| Thursday, 7th December 2023, 4:15 pm

നെയ്മറും വീണു, ഇനി മുന്നിലുള്ളത് ബ്രസീലിയന്‍ ഇതിഹാസം; ചരിത്രനേട്ടവുമായി ബ്രസീല്‍ യുവതാരം

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീലിയന്‍ സിരിയ എ യില്‍ ചരിത്രം കുറിച്ച് ബ്രസീലിയന്‍ യുവതാരം എന്‍ഡ്രിക് ഫിലിപ്പെ. ബ്രസീലിയന്‍ ലീഗില്‍ ക്രുസെയ്‌റൊ- പാല്‍മെയ്‌റാസ് മത്സരം 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു. സമനിലയോടെ ബ്രസീലിയന്‍ ലീഗിലെ ചാമ്പ്യന്‍മാര്‍ ആവാനും പാല്‍മെയ്‌റാസിന് സാധിച്ചു.

പാല്‍മെയ്‌റാസിനായി എന്‍ഡ്രിക് ഒരു ഗോള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ഗോളിന് പിന്നാലെ പുതിയ ഒരു ചരിത്രനേട്ടമാണ് എന്‍ഡ്രിക്കിനെ തേടിയെത്തിയത്.

ബ്രസീലിയന്‍ ലീഗില്‍ അവസാന എട്ട് മത്സരങ്ങളില്‍ നിന്നും ആറ് ഗോളുകളാണ് നേടിയത്. ബ്രസീലിയന്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന 17 വയസുള്ള രണ്ടാമത്തെ താരമെന്ന നേട്ടമാണ് എന്‍ഡ്രിക് സ്വന്തമാക്കിയത്.

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ മറികടന്നുകൊണ്ടാണ് ഈ 17കാരന്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്. ബ്രസീലിയന്‍ താരമായ റൊണാള്‍ഡോ ആണ് ഒന്നാം സ്ഥാനത്തുള്ളത്.

ബ്രസീലിയന്‍ ഫുട്‌ബോളിലെ പുത്തന്‍ താരോദയമാവാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്പ്പിക്കുന്ന ഒരു താരം കൂടിയാണ് എന്‍ഡ്രിക്. അടുത്ത വര്‍ഷം ജൂലൈയില്‍ എന്‍ഡ്രികിനെ ടീമിലെത്താന്‍ റയല്‍ മാഡ്രിഡ് ഇതിനോടകം തന്നെ സജ്ജമാണ്.

മിനെറൊ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 21ാം മിനിട്ടില്‍ എന്‍ഡ്രിക്കിലൂടെയാണ് പാല്‍മെയ്‌റാസ് ആദ്യ ലീഡ് നേടിയത്. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ പാല്‍മെയ്‌റാസ് 1-0ത്തിന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ എതിരാളികള്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ഒടുവില്‍ 80ാം മിനിട്ടില്‍ നിക്കാവോയിലൂടെ ക്രുസെറിയോ മറുപടി ഗോള്‍ നേടി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

സമനിലയായെങ്കിലും 38 മത്സരങ്ങളില്‍ നിന്നും 70 പോയിന്റുമായി ലീഗ് കിരീടം സ്വന്തമാക്കാന്‍ എന്‍ഡ്രിക്കിനും കൂട്ടര്‍ക്കും സാധിച്ചു.

Content Highlight: Endrick Surpasses Neymar record in Brazilian league.

We use cookies to give you the best possible experience. Learn more