കോപ്പ അമേരിക്കക്ക് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ ബ്രസീലിന് ആവേശകരമായ വിജയം. മെക്സിക്കോയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. യുവതാരം എന്‍ഡ്രിക് ആയിരുന്നു ബ്രസീലിന് ആവേശകരമായ വിജയം സമ്മാനിച്ചത്. ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി കൊണ്ടായിരുന്നു യുവ താരം ബ്രസീലിനെ വിജയത്തില്‍ എത്തിച്ചത്.
പെനാല്‍ട്ടി ബോക്‌സിലേക്ക് വന്ന ക്രോസില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് താരം ബ്രസീലിന്റെ വിജയം ഗോള്‍ നേടിയത്. ഈ ഗോളിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് എന്‍ഡ്രിക് സ്വന്തമാക്കിയത്.
18 വയസിന് മുമ്പായി ബ്രസീലിയന്‍ ടീമിനായി തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരമായി മാറാനാണ് എന്‍ഡ്രികിന് സാധിച്ചത്. തന്റെ 17ാം വയസിലാണ് താരം തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ കാനറി പടയ്ക്കായി ഗോള്‍ നേടിയത്.
ഇംഗ്ലണ്ടിനെതിരെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആയിരുന്നു എന്‍ഡ്രിക് ആദ്യമായി ബ്രസീലിനു വേണ്ടി ഗോള്‍ നേടിയത്. പിന്നീട് സ്‌പെയിനിനെതിരെ നടന്ന മത്സരത്തിലും താരം ഗോള്‍ നേടി. ആ മത്സരത്തില്‍ ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.
ഇപ്പോഴിതാ ഇന്ന് നടന്ന മെക്‌സികൊക്കെതിരെയുള്ള മത്സരത്തില്‍ ബ്രസീലിനായി വിജയഗോള്‍ നേടിയതോടുകൂടിയാണ് താരം ചരിത്രനെട്ടത്തിലേക്ക് നടന്നു കയറിയത്.
ഇതോടെ ഇതിഹാസതാരം പെലെയുടെ റെക്കോഡിനൊപ്പമെത്താനും എന്‍ഡ്രികിന് സാധിച്ചു. ഇതിനുമുമ്പ് 18 വയസ്സിനു മുമ്പായി ബ്രസീലിനായി തുടര്‍ച്ച മൂന്ന് മത്സരങ്ങളില്‍ ഗോള്‍ നേടിയിരുന്നത് പെലെ മാത്രമായിരുന്നു.
1967ല്‍ അര്‍ജന്റീനക്കെതിരെയുള്ള തുടര്‍ച്ചയായ മത്സരങ്ങളില്‍ പെലെ ഗോള്‍ നേടിയിരുന്നു. പിന്നീട് പരാഗ്വക്കെതിരെയുള്ള മത്സരത്തിലും ബ്രസീലിയന്‍ ഇതിഹാസം ഗോള്‍ നേടി. തന്റെ 16ാം വയസില്‍ ആയിരുന്നു പെലെ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.
അതേസമയം മത്സരം തുടങ്ങി അഞ്ചാം മിനിട്ടില്‍ ആന്‍ഡ്രിയോസിലൂടെ ബ്രസീലാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 54ാംമിനിട്ടില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയിലൂടെ ബ്രസീല്‍ രണ്ടാം ഗോളും നേടി.
എന്നാല്‍ 73ാംമിനിട്ടില്‍ ജൂലിയന്‍ കിനോണ്‍സിലൂടെയും ഇഞ്ചുറി ടൈമില്‍ ഗില്ലര്‍ മാര്‍ട്ടിനസ് അയാലയിലൂടെയും മെക്സിക്കോ മത്സരത്തില്‍ ഒപ്പം പിടിക്കുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 17 കാരന്റെ ഗോളിലൂടെ ബ്രസീല്‍ ത്രില്ലര്‍ ജയം സ്വന്തമാക്കുകയായിരുന്നു.
കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ഡിയിലാണ് ബ്രസീല്‍ ഇടം നേടിയിട്ടുള്ളത്. ബ്രസീലിനൊപ്പം കൊളംബിയ, ഇക്വഡോര്‍, കോസ്റ്റാറിക്ക എന്നീ ടീമുകളാണ് ഉള്ളത്. ജൂണ്‍ 25ന് നടക്കുന്ന കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ കോസ്റ്റാറിക്കയാണ് കാനറി പടയുടെ എതിരാളികള്‍.
Content Highlight: Endrick create a new Historical Achievement Brazil Football team