കന്നുകാലിക്കടത്ത് കേസിലെ പ്രധാനപ്രതിയെ അറസ്റ്റ് ചെയ്ത് ഇ.ഡി
national news
കന്നുകാലിക്കടത്ത് കേസിലെ പ്രധാനപ്രതിയെ അറസ്റ്റ് ചെയ്ത് ഇ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th February 2022, 5:05 pm

ന്യൂദല്‍ഹി: കന്നുകാലിക്കടത്ത് കേസില്‍ പ്രധാനപ്രതിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

മുഹമ്മദ് ഇനാമുല്‍ ഹഖ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

കോടിക്കണക്കിന് രൂപയുടെ കാലിക്കടത്താണ് ക്രോസ് ബോര്‍ഡര്‍ കന്നുകാലിക്കടത്ത് റാക്കറ്റിന്റെ ഭാഗമായി നടന്നത്, എന്നാണ് ഇ.ഡി പറയുന്നത്.

പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി വഴിയുള്ള നിയമവിരുദ്ധ കന്നുകാലിക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇനാമുല്‍ ഹഖിനെ ഇ.ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്.

നിയമവിരുദ്ധമായ കന്നുകാലിക്കടത്ത് വ്യാപാരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇനാമുല്‍ ഹഖാണ് എന്ന് പറഞ്ഞുകൊണ്ട് നേരത്തെ സി.ബി.ഐയും ബംഗാളിലെ പ്രത്യേക കോടതിയില്‍ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തിരുന്നു.

2020 നവംബറില്‍ ഹഖിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞമാസം ഇയാള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇ.ഡി ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ടിലെ (പി.എം.എല്‍.എ) സെക്ഷനുകള്‍ പ്രകാരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ന്യൂദല്‍ഹിയിലെ കോടതിയില്‍ ഇയാളെ ഹാജരാക്കും. പ്രതിയുടെ കസ്റ്റഡി കോടതിയോട് ആവശ്യപ്പെടുമെന്നാണ് ഇ.ഡി അറിയിച്ചത്.


Content Highlight: Enforcement Directorate arrests prime accused in cross-border cattle smuggling case