| Tuesday, 23rd January 2018, 1:31 pm

എന്‍ഡോസള്‍ഫാന്‍ - മോചനമില്ലാത്ത ദുരിതവും സമരവും

എ പി ഭവിത

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരം ആരംഭിക്കുകയാണ്. ഈ മാസം മുപ്പത് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ധനസഹായം ലഭിക്കുന്നില്ലെന്നതും ദുരിത ബാധിതരുടെ ലിസ്റ്റ് വെട്ടിച്ചുരുക്കിയതുമാണ് വീണ്ടും സമരത്തിലേക്ക് നയിച്ചത്. പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ഇരകളുടെ അമ്മമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തും.

കാസര്‍കോഡ് മടിക്കേയിലെ ഒമ്പത് വയസ്സുകാരി നിവേദിത പൂര്‍ണമായും കിടപ്പിലാണ്. അച്ഛന്‍ കൂലിപ്പണി ചെയ്താണ് കുടുംബം നോക്കുന്നത്. കുട്ടിയെ നോക്കേണ്ടതിനാല്‍ അമ്മയ്ക്ക് ജോലിക്ക് പോകാനാവുന്നില്ല. മാസത്തില്‍ പതിനഞ്ച് ദിവസവും ആശുപത്രിയില്‍ ആണ്. സഹോദരന്‍ സ്‌കൂളില്‍ നിന്ന് എത്തിയാല്‍ മാത്രമാണ് അമ്മയ്ക്ക് പ്രാഥാമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയുകയുള്ളൂ. കഴിഞ്ഞ ഏപ്രിലില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ക്യാമ്പില്‍ നിവേദിതയും പങ്കെടുത്തിരുന്നു. എന്നാല്‍ അന്തിമ പട്ടികയില്‍ നിവേദിത ഉള്‍പ്പെട്ടിട്ടില്ല.

നിവേദിതയെ പോലെ നിരവധി കുട്ടികള്‍ ലിസ്റ്റില്‍ നിന്നും പുറത്തായത് എന്തുകൊണ്ടെന്ന ചോദ്യവുമായാണ് പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ഇരകളുടെ അമ്മമാര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരവുമായി എത്തുന്നത്. ഈ മാസം മുപ്പതിന് നടക്കുന്ന സമരത്തില്‍ 250 അമ്മമാരാണ് പങ്കെടുക്കുക. സൂചനാ സമരത്തിന് ശേഷവും വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ലെങ്കില്‍ മാര്‍ച്ച് പതിനഞ്ച് മുതല്‍ അനിശ്ചിതകാല നിരഹാരം സമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു.

അമ്പലത്തറ കുഞ്ഞികൃഷ്ണന്‍

“എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ വാഗ്ദാനങ്ങളൊന്നും തന്നെ നടപ്പായില്ല. പുനരധിവാസം നടപ്പാക്കമെന്ന് പറഞ്ഞിട്ട് അതിന്റെ ഒരു പണിയും ഇതുവരെ തുടങ്ങിയിട്ടില്ല. 2010 ല്‍ മരിച്ചവരുടെ കുടുംബത്തിനും മാനസിക രോഗികള്‍ക്കും കിടപ്പിലായവര്‍ക്കും അഞ്ച് ലക്ഷവും മറ്റുള്ളവര്‍ക്ക് മൂന്ന് ലക്ഷവും നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കിയിട്ടില്ല. 5548 പേരാണ് നിലവില്‍ ലിസ്റ്റില്‍ ഉളളത്. അതില്‍ 2665 പേര്‍ക്കാണ് ധനസഹായം നല്‍കിയത്. 3183 പേര്‍ക്ക് ഇപ്പോഴും ഈ ആനുകൂല്യം ലഭിക്കുന്നില്ല.

