ഗസയിലെ ഇസ്രഈൽ അക്രമണങ്ങൾക്കിടയിൽ ലോകത്തിന്റെ ശ്രദ്ധ തന്നെ ചെങ്കടലിലേക്ക് കേന്ദ്രീകരിക്കുന്നതായിരുന്നു ഇസ്രഈലി കപ്പലുകൾക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിലേക്ക് ലോക രാജ്യങ്ങൾ കൂടി വലിച്ചിഴയ്ക്കപ്പെടുമെന്ന് പാശ്ചാത്യ ലോകം ഭയന്നു. ചെങ്കടലിൽ ഇസ്രഈലി കപ്പലുകൾക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണങ്ങൾക്ക് മറുപടിയായി ജനുവരി 12ന് യു.എസും യു.കെയും യെമനിലെ ഹൂത്തികളുടെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. എന്നാൽ അമേരിക്കയെയും കൂട്ടരെയും വെറുതെ വിടില്ലെന്നും തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഹൂത്തികൾ. ഔദ്യോഗികമായി അൻസാറുള്ള എന്നറിയപ്പെടുന്ന ഹൂത്തികൾ ആരാണ്? യെമനിലെ രാഷ്ട്രീയ സാഹചര്യം എന്താണ്?
1990ൽ ദക്ഷിണ യെമനും ഉത്തര യെമനും ഒന്നിപ്പിച്ചതോടെയാണ് യെമനിൽ സംഘർഷം ഉടലെടുക്കുന്നത്. നിലവിലെ സംഘർഷങ്ങൾക്ക് ആരംഭമാകുന്നത് 2004ൽ ഷിയാക്കളും സുന്നികളും തമ്മിലുള്ള തർക്കത്തിലാണ്.
യെമന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിലുള്ള സാധാ എന്ന നഗരത്തിലെ സുന്നി അധികാരികൾക്കെതിരെ മതപരമായി തങ്ങളെ അടിച്ചമർത്തുന്നുവെന്നും അഴിമതിക്കാരനെന്നും ആരോപിച്ച് ഷിയാക്കൾ രംഗത്ത് വന്നു. മതന്യൂനപക്ഷമായിരുന്ന ഷിയാക്കൾ തങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് ഒരു സായുധ കലാപം പൊട്ടിപ്പുറപ്പെട്ടു.
ഹുസൈൻ ബദ്റുദ്ധീൻ അൽ ഹൂത്തി എന്ന ഷിയ നേതാവിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിച്ചത്. ഇദ്ദേഹം 2004ൽ കൊല്ലപ്പെട്ടു. പിന്നീട് ഈ പ്രസ്ഥാനത്തിലെ പോരാളികൾ ഹൂത്തികൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. എന്നാൽ ഔദ്യോഗികമായി സംഘം അറിയപ്പെടുന്നത് ദൈവത്തെ പിന്തുണക്കുന്നവർ എന്ന അർത്ഥം വരുന്ന അൻസാറുള്ള എന്ന പേരിലാണ്.
ഹുസൈന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരൻ അബ്ദുൽ മാലിക് അൽ ഹൂത്തി സ്ഥാനമേറ്റെടുക്കുകയും പോരാട്ടം തുടരുകയും ചെയ്തു. യമനി അധികാരികൾ ഹൂത്തികളെ ഇറാന്റെ ചാരന്മാർ എന്ന് മുദ്രകുത്തി.
ഇതിനു മറുപടിയായി യമന്റെ ഭരണകൂടം ചതിയന്മാരുടെതാണെന്നും സൗദി അറേബ്യയിലെ വഹാബികളുടെ താത്പര്യങ്ങൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത് എന്നും ഹൂത്തികൾ ആരോപിച്ചു.
എന്നാൽ 2010ൽ ഇരു കൂട്ടരും ധാരണയിൽ എത്തുകയും ദീർഘനാളായി കാത്തിരുന്ന സമാധാന കരാർ സ്ഥാപിക്കപ്പെടുകയും ചെയ്തു. എന്നാൽ ഇത് അധികകാലം നീണ്ടുന്നില്ല.
2010ലും 2011ലും അറബ് ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ മുല്ലപ്പൂ വിപ്ലവം യെമനിലേക്ക് പടർന്നു. 33 വർഷമായി രാജ്യം ഭരിക്കുന്ന പ്രസിഡന്റ് അലി അബ്ദുള്ള സാലിഹിന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങി. കുറേക്കാലം പിടിച്ചു നിൽക്കുകയും ഒരു കൊലപാതകശ്രമം അതിജീവിക്കുകയും ചെയ്ത സാലിഹ് 2011 നവംബറിൽ സൗദിയിൽ വെച്ച് രാജിവച്ചു.
