തിരുവനന്തപുരം: ഊര്‍ജ സംരക്ഷണത്തിലെ കേരള മാതൃകയ്ക്ക് ദേശീയതലത്തില്‍ അംഗീകാരം. ഊര്‍ജ സംരക്ഷണത്തില്‍ ദേശീയ തലത്തില്‍ രണ്ടാം സ്ഥാനമാണ് കേരളം നേടിയത്. ഇത് അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
2024ലെ നാഷണല്‍ എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡിലെ സംസ്ഥാന ഊര്‍ജ കാര്യക്ഷമത പെര്‍ഫോമന്‍സ് പുരസ്‌കാരമാണ് കേരളം കരസ്ഥമാക്കിയത്. ഊര്‍ജ മേഖലയില്‍ കൂടുതല്‍ മികവോടെ മുന്നോട്ടുപോകാന്‍ ഈ അംഗീകാരം പ്രചോദനം പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഊര്‍ജ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാര്‍ഷിക രംഗം, വൈദ്യുത വിതരണരംഗം, ഗതാഗതം, വ്യവസായികരംഗം, വന്‍കിട കെട്ടിടങ്ങള്‍, ഗാര്‍ഹിക മേഖല എന്നീ വിഭാഗങ്ങളില്‍ ഊര്‍ജ കാര്യക്ഷമത ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും, ഈ മേഖലയിലെ ഊര്‍ജ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ ധന സഹായത്തോടെ നടത്തിവരുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് കേരളത്തിന് പുരസ്‌കാരം ലഭിച്ചത്.
അടുത്തിടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. യൂണിറ്റിന് 16 പൈസ കൂട്ടിക്കൊണ്ടുള്ള വൈദ്യുത നിരക്കിനുള്ള തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഡിസംബര്‍ അഞ്ച് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.
2016ല്‍ അധികാരമേറ്റതിന് ശേഷം അഞ്ചാം തവണയാണ് ഇടതു സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2017, 2019, 2022, 2023 എന്നീ വർഷങ്ങളിലും താരിഫ് പരിഷ്‌കരണം നടത്തിയിരുന്നു. 2017-ല്‍ 4.77%, 2019-ല്‍ 7.32%, 2022-ല്‍ 6.59%, 2023-ല്‍ 3% എന്നിങ്ങനെയായിരുന്നു വര്‍ധന.
2024 ജൂണില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ വൈദ്യുതിയായിരുന്നു സര്‍ക്കാര്‍ നല്‍കിപ്പോന്നിരുന്നത്.
51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101 യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 15 പൈസ കൂട്ടിയിരുന്നു.
Content Highlight: energy conservation; 2nd place nationally for Kerala model