പ്രാഥമിക സ്‌ക്രീനിങ്ങിന് ശേഷം പങ്കെടുത്തവരെയും ലിസ്റ്റിന് പുറത്താക്കിയിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങളിലും സമരസമിതിക്ക് തൃപ്തിയില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് സെല്ല് പുനസംഘടിപ്പിച്ചത്. അതിനുശേഷം നടന്ന യോഗങ്ങളിലും കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല. സെല്ലിലെ അംഗങ്ങളായ പൊതു പ്രവര്‍ത്തകര്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ചാലും ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി തീരുമാനം എടുക്കുകയാണ്. ഇപ്പോള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയവര്‍ കുട്ടികളാണ്. കുട്ടികളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ദീര്‍ഘകാലം അവര്‍ക്ക് ആനുകൂല്യം നല്‍കേണ്ടി വരും. ദുരിതബാധിതരുടെ റേഷന്‍കാര്‍ഡ് 2013 ല്‍ ബി പി എല്‍ ആ്ക്കിയതായിരുന്നു. അതും റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടു. വാഗ്ദാനങ്ങളെല്ലാം പാലിക്കാതെ പറ്റിക്കപ്പെടുമ്പോള്‍ സമരമല്ലാതെ മറ്റെന്താണ് ഈ അമ്മമാര്‍ ചെയ്യേണ്ടത്”. സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍

ചോദിക്കുന്നു.

Related image

2016 ഫെബ്രുവരിയില്‍ സമരം നടത്തിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സര്‍ക്കാര്‍ ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. ദുരിതബാധിതര്‍ക്കായി പുനരധിവാസ വില്ലേജ് സ്ഥാപിക്കും. ദുരിതബാധിതരുടെ ലിസ്റ്റിലുള്ള മുഴുവന്‍ ആളുകള്‍ക്കും സാമ്പത്തിക സഹായം നല്‍കും, സൗജന്യ ചികിത്സ, ജില്ലാ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റിന്റെ സേവനം, മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ നിര്‍മ്മാണം ഉടന്‍ നടത്തും, എല്ലാ വര്‍ഷവും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും, ബി.പി.എല്‍ ആനുകൂല്യം നല്‍കും. എന്നിവയായിരുന്നു ആ വാഗ്ദാനങ്ങള്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ പത്തുകോടി രൂപ വകയിരുത്തിയിരുന്നു.

ഔദ്യോഗിക കണക്ക് പ്രകാരം 959 പേരാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം മൂലം മരണമടഞ്ഞത്. പതിനൊന്ന് പഞ്ചായത്തുകളിലായുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ 12000 ഏക്കര്‍ കശുമാവിന്‍ തോട്ടങ്ങളിലാണ് എന്‍ഡോസള്‍ഫാന്‍ തളിച്ചത്.

പ്രഹസനമാകുന്ന മെഡിക്കല്‍ ക്യാമ്പ്

എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലെ ദുരന്തബാധിതരെ കണ്ടെത്തുന്നതിനായാണ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. 2017 ഏപ്രിലില്‍ ആണ് അവസാനമായി ക്യാമ്പ് നടന്നത്. നിരവധി തവണയായി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് ശേഷമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രോഗികളെ കണ്ടെത്താത്തതിനാല്‍ അവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. 2013ല്‍ ആയിരുന്നു ഇതിന് മുമ്പ് ക്യാമ്പ് നടന്നത്. വിവിധ മേഖലകളില്‍ നടന്ന ക്യാമ്പുകളില്‍ 10000ത്തോളം രോഗികള്‍ പങ്കെടുത്തെങ്കില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ 337 പേരാണ് ഉള്‍പ്പെട്ടത്.

2010 ല്‍ ഇരുപത്തിയേഴ് പഞ്ചായത്തുകളിലായി നടന്ന ക്യാമ്പില്‍ 4182 പേരെ കണ്ടെത്തി.പിന്നീട് ഇത് പതിനൊന്ന് പഞ്ചായത്തുകളിലേക്ക് ക്യാമ്പ് ചുരുക്കി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടങ്ങളുള്ള പഞ്ചായത്തുകളില്‍ മാത്രം ക്യാമ്പ് മതിയെന്ന സംസ്ഥാന സര്‍ക്കാറിന്റെ തീരുമാന പ്രകാരം ആയിരുന്നു ഇത്. 2011 ല്‍ 1318 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 2013 ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നം പഠിക്കുന്നതിനായി നിയോഗിച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമിതിയാണ് പതിനൊന്ന് പഞ്ചായത്തുകളിലെ രോഗികള്‍ക്ക് മാത്രം സഹായം നല്‍കിയാല്‍ മതിയെന്ന് ശുപാര്‍ശ മുന്നോട്ട് വെച്ചത്. അതനുസരിച്ചുള്ള ലിസ്റ്റാണ് ഇപ്പോഴും തയ്യാറാക്കുന്നത്.

ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍

2016 ജനുവരി 26 ന് നടന്ന സമരത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുമെന്ന് ഉറപ്പു നല്‍കി. എന്നാല്‍ പതിവ് വാഗ്ദാനത്തില്‍ ഒതുങ്ങി. ഇടതു സര്‍ക്കാറും വാഗ്ദാന ലംഘനം നടത്തുകയാണെന്ന സംശയം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചു തുടങ്ങിയ ഘട്ടത്തിലാണ് ക്യാമ്പ് നടന്നത്. ചീമേനി, രാജപുരം, ബദിയഡുക്ക, ബോവിക്കാനം, പെരിയ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടന്നത്. അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നും 3915 പേരെയാണ് ക്യാമ്പില്‍ പങ്കെടുപ്പിച്ചത്. ഗുരുതരമായി രോഗം ബാധിച്ച 1905 പേരെ ഉള്‍പ്പെടുത്തി പട്ടികയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം പട്ടിക പുറത്ത് വന്നപ്പോള്‍ 287 പേര്‍ മാത്രമായിരുന്നു ഉള്‍പ്പെട്ടത്. ബാക്കിയുള്ളവരെ പുറത്താക്കിയതിന്റെ മാനദണ്ഡം എന്താണെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചോദിക്കുന്നത്.

ഇരുപത്തിയേഴ് പഞ്ചായത്തുകളില്‍ ദുരിത ബാധിതരുണ്ടെന്നാണ് സമരസമിതി അവകാശപ്പെടുന്നത്. ഇവരെയൊക്കെ ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് തയ്യാറാക്കേണ്ടതെന്നും സമരസമിതി ആവശ്യപ്പെടുന്നു.

“വിവിധ ഘട്ടങ്ങളായാണ് ദുരിത ബാധിതരെ കണ്ടെത്തുന്നത്. അതിനായി ചില മാനദണ്ഡങ്ങളും ഉണ്ട്. ഒന്നാമത്തെ ഘട്ടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രജിസ്ട്രര്‍ ചെയ്യുന്നവരുടെ ലിസ്റ്റ് ഡി.എം.ഒ യ്ക്ക് നല്‍കും. അവിടെ നിന്ന് തെരഞ്ഞെടുക്കുന്നവരെയാണ് സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നത്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ പതിനൊന്ന് സെപെഷ്യാലിറ്റി ഡോക്ടര്‍മാരാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്. എന്‍ഡോസള്‍ഫാന്‍ രോഗബാധിതരാവാമെന്ന് സംശയിക്കുന്നവരുടെ ലിസ്റ്റാണ് ക്യാമ്പില്‍ നിന്ന് നല്‍കുന്നത്. അത്തരം ലിസ്റ്റാണ് 1905 പേരുടേത്. ആ ലിസ്റ്റ് വെരിഫിക്കേഷന് വിടും. ടെമ്പറാലിറ്റി ടെസ്റ്റ് എന്നാണ് പറയുന്നത്.

1978 മുതല്‍ 2000 വരെയാണ് എന്‍ഡോസള്‍ഫാന്‍ ഏരിയല്‍ സ്പ്രേ നടത്തിയിരുന്നത്. ആ കാലഘട്ടത്തില്‍ ആ പ്രദേശത്ത് താമസിച്ചിരുന്നവരാണോ എന്നാണ് പരിശോധിക്കുന്നത്. ആ മാനദണ്ഡം അനുസരിച്ച് പരിശോധിച്ചതിന് ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കുന്നത്. എല്ലാ ക്യാന്‍സര്‍ ബാധിതരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാവില്ല. എന്‍ഡോസള്‍ഫാന്‍ കാരണം ഉണ്ടാവുന്ന കാന്‍സര്‍ മാത്രമാണ് ഉള്‍പ്പെടുത്തുക. അത്തരത്തില്‍ ശ്വാസകോശ ക്യാന്‍സര്‍ ബാധിതരെയൊക്കെ ലിസറ്റില്‍ നിന്ന് ഒഴുവാക്കിയിട്ടുണ്ട്. ഈ സംവിധാനം അവലംബിക്കാന്‍ കാരണമുണ്ട്. 2013 ലാണ് ഈ സിസ്റ്റം വന്നത്. അതിന് മുമ്പ് ദുരിതബാധിതരുടെ ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നു കൂടിയതായി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ടെത്തിയിരുന്നു. പഴയ ലിസ്റ്റും പുനക്രമീകരിക്കണമെന്നും വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ നിര്‍ദേശിച്ചിരുന്നു. അതനുസരിച്ചുള്ള അന്വേഷണവും നടന്നു കൊണ്ടിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചുമതല ഉണ്ടായിരുന്ന ഡെപ്യൂട്ടി കലക്ടറും ഇപ്പോഴത്തെ ആര്‍.ഡി.ഒയുമായ ബിജു മറുപടി നല്‍കുന്നു.