2012 ഫെബ്രുവരിയിൽ സൗദി അനുകൂലിയായ അബ്‌ദ്രബ്ബൂഹ് മൻസൂർ ഹാദി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ സൗദി അറേബ്യ യെമന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നു എന്ന് ഹൂത്തികൾ ആരോപിച്ചു.
സാലിഹ് രാജിവെച്ചതുകൊണ്ടോ പുതിയ പ്രസിഡന്റ് വന്നത് കൊണ്ടോ പ്രശ്നങ്ങൾ അവസാനിച്ചില്ല. അഴിമതിയും തൊഴിലില്ലായ്മയും ദാരിദ്ര്യവും കൂടുതൽ രൂക്ഷമായി. തീവ്രവാദ പ്രവർത്തനങ്ങളും രാജ്യത്ത് ശക്തമായി.
ആയുധമെടുത്ത ഹൂത്തികൾ അധികാരികൾക്കെതിരെ മാത്രമല്ല, അൽ ഖ്വെയ്ദ, അൽ ഇസ്‌ലാ പാർട്ടി തുടങ്ങിയ സംഘടനകൾക്കെതിരെയും പൊരുതി. പ്രസിഡന്റ് ആയിരുന്ന മൻസൂർ ഹാദി ഹൂത്തികളുമായി ചർച്ചക്ക് തയ്യാറായില്ല. അദ്ദേഹം തീ ആളിക്കത്തിക്കുകയാണ് ചെയ്തത്.
2013ൽ ഹൂത്തികൾ വടക്കൻ പ്രവിശ്യകളായ അംറാനും സാദയും പിടിച്ചെടുത്തു. തലസ്ഥാനമായ സനായും ഏദനും അവർ പിടിച്ചെടുത്തതോടെ യെമനി പ്രസിഡന്റ് സൗദിയിലേക്ക് കടന്നു.
എന്നാൽ പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് സാലിഹ് ഹൂത്തികൾക്കൊപ്പം ചേർന്നു. അവരുടെ സഖ്യം തകർക്കാൻ ശത്രുക്കൾ നിരവധി തവണ ശ്രമിച്ചിട്ടും ആ സമയത്ത് ഹൂത്തികളും സാലിഹും തമ്മിലുള്ള സഹകരണം ശക്തമായി തുടർന്നു.
2015ൽ ഹൂത്തികൾക്കെതിരെ അന്താരാഷ്ട്ര സൈനിക ഓപ്പറേഷൻ നടത്തുകയാണെന്ന് സൗദി പ്രഖ്യാപിച്ചു. അൻസാറുള്ളയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു.
ശിയാ വിരുദ്ധ ഏകീകരണത്തിന്റെ ഭാഗമായി ഖത്തർ, യു.എ.ഇ, ജോർദാൻ, ബഹ്റൈൻ, കുവൈത്ത്, ദക്ഷിണ സുഡാൻ, ഈജിപ്‌ത്, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ഉൾകൊള്ളുന്ന സുന്നി – മുസ്‌ലിം സഖ്യം രൂപപ്പെട്ടു.
യെമൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡെവലപ്പ്മെന്റിന്റെ കണക്കുകൾ പ്രകാരം മൂന്ന് വർഷത്തിനിടയിൽ 10,000ത്തിലധികം യെമനികൾ കൊല്ലപ്പെട്ടു. ഇതിൽ 2,000 സ്ത്രീകളും 2,500 കുട്ടികളും ഉൾപ്പെടുന്നു.
2017 നവംബറിൽ സൗദി അറേബ്യയും കൂട്ടാളികളും യെമന്റെ കര, നാവിക, വ്യോമപാതകൾ അടച്ചുപൂട്ടി. അങ്ങനെ പൂർണമായും ഉപരോധിക്കപ്പെട്ട രാജ്യം വലിയ മാനുഷിക ദുരന്തത്തിലേക്ക് നീങ്ങി. യുദ്ധമുഖത്ത് മരണപ്പെട്ടവർക്ക് പുറമേ ആയിരക്കണക്കിന് ആളുകൾ വിശപ്പും കോളറയും ബാധിച്ച് മരണപ്പെട്ടു.
യെമനിലെ മാനസിക ദുരന്തത്തിന്റെ ഉത്തരവാദിത്തം സൗദിക്കാണെന്ന് യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം പ്രതിനിധികൾ കുറ്റപ്പെടുത്തി.
‘ഒന്നുകിൽ യുദ്ധം അവസാനിപ്പിക്കുക, അല്ലെങ്കിൽ ദുരിതത്തിലേക്ക് ഫണ്ട് ലഭ്യമാക്കുക. മൂന്നാമത്തെ ഓപ്ഷൻ ഇത് രണ്ടും ചെയ്യുക എന്നതാണ്,’ വേൾഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന ഡേവിഡ് ബീസ്‌ലി സൗദിയോട് പറഞ്ഞു.
