തരവില്‍ പറയുന്നു. മാധ്യമങ്ങളുമായി സംസാരിക്കാന്‍ വിനിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെക്കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കേര്‍പ്പെടുത്തിയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാട് തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് എന്‍ഫോഴ്‌സ്‌മെന്റ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പി.എം.എല്‍.എ), വിദേശ പണവിനിമയച്ചട്ടം (എഫ്.ഇ.എം.എ) എന്നീ നിയമങ്ങള്‍ ഉപയോഗിച്ചാണിതു പ്രവര്‍ത്തിക്കുന്നത്. രാജ്യത്തുടനീളം അതിന്റെ മേഖലാ ഓഫീസുകളുണ്ട്.

We use cookies to give you the best possible experience. Learn more