എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നു
Environment
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നു
ജിതിന്‍ ടി പി
Thursday, 2nd August 2018, 3:12 pm

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പെന്‍ഷന്‍ മുടങ്ങിയതായി പരാതി. ജൂണ്‍ മാസത്തിലെ പെന്‍ഷനാണ് മുടങ്ങിയത്. സാമൂഹികസുരക്ഷാ മിഷന്‍ മുഖേന കഴിഞ്ഞ ഒമ്പതുവര്‍ഷമായി നല്‍കുന്ന ആനുകൂല്യമാണ് മുടങ്ങിയത്. നേരത്തെ ഓരോ മാസവും ആദ്യവാരത്തില്‍ തന്നെ ലഭിച്ചിരുന്ന തുകയാണ് ഒരുമാസമായിട്ടും ലഭിക്കാതായാത്.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പെന്‍ഷന്‍ മുടങ്ങുന്നത്. സംസ്ഥാനത്ത് 6000 ത്തോളം പേരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പെന്‍ഷന്‍ കൈപ്പറ്റുന്നത്. സര്‍ക്കാരിന്റെ സ്‌നേഹസാന്ത്വനം പദ്ധതിയിലുള്‍പ്പെടുത്തിയാണ് 2009 ല്‍ പദ്ധതി നടപ്പാക്കിയത്.

പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും മാസത്തില്‍ 2200 രൂപയും മറ്റുള്ളവര്‍ക്ക് 1100 രൂപയുമാണ് പെന്‍ഷന്‍ നല്‍കി വരുന്നത്. ദുരിതബാധിതരുടെ ഏക ആശ്രയമായ പെന്‍ഷന്‍ തുക കൂടി കൃത്യമായി കിട്ടാതായതോടെ രോഗബാധിതരുടെ ദുരിതം വര്‍ധിച്ചു.

Related image

നേരത്തെ ഇലക്ട്രോണിക് മണിയോര്‍ഡര്‍ കിട്ടാത്തതിനാല്‍ ഒരുപാട് പേര്‍ക്ക് പെന്‍ഷന്‍ മുടങ്ങിയിരുന്നു. സോഫ്റ്റ്‌വെയറിലുള്ള പ്രശ്‌നമാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്നാണ് തപാല്‍വകുപ്പ് അധികൃതര്‍ പറഞ്ഞത്. 12 ബ്രാഞ്ചുകളുള്ള മുളിയാര്‍ സബ് പോസ്റ്റ് ഓഫീസില്‍ മാത്രം പ്രിന്റ് എടുക്കാനാകാതെ 374 മണിയോര്‍ഡറുകളാണുള്ളത്. പെര്‍ള, പെര്‍ഡാല അടക്കം മിക്ക പോസ്റ്റ് ഓഫീസുകള്‍ക്ക് കീഴില്‍വരുന്ന ദുരിതബാധിതര്‍ക്കും പെന്‍ഷന്‍ തുക കിട്ടിയിരുന്നില്ല.

ALSO READ: എന്‍ഡോസള്‍ഫാന്‍ – മോചനമില്ലാത്ത ദുരിതവും സമരവും

തപാല്‍വകുപ്പിന്റെ പുതിയ സോഫ്റ്റ്വെയര്‍ വന്നതിനുശേഷമാണ് ഈ പ്രശ്‌നമെന്ന് അധികൃതര്‍ പറയുന്നു. തിരുവനന്തപുരത്തുനിന്ന് അയക്കുന്ന മണി ഓര്‍ഡര്‍ ഫോറം ഓണ്‍ലൈനായി അതത് പിന്‍കോഡിലുള്ള തപാല്‍ സബ് ഓഫീസുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം. അവിടെനിന്ന് പ്രിന്റ് എടുത്താണ് ബ്രാഞ്ച് ഓഫീസുകളിലേക്കും പെന്‍ഷന്‍ വാങ്ങുന്നവരിലേക്കും എത്തിക്കുക. ഈ പ്രിന്റാണ് പെന്‍ഷന്‍ ഗുണഭോക്താവിന് നല്‍കുന്ന രേഖ.