പിന്നീട് യെമനിലെ പ്രധാന തുറമുഖങ്ങളും മാരിബിലേക്കുള്ള എയർ ബ്രിഡ്ജും തുറന്നുകൊടുത്തു. എന്നാൽ പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടില്ല. ഇന്നും രാജ്യത്തെ 70 ശതമാനത്തിലധികം ജനങ്ങൾ മാനുഷിക സഹായം ആവശ്യമുള്ളവരാണ്.
ഇതിനിടയിൽ വിദേശ ശക്തികൾക്കെതിരെ ഒരുമിച്ച് നിന്ന് പൊരുതിയ ഹൂത്തികളും സാലിഹും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതിൽ അത്ഭുതമുണ്ടായിരുന്നില്ല. കാരണം അധികാരം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം മാത്രം മുന്നിലുള്ള സാലിഹ് അതിനായി ഹൂത്തികളെ ഉപയോഗപ്പെടുത്തുകയായിരുന്നു.
2017 നവംബറിൽ സാലിഹിനെയും കുടുംബത്തെയും അൻസാറുള്ള അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തി. പിന്നീട് ഇരുവരും തമ്മിൽ ധാരണയിലെത്തിയെങ്കിലും ഇരുകൂട്ടർക്കുമിടയിൽ സായുധ സംഘർഷം ഉടലെടുത്തു. ഹൂത്തികൾ ആഭ്യന്തര യുദ്ധം തുടങ്ങുകയാണെന്ന് സാലിഹ് ആരോപിച്ചു ഉപരോധങ്ങൾ എടുത്തുമാറ്റാനും ചർച്ചക്ക് തുടക്കമിടാനും അദ്ദേഹം സൗദിയോട് ആവശ്യപ്പെട്ടു.
ഇരുവിഭാഗങ്ങളിലെയും നൂറുകണക്കിന് ആളുകൾ മരണപ്പെട്ടു. സാലിഹും പിന്നീട് കൊല്ലപ്പെട്ടു.
ഫലസ്തീനിലെ തങ്ങളുടെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ചെങ്കടലിലൂടെ ഇസ്രഈലി തുറമുഖത്തേക്ക് യാത്ര ചെയ്യുന്ന കപ്പലുകളെ തങ്ങൾ ആക്രമിക്കുമെന്ന് ഹൂത്തികൾ മുന്നറിയിപ്പ് നൽകിയത്.
ഒക്ടോബറിൽ ഇസ്രഈലി ഉടമസ്ഥതയിലുള്ള ഗാലക്സി ലീഡർ എന്ന കപ്പൽ ഹൂത്തികൾ പിടിച്ചെടുത്തു. കപ്പൽ ജപ്പാൻ ഉടമസ്ഥതയിലുള്ളതാണെന്നും ഇസ്രഈലുമായി യാതൊരു ബന്ധമില്ലെന്നും യു.എസ് ഉൾപ്പെടെ അറിയിച്ചെങ്കിലും ഇസ്രഈലി സമ്പന്നനും മൊസാദുമായി അടുത്ത ബന്ധവുമുള്ള റാമി ഉൻഗറിന്റെ കപ്പലാണ് ഹൂത്തികൾ പിടിച്ചെടുത്തതെന്ന് വെളിപ്പെട്ടു.
തങ്ങൾ ഇസ്രഈലി കപ്പലുകളെയും ഇസ്രഈലി തുറമുഖത്തേക്ക് പോകുന്ന കപ്പലുകളെയും മാത്രമേ ആക്രമിക്കൂ എന്ന് പിന്നീട് പല പ്രാവശ്യം ഹൂത്തികൾ ആവർത്തിച്ചിരുന്നു.
നിരവധി കപ്പലുകൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായി. ആഗോള തലത്തിലെ പ്രധാന ഷിപ്പിങ് കമ്പനികളായ മേഴ്സ്കും ഹപാഗ് ലോയിഡും ചെങ്കടൽ വഴിയുള്ള ചരക്ക് ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. ആഗോളതലത്തിൽ നാലിലൊന്ന് കപ്പലുകളും പ്രവർത്തിപ്പിക്കുന്ന ചരക്ക് ഭീമന്മാർ ആയിരുന്നു ഡാനിഷ് കമ്പനിയായ മേഴ്സ്ക്.
അന്താരാഷ്ട്ര വ്യാപാരത്തിൽ കടൽ മാർഗം എണ്ണ കടത്തുന്ന സുപ്രധാന പാതയാണ് ചെങ്കടലിലെ ബാബ് അൽ മന്ദബ് കടലിടുക്ക്. ഇതിനാൽ കാർഗോ ആഫ്രിക്ക വഴിതിരിച്ചുവിടുന്നത് എണ്ണവില കുതിച്ചുയരാനും കാരണമായി.
പിന്നാലെ യു.എസിന്റെ നേതൃത്വത്തിൽ കപ്പലുകളെ സംരക്ഷിക്കാനും ഹൂത്തികളുടെ ആക്രമണങ്ങൾ ചെറുക്കാനും ബഹുരാഷ്ട്ര സേന രൂപീകരിച്ചിരുന്നു. എന്നാൽ ഇതിന് പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ല.
ഇതിനെ തുടർന്ന് അമേരിക്കൻ സേനയിലുള്ള ഏത് രാജ്യത്തെയും ആക്രമിക്കുമെന്ന് ഹൂത്തി തലവൻ മുഹമ്മദ് അൽ ഹൂത്തി അറിയിച്ചു.
ബഹുരാഷ്ട്ര സേനയിൽ നിന്ന് സ്പെയിൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്മാറിയതും തിരിച്ചടിയായി.
ഹൂത്തികളുടെ ആക്രമണത്തിൽ ഇസ്രഈൽ തുറമുഖത്തിലെ 85 ശതമാനം പ്രവർത്തനവും നിലച്ചു എന്നും മൂന്ന് ബില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടായെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
ഹൂത്തികൾക്ക് പിന്നിൽ ഇറാൻ ആണെന്ന ആരോപണവുമായി യു.എസ് രംഗത്ത് വന്നു. എന്നാൽ ഇറാനും ഹൂത്തികളും ഇത് നിഷേധിച്ചു.
ജനുവരി 12ന് യെമനിലെ അൻസാറുള്ളയുടെ കേന്ദ്രങ്ങളിൽ യു.എസും യു.കെയും ചേർന്ന് 73 മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. എന്നാൽ ഹൂത്തികളുടെ ഭൂരിഭാഗം സൈറ്റുകളിലും യു.എസ് ആക്രമണം നടത്തിയെങ്കിലും അവരുടെ ആസ്തിയുടെ 25 ശത്മാനം മാത്രമാണ് നശിപ്പിക്കപ്പെട്ടതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഹൂത്തികളുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തുന്ന പ്രയാസമുള്ള കാര്യമാണെന്നും ന്യൂയോർ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ യു.എസ് കപ്പലുകൾ ഇനി ചെങ്കടലിൽ സുരക്ഷിതമായിരിക്കില്ലെന്നും വെറുതെ വിടില്ല എന്നും ഹൂത്തികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
ജിബ്രാൾട്ടർ ഈഗിൾ എന്ന യു.എസ് കപ്പലിന് നേരെ മിസൈൽ ആക്രമണവുമുണ്ടായി. ചെങ്കടലിലെ സംഘർഷം പ്രാധാന്യമർഹിക്കുന്നു എന്നും ചെങ്കടലിലെ സംഘർഷത്തിൽ പ്രശ്നപരിഹാരം അസാധ്യമാണെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും ആശങ്ക അറിയിച്ചു.
ഹൂത്തികളെ യു.എസ് ഇപ്പോൾ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചെങ്കടലിലെയും ഏദൻ കടലിടുക്കിലെയും ആക്രമണങ്ങൾ ഹൂത്തികൾ അവസാനിപ്പിക്കുകയാണെങ്കിൽ പ്രഖ്യാപനം പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
ട്രംപ് യു.എസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് 2021 ജനുവരിയിലും ഹൂത്തികളെ തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അവരുമായുള്ള ചർച്ചകൾ നിയമവിരുദ്ധമാകുമോ, മാനുഷിക സഹായങ്ങൾ യെമനിൽ എങ്ങനെ എത്തിക്കും തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നു. തുടന്ന്, ഒരു മാസത്തിന് ശേഷം അധികാരത്തിൽ വന്ന ബൈഡൻ ഭരണകൂടം തീവ്രവാദ സംഘടനകളുടെ പട്ടികയിൽ നിന്ന് ഹൂത്തികളെ നീക്കം ചെയ്യുകയായിരുന്നു.
ലോകത്തിന്റെ കേന്ദ്രമായി ചെങ്കടൽ മാറുമ്പോൾ ഹൂത്തികളുടെ നീക്കം ലക്ഷ്യം കാണുമോ എന്ന് ലോകം ഉറ്റുനോക്കുന്നു. യു.എസ് നേതൃത്വത്തിലുള്ള പാശ്ചാത്യ ലോകം ചെങ്കടൽ വിഷയത്തിൽ മുട്ടുമടക്കുമോ എന്നും.
Content Highlight: Enemy to Soudi before, Now a threat for US and Israel; Who are Houthis?