കുമിഞ്ഞു കൂടുന്ന കടബാധ്യതയും കിട്ടാത്ത ധനസഹായവും

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നതില്‍ പ്രധാന കാരണം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ധനസഹായം ലഭിക്കാത്തതാണ്. ഇരുപത്തിയഞ്ച് കോടി രൂപയാണ് ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് ഉള്ളതെന്ന് സമരസമിതി പറയുന്നു. സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിക്കുന്നത് മാത്രമാണ് ആശ്വാസമാകുന്നത്. പലിശ കൂടി പല കുടുംബങ്ങളും കിടപ്പാടം പോലും വില്‍ക്കേണ്ട ഗതികേടില്‍ ആണെന്ന് സമരസമിതി പറയുന്നു.

2010 ഡിസംബര്‍ 31ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ധനസഹായം നല്‍കാന്‍ ഉത്തരവിട്ടത്. എട്ട് ആഴ്ച കൊണ്ട് അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും നല്‍കണമെന്ന് നിര്‍ദേശിച്ചു. മുഴുവന്‍ ദുരിത ബാധിതര്‍ക്കും മൂന്ന് മാസത്തിനകം ധനസഹായം നല്‍കണമെന്ന് 2017 ജനുവരി പത്തിനാണ് സുപ്രീകോടതി ഉത്തരവിട്ടത്. അഞ്ച് ലക്ഷം രൂപയാണ് ദുരിതബാധിതര്‍ക്ക് നല്‍കാനായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിശ്ചയിച്ച തുക. ഡി.വൈ.എഫ്.ഐയുടെ ഹര്‍ജിയിലായിരുന്നു നഷ്ടപരിഹാരം പെട്ടെന്ന് നല്‍കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചത്. ഇതില്‍ 1350 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ ലഭിച്ചു. 1315 പേര്‍ക്ക് മൂന്ന് ലക്ഷവും കിട്ടി. നഷ്ടപരിഹാരം നല്‍കാനുള്ള വിധിയില്‍ അവ്യക്തതയുണ്ടെന്നാണ് സര്‍ക്കാറിന്റെ വാദം.

“മാനസിക രോഗികള്‍ക്കും കിടപ്പിലായവര്‍ക്കും മറ്റ് ശാരീരിക വൈക്യല്യമുള്ളവര്‍ക്കും ധനസഹായം നല്‍കാനാണ് ദേശീയ മനുഷ്യവകാശ കമ്മീഷന്‍ പറഞ്ഞത്. ക്യാന്‍സര്‍ രോഗികളെ കൂടി ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് സംസ്ഥാന സര്‍ക്കാറാണ്. ഈ നാല് കാറ്റഗറിയില്‍പ്പെട്ടവര്‍ക്കാണ് സഹായം നല്‍കുന്നത്. വന്ധ്യത. ത്വക്ക് രോഗം ഉള്ളവര്‍, കാഴ്ചക്കുറവുള്ളവര്‍ എന്നിവരെല്ലാം ലിസ്റ്റിന് പുറത്താണ്. എന്നാല്‍ മറ്റ് ആനുകൂല്യങ്ങളെല്ലാം അവര്‍ക്ക് നല്‍കുന്നുണ്ട്.” ബിജു വിശദീകരിക്കുന്നു.

“സര്‍ക്കാര്‍ കീടനാശി ലോബിക്ക് വേണ്ടി പ്രവര്‍ത്തിക്കുയാണെന്ന് ഞങ്ങള്‍ സംശയിക്കുന്നു. തല വലുതായ അഞ്ച് വയസ്സിന് താഴെയുള്ള എട്ടു കുട്ടികളെ ഇപ്പോള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കൊക്കെ വെറുത പണം കൊടുക്കുന്നു എന്നതാണ് പ്രചരണം” . കുഞ്ഞികൃഷ്ണന്‍ വിമര്‍ശിക്കുന്നു.

അംബികാസുതന്‍ മാങ്ങാട്

ലിസ്റ്റില്‍ ആളുകളുടെ എണ്ണം കുറയ്ക്കണെമെന്