| Sunday, 16th August 2020, 10:17 pm

'വിദ്വേഷ പ്രചരണങ്ങളെ പിന്തുണയ്ക്കുന്നില്ല, സ്വീകരിക്കുന്നത് ആഗോള നയം'; ബി.ജെ.പിയെ പിന്തുണയ്ക്കുന്നെന്ന വാദം തള്ളി ഫേസ്ബുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദ്വേഷ പ്രസംഗങ്ങളെ എതിര്‍ക്കുന്നുവെന്നും ആരുടേയും രാഷ്ട്രീയം നോക്കാതെ ആഗോളനയങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നതെന്നും ഫേസ്ബുക്ക് ഔദ്യോഗിക വക്താവ്. ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ നടത്തുന്ന വിദ്വേഷപ്രസംഗങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങള്‍ ഇടമൊരുക്കുന്നെന്ന വാദത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘അക്രമത്തെയും വിദ്വേഷ പ്രസംഗത്തെയും ഞങ്ങള്‍ ശക്തമായി പ്രതിരോധിക്കുന്നു. ഞങ്ങള്‍ ഈ നയം സ്വീകരിച്ചിരിക്കുന്നത് ആഗോളമായാണ്. അത് ആരുടെയും രാഷ്ട്രീയം നോക്കിയിട്ടില്ല,’ ഫേസ്ബുക്ക് വക്താവ് പറഞ്ഞു.

ഇതില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും കൃത്യത ഉറപ്പുവരുത്താന്‍ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണലിലാണ് ഇന്ത്യയിലെ ഫേസ്ബുക്ക് പക്ഷപാതിത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫേസ്ബുക്കിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള നയങ്ങളെ അവഗണിച്ച് കൊണ്ട് മുസ്‌ലിം വിരുദ്ധത പറയാന്‍ ഫേസ്ബുക്കില്‍ അനുവദിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ വെടിവെച്ച് കൊലപ്പെടുത്തണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത തെലങ്കാനയില്‍ നിന്നുള്ള ബിജെപി എം.എല്‍.എ ടി. രാജാ സിംഗിന്റെ പ്രസ്താവന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യയിലെ ഫേസ്ബുക്കിന്റെ ഉന്നത എക്‌സിക്യൂട്ടീവ് അങ്കി ദാസ് ഭരണകക്ഷിയായ ബിജെപി അംഗങ്ങള്‍ക്ക് വേണ്ടി വിദ്വേഷ പ്രസംഗ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ മാറ്റുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബിജെപിക്കെതിരെ നിലകൊള്ളുന്നത് ഇന്ത്യയിലെ ഫേസ്ബുക്കിന്റെ ബിസിനസ് തകര്‍ക്കാര്‍ കാരണമാകുമെന്നതുകൊണ്ടാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഈ വാദം ശരിയാണെന്ന് കാണിച്ച് രംഗത്തെത്തിയിരുന്നു.

ഇന്ത്യയില്‍ ഫേസ്ബുക്കും വാട്‌സ്ആപ്പും നിയന്ത്രിക്കുന്നത് ബി.ജെ.പിയും ആര്‍.എസ്.എസുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും ആര്‍.എസ്.എസും ബി.ജെ.പിയും വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയും അത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുകയാണെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

അവസാനം അമേരിക്കന്‍ മാധ്യമം തന്നെ ഫേസ്ബുക്കിനെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

അപകടകരമായ വിദ്വേഷ വാക്കുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബി.ജെ.പിയുടെ മൂന്ന് നേതാക്കളും ഇപ്പോഴും ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളില്‍ ജീവമാണെന്ന കാര്യം വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Enforce policies regardless of political position, Facebook  denies ties with BJP

Latest Stories

We use cookies to give you the best possible experience. Learn more