മുന്‍പ് ഓഫ്ലൈനില്‍ത്തന്നെ പ്രിന്റ് എടുക്കാന്‍ കഴിഞ്ഞിരുന്നതായി തപാല്‍ അധികൃതര്‍ പറയുന്നു. അപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ത്തന്നെ പ്രിന്റ് എടുത്ത് ദുരിതബാധിതര്‍ക്ക് പെന്‍ഷന്‍ എത്തിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ത്തന്നെ പ്രിന്റ് എടുക്കണം. പോസ്റ്റ് ഓഫീസുകളിലെ വൈദ്യുതി മുടക്കവും ഇന്റര്‍നെറ്റ് കണക്ഷന്‍ മുറിയുന്നതും ഇതിന് തടസ്സമായി. പ്രിന്റ് എടുക്കുന്ന സമയത്ത് വൈദ്യുതി പോയാല്‍ വീണ്ടും ശ്രമിക്കണം.

ആരുടെയൊക്കെ മണി ഓര്‍ഡര്‍ ഫോറം ഡൗണ്‍ലോഡ് ചെയ്ത് എന്നും ഇപ്പോള്‍ വ്യക്തമല്ല. നേരത്തേ ഡ്യൂപ്ലിക്കേറ്റ് എന്ന ഒപ്ഷന്‍ വരുമായിരുന്നു. എത്ര പേര്‍ക്ക് കൊടുത്തു, എത്രപേര്‍ക്ക് കൊടുക്കാനുണ്ട് എന്ന് തിരിച്ചറിയാനാകാത്തതിനാല്‍ സബ് ഓഫീസ് അധികൃതരും അങ്കലാപ്പിലാണ്. സോഫ്റ്റ്വേര്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നാണ് തപാല്‍ വകുപ്പ് ഉന്നതാധികൃതര്‍ പറയുന്നത്.

അതേസമയം പെന്‍ഷന്‍ ബാങ്കുകളിലെത്തിയോ എന്നറിയാന്‍ എ.ടി.എം കാര്‍ഡുമായി കൗണ്ടറുകളില്‍ ബാലന്‍സ് പരിശോധിച്ച വകയിലും ദുരിതബാധിതര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്.

RELATED VIDEO:

മുമ്പ് മണിയോര്‍ഡറുകള്‍ വഴി ലഭിച്ചിരുന്ന പെന്‍ഷന്‍ തുക നിലവില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ശാഖ വഴിയാണ് വിതരണം ചെയ്തത്. ബുധനാഴ്ചയും ബാങ്കിലെത്തി പെന്‍ഷനെപ്പറ്റി ആരാഞ്ഞപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചിരുന്നില്ലെന്ന് ദുരിതബാധിതരുടെ രക്ഷിതാക്കള്‍ പറയുന്നു.

ALSO READ: “മീശ”: പുസ്തകം നിരോധിക്കുന്ന സംസ്‌കാരം ശരിയല്ലെന്ന് സുപ്രീം കോടതി; നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെന്ന് കേന്ദ്രസര്‍ക്കാര്‍

അതേസമയം എന്തുകൊണ്ടാണ് പെന്‍ഷന്‍ മുടങ്ങുന്നതെന്നറിയില്ലെന്നായിരുന്നു എന്‍ഡോസള്‍ഫാന്‍ സെല്‍ ഓഫീസറുടെ പ്രതികരണം. ദുരിതബാധിതരുടെ ഭരണഘടന അവകാശമായ നഷ്ടപരിഹാര ട്രിബ്യൂണല്‍ അനുവദിക്കുക എന്ന ആവശ്യം മുന്‍നിര്‍ത്തി ഉത്തരമലബാറിലെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് സമരത്തിനൊരുങ്ങവേയാണ് പുതിയ പ്രശ്‌നം.

ജോയിന്റ് ഫോറാം ഓഫ് വിക്ടിംസ് ആന്റ് ട്രിബ്യൂണല്‍ റൈറ്റസിന്റെ സഹകരണത്തോടെ ഭാരതീയ രാഷ്ട്രീയ കോണ്‍ഗ്രസ് സേവ എന്ന സംഘടനയാണ് സമരമുഖത്ത് സജീവമാകുന്നത്. അതേസമയം ആഗസ്റ്റിലെ പെന്‍ഷന്‍ മുടങ്ങിയാല്‍ ഓണമടക്കമുള്ള ആഘോഷങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് ഇവര്‍.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.