തിരുവനന്തപുരം: കേരള കാര്‍ഷിക മേഖലയിലെ സമഗ്രമായ ഊര്‍ജ്ജ പരിവര്‍ത്തനം ലക്ഷ്യംവെച്ചുകൊണ്ടുള്ള ദ്വിദിന ശില്‍പ്പശാല ഡിസംബര്‍ 28, 29 തീയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം ശ്രീകാര്യത്തുള്ള എനര്‍ജി മാനേജ്മെന്റ് സെന്ററില്‍ വെച്ചാണ് ശില്‍പ്പശാല.
സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തില്‍ അസര്‍ സോഷ്യല്‍ ഇംപാക്ട് അഡൈ്വസേഴ്‌സും എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളെ വലിയ അളവില്‍ കാര്‍ഷിക മേഖലയില്‍ ഉപയോഗപ്പെടുത്തി ഊര്‍ജ്ജ സ്വയംപര്യാപ്തത ഉറപ്പാക്കുകയും കാലാവസ്ഥാ മാറ്റത്തിന്റെ കെടുതികളെ പ്രതിരോധിക്കുകയുമാണ് ശില്‍പ്പശാലയുടെ ലക്ഷ്യം.
സര്‍ക്കാരിനെയും ജനത്തെയും വ്യവസായ മേഖലയെയും വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവന്ന് കര്‍ഷകര്‍ക്ക് അനുയോജ്യമായ മാറ്റത്തിലേക്ക് കാര്‍ഷിക മേഖലയെ എത്തിക്കാനും ശില്‍പ്പശാല ലക്ഷ്യമിടുന്നുണ്ട്.
ഡിസംബര്‍ 28ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഫുഡ് പോളിസി അനലിസ്റ്റും ഗവേഷകനും എഴുത്തുകാരനുമായ ദേവീന്ദര്‍ ശര്‍മ മുഖ്യപ്രഭാഷണം നടത്തും.
ശില്‍പ്പശാലയുടെ ആദ്യ സെഷനില്‍ തമിഴ്‌നാട് ആസൂത്രണ കമ്മീഷന്‍ അംഗം പ്രൊഫ.സുല്‍ത്താന്‍ ഇസ്മായില്‍, സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അഡീഷണല്‍ ജനറല്‍ മാനേജര്‍ ഭാരത് കുമാര്‍ റെഡ്ഡി, സുസ്ഥിര കാര്‍ഷിക സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ജി.വി. രാമാഞ്ജനേയലു, ഇക്വിനോക്ട് സി.ഇ.ഒ ഡോ. ജി.വി. മധുസൂദന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.
ഡിസംബര്‍ 28 ന് നടക്കുന്ന സാങ്കേതിക സെഷനില്‍ കാര്‍ഷിക രംഗത്തെ ഊര്‍ജ്ജ ഉപഭോഗം എന്ന വിഷയം ചര്‍ച്ച ചെയ്യും.
ഡിസംബര്‍ 29 ന് രാവിലെ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ വിവിധ സ്ഥാപനങ്ങളുടെ നേതൃനിരയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. ഉച്ചക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുമായി കേരളത്തിലെ കാര്‍ഷിക രംഗത്തെ ഊര്‍ജ്ജ പരിവര്‍ത്തനം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. വൈകീട്ട് മൂന്നരയോടെ പരിപാടികള്‍ അവസാനിക്കും.