റയല്‍ മാഡ്രിഡില്‍ പുതുതായി എത്തിയ താരമാണ് ബ്രസീലിയന്‍ വണ്ടര്‍ കിഡ് എന്നറിയപ്പെടുന്ന എന്‍ റിക് ഫിലിപ്പ്. താന്‍ റയല്‍ തെരഞ്ഞെടുക്കാനുള്ള കാരണം പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫിലിപ്പ് ഇക്കാര്യം പറഞ്ഞത്.
ക്രിസ്റ്റ്യാനോയാണ് തന്റെ ഐഡോള്‍ എന്നും അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടാണ് റയല്‍ മാഡ്രിഡ് തെരഞ്ഞെടുത്തതെന്നുമാണ് ഫിലിപ്പ് പറഞ്ഞത്. ക്രിസ്റ്റ്യാനോക്ക് പുറമെ വിനീഷ്യസ് ജൂനിയറും തന്റെ ഇഷ്ട താരമാണെന്നും ഫിലിപ്പ പറഞ്ഞു
‘എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഞാനൊന്നും നേടിയിട്ടില്ല. 2024ലെ സീസണുകളില്‍ എനിക്ക് മികച്ച മുന്നേറ്റം നടത്താനാകുമെന്ന് പ്രതീക്ഷയുണ്ട്.
റയല്‍ മാഡ്രിഡ് ഒരു വലിയ ക്ലബ്ബാണ്. വിനി (വിനീഷ്യസ്) എനിക്ക് മെസേജ് അയക്കുകയും പ്രതീക്ഷ നല്‍കുകയും ചെയ്തിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് എന്റെ ഹീറോ. അദ്ദേഹം റയല്‍ മാഡ്രിഡിന് വേണ്ടി ദീര്‍ഘകാലം കളിച്ചിട്ടുണ്ട്,’ ഫിലിപ്പ് പറഞ്ഞു.
റയലില്‍ സൈന്‍ ചെയ്തെങ്കിലും 18 വയസ് തികയാത്ത താരം 2024 മാത്രമാണ് ക്ലബ്ബില്‍ ജോയിന്‍ ചെയ്യുക. ബ്രസീലിന് വലിയ പ്രതീക്ഷയുള്ള താരം കൂടിയാണ് എന്റിക്.
അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി പിരിഞ്ഞ് ഫ്രീ ഏജന്റായ ക്രിസ്റ്റ്യാനോ കഴിഞ്ഞ ജനുവരിയിലാണ് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. പ്രതിവര്‍ഷം 200 മില്യണ്‍ യൂറോ ലഭിക്കുന്ന ഓഫറില്‍ രണ്ട് വര്‍ഷത്തേക്കാണ് റോണോ അല്‍ നസറുമായുള്ള കരാറില്‍ ഒപ്പുവെച്ചത്.
ഇതിന് പുറമെ സൗദി അറേബ്യയുടെ അംബാസിഡറായി റൊണാള്‍ഡോയെ നിയമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗദി ക്ലബുമായി കരാര്‍ ഒപ്പിട്ടതോടെ ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്ബോള്‍ താരമായി റൊണാള്‍ഡോ മാറി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം വര്‍ഷത്തില്‍ എണ്‍പത് മില്യണ്‍ യൂറോയോളമാണ് താരത്തിനായി അല്‍ നാസര്‍ പ്രതിഫലമായി മാത്രം നല്‍കുന്നത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്.
Content Highlights: Endrick Philip praises Cristiano Ronaldo