| Friday, 22nd December 2023, 4:46 pm

റൊണാള്‍ഡോക്ക് ഒരു അത്‌ലറ്റിനേക്കാള്‍ പവറുണ്ട്; ബ്രസീലിയന്‍ യുവതാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളിലെ തന്റെ പ്രചോദനം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രസീലിയന്‍ യുവതാരം എന്‍ഡ്രിക്.

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് തന്റെ ആരാധനാപാത്രമെന്നും എന്തുകൊണ്ടാണ് താന്‍ റൊണാള്‍ഡോയെ  ഇഷ്ടപ്പെടുന്നതെന്നുമാണ് ബ്രസീലിയന്‍ യുവതാരം പങ്കുവെച്ചത്.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഫുട്‌ബോളിലെ എന്റെ ഏറ്റവും വലിയ ആരാധനാപാത്രം. ഫുട്‌ബോളില്‍ കഠിനാധ്വാനത്തിലൂടെ എല്ലാം സമര്‍പ്പിച്ചുകൊണ്ട് പല റെക്കോര്‍ഡുകളും തകര്‍ത്ത ഒരു ഇതിഹാസതാരമാണ് അദ്ദേഹം.

റൊണാള്‍ഡോ ഒരു അത്‌ലറ്റിനേക്കാള്‍ വലിയ പ്രതിഭയാണ്. കാരണം എല്ലാ സമയങ്ങളിലും അദ്ദേഹം മികച്ചവനായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഇദ്ദേഹം പുതിയ കിരീടങ്ങള്‍ നേടാനും വലിയ നാഴികക്കല്ലുകള്‍ പിന്നിടാനും ആഗ്രഹിക്കുന്നു. ഫുട്‌ബോൾ കരിയറില്‍ ഏറ്റവും കൂടുതല്‍ മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്ന ഏതൊരു കളിക്കാരനും റൊണാള്‍ഡോ വലിയൊരു പ്രചോദനമാണ്,’ എന്‍ഡ്രിക് ഗോളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പോര്‍ച്ചുഗീസ് ഇതിഹാസം റൊണാള്‍ഡോ ഇതിനോടകം തന്നെ ഫുട്‌ബോളില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവില്‍ സൗദി വമ്പന്‍മാരായ അല്‍ നസറിനൊപ്പം പ്രായത്തെ വെല്ലുന്ന പോരാട്ട വീര്യമാണ് റോണോ കാഴ്ചവെക്കുന്നത്. ഇതിനോടകം തന്നെ ഈ സീസണില്‍ 19 ഗോളുകളും പത്ത് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ബ്രസീലിയന്‍ യുവതാരത്തെ 52 മില്യണ്‍ തുകക്ക് സൈന്‍ ചെയ്തിരുന്നു. എന്നാല്‍ ഫിഫ നിയമങ്ങള്‍ അനുസരിച്ച് 18 വയസ്സിന് താഴെയുള്ള താരങ്ങളെ ട്രാന്‍സ്ഫര്‍ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഇപ്പോള്‍ 17 വയസ്സുള്ള എന്‍ഡ്രിക്കിന് 2024 ജൂലൈയില്‍ 18 വയസ്സ് ആവുമ്പോള്‍ റയല്‍ മാഡ്രിഡ് ഔദ്യോഗികമായി താരത്തെ ടീമില്‍ എത്തിക്കും.

ഈ സീസണില്‍ ബ്രസീലിയന്‍ ക്ലബ്ബായ പാല്‍മിറാസിനായി 31 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ എന്‍ഡ്രിക്ക് 14 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. രണ്ട് തവണ ലീഗ് കിരീടവും ഒരു സൂപ്പര്‍ കോപ്പ ഡോ ബ്രസീലും പാല്‍മിറാസ് നേടിയിട്ടുണ്ട്. അടുത്തിടെ ബ്രസീലിയന്‍ ദേശീയ ഫുട്ബോള്‍ ടീമിന് വേണ്ടിയും താരം അരങ്ങേറ്റം കുറിച്ചിരുന്നു.

Content Highlight: Endrick talks about Cristiano Ronaldo.

We use cookies to give you the best possible experience. Learn more