രാഷ്ട്രത്തലവനെ നശിപ്പിച്ച് ഉക്രൈനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു; രാജ്യം വിടില്ലെന്ന് സെലന്‍സ്‌കി
World
രാഷ്ട്രത്തലവനെ നശിപ്പിച്ച് ഉക്രൈനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു; രാജ്യം വിടില്ലെന്ന് സെലന്‍സ്‌കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th February 2022, 1:20 pm

കീവ്: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒരു യൂറോപ്യന്‍ രാഷ്ട്രത്തിനെതിരായി നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഉക്രൈനിലേതെന്നും ആക്രമണം അവസാനിക്കുന്നത് വരെ പ്രതിരോധം തുടരുമെന്നും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി. എന്ത് സംഭവിച്ചാലും രാജ്യം വിടില്ലെന്നും സെലന്‍സ്‌കി പറഞ്ഞു.

കീവ് പിടിച്ചെടുക്കാനും സര്‍ക്കാരിനെ താഴെയിറക്കാനുമാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ശത്രുക്കളുടെ ആദ്യത്തെ ലക്ഷ്യം ഞാനാണ്. രണ്ടാമത്തെ ലക്ഷ്യം എന്റെ കുടുംബമാണ്. രാഷ്ട്രത്തലവനെ നശിപ്പിച്ച് ഉക്രൈനെ രാഷ്ട്രീയമായി നശിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഞാന്‍ തലസ്ഥാനത്ത് തന്നെ തുടരും. എന്റെ കുടുംബവും രാജ്യത്തുണ്ടാകും, വീഡിയോ സന്ദേശത്തില്‍ സെലെന്‍സ്‌കി പറഞ്ഞു.

അതേസമയം റഷ്യ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ വേഗം ആരംഭിച്ചാല്‍ നാശനഷ്ടം കുറയും. ആക്രമണം അവസാനിക്കുന്നത് വരെ പ്രതിരോധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഉക്രൈന്‍ ഒറ്റയ്ക്ക് നേരിടുന്ന യുദ്ധമാണെന്ന് മനസിലായി. ഉക്രൈന്‍ നേരിടുന്ന ഈ യുദ്ധത്തില്‍ വന്‍ ശക്തികള്‍ കാഴ്ച്ചക്കാരായെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് റഷ്യയെ ഭയമാണെന്ന് ബോധ്യമായെന്നും സെലന്‍സ്‌കി പറഞ്ഞു.

അതേസമയം ഉക്രൈനില്‍ ‘വംശഹത്യ’ക്ക് വിധേയരായ റഷ്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള ആളുകളെ സംരക്ഷിക്കാന്‍ റഷ്യ ഒരു ‘പ്രത്യേക സൈനിക ഓപ്പറേഷന്‍’ നടത്തുകയാണെന്നാണ് പുടിന്‍ പറയുന്നത്. മറിച്ചുള്ളതെല്ലാം പാശ്ചാത്ത്യരാജ്യങ്ങളുടെ അടിസ്ഥാനരഹിതമായ പ്രചരണമാണെന്നും പുടിന്‍ പറയുന്നു.

അതേസമയം യു.കെ, ബ്രിട്ടന്‍, ജപ്പാന്‍, കാനഡ, ഓസ്ട്രേലിയ, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ വ്യാഴാഴ്ച റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാഷിംഗ്ടണും മറ്റ് നാറ്റോ അംഗങ്ങളും ഉക്രൈനുവേണ്ടി ചില സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഉക്രൈന്‍ സേനയ്‌ക്കൊപ്പം പോരാടാന്‍ സൈനികരെ അയക്കില്ലെന്ന നിലപാടിലാണ് രാജ്യങ്ങള്‍.

ഇതുവരെയുള്ള ആക്രമങ്ങള്‍ ഉക്രൈന്റെ 137 സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായും നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതായും സെലെന്‍സ്‌കി വെള്ളിയാഴ്ച പറഞ്ഞിരുന്നു.

അതേസമയം യുക്രൈനില്‍ റഷ്യയുടെ അധിനിവേശമാണ് നടന്നതെന്നും കടന്നുകയറ്റം അവസാനിപ്പിച്ച് റഷ്യ പിന്‍വാങ്ങണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടുണ്ട്. യു.എന്‍ കരട് പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത് യുക്രൈന് സഹായത്തിന് വഴിയൊരുക്കണമെന്നും പ്രമേയത്തിലുണ്ട്. കരട് പ്രമേയം ചര്‍ച്ചയ്ക്ക് ഇന്ത്യക്ക് കൈമാറി.

അതേസമയം കീവില്‍ സഫോടന പരമ്പര തുടരുകയാണ്. സപ്പോരിജിയയിലും ഒഡേസയിലും റഷ്യ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. റഷ്യന്‍ ടാങ്കറുകള്‍ കീവിലേക്ക് നീങ്ങുകയാണ്. 28 ലക്ഷം ആളുകളുള്ള കീവില്‍ മിസൈല്‍ ആക്രമണമാണ് തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Enemys (Russia) No. 1 Target, Family Is No. 2″: Ukraine President