2024 യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. ജര്‍മന്‍ ക്ലബ്ബ് വി.എഫ്.ബി സ്റ്റുട്ഗാര്‍ട്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലോസ് ബ്ലാങ്കോസ് തകര്‍ത്തുവിട്ടത്.
റയലിന്റെ തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ റയലിന്റെ ബ്രസീലിയന്‍ യുവതാരം എന്‍ഡ്രിക് ചാമ്പ്യന്‍സ് ലീഗിലെ തന്റെ ആദ്യ ഗോള്‍ നേടിയിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു എന്‍ഡ്രിക് ജര്‍മന്‍ ക്ലബ്ബിന്റെ പോസ്റ്റിലേക്ക് പന്തെത്തിച്ചത്.
ഈ ഗോള്‍ നേടിയതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ബ്രസീലിയന്‍ താരം സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ റയലിന് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് എന്‍ഡ്രിക് കൈപ്പിടിയിലാക്കിയത്. തന്റെ 18ാം വയസിലാണ് എന്‍ഡ്രിക് ഈ നേട്ടം സ്വന്തമാക്കിയത്.
മുന്‍ സ്പാനിഷ് താരം റൗളിന്റെ പേരിലായിരുന്നു ഇതിനുമുമ്പ് ഈ റെക്കോഡ് ഉണ്ടായിരുന്നത്. 1995ല്‍ ഫെറന്‍ക്വാഴ്സിനെതിരെയായിരുന്നു മുന്‍ സ്പാനിഷ് താരം ഗോള്‍ നേടിയിരുന്നത്.
നേരത്തേ ലാ ലീഗയിലും എന്‍ഡ്രിക് ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ലാ ലീഗയില്‍ ഗോള്‍ നേടിയതോടെ 21ാം നൂറ്റാണ്ടില്‍ സ്പാനിഷ് ലീഗില്‍ റയലിനായി ലക്ഷ്യം കാണുന്ന യുവതാരമായി മാറാനായിരുന്നു ബ്രസീലിയന്‍ വണ്ടര്‍ കിഡിന് സാധിച്ചിരുന്നത്.
അതേസമയം മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതി തുടങ്ങി നിമിഷങ്ങള്‍ക്കകം ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയാണ് റയലിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 68ാം മിനിട്ടില്‍ ഡെനീസ് ഉണ്ടാവിലൂടെ സന്ദര്‍ശകര്‍ തിരിച്ചടിക്കുകയായിരുന്നു.
ഒടുവില്‍ 83ാം മിനിട്ടില്‍ ജര്‍മന്‍ സൂപ്പര്‍താരം അന്റോയിന്‍ റൂഡിഗറിന്റെ ഗോളില്‍ റയല്‍ മത്സരം തിരിച്ചു പിടിക്കുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ എന്‍ഡ്രിക് കൂടി ലക്ഷ്യം കണ്ടതോടെ സ്വന്തം തട്ടകത്തില്‍ സ്പാനിഷ് വമ്പന്‍മാര്‍ മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ 56 ശതമാനം ബോള്‍ പോസഷനും ജര്‍മന്‍ ക്ലബ്ബിന്റെ അടുത്തായിരുന്നു ഉണ്ടായിരുന്നത്. 17 ഷോട്ടുകളാണ് റയലിന്റെ പോസ്റ്റിലേക്ക് സന്ദര്‍ശകര്‍ ഉതിര്‍ത്തത്. ഇതില്‍ എഴെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 20 ഷോട്ടുകള്‍ എതിര്‍ പോസ്റ്റിലേക്ക് ഉന്നം വെച്ച ലോസ് ബ്ലാങ്കോസിന് എട്ട് ഷോട്ടുകള്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാനും സാധിച്ചു.
വിജയത്തോടെ ചാമ്പ്യൻസ് ലീഗ് പോയിന്റ് ടേബിളിൽ മൂന്ന് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. ലാ ലീഗയില്‍ സെപ്റ്റംബര്‍ 22ന് എസ്പാനിയോളിനെതിരെയാണ് റയലിന്റെ അടുത്ത മത്സരം. ലോസ് ബ്ലാങ്കോസിന്റെ തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവാണ് വേദി.
Content Highlight: Endric Create a New Record For Real Madrid in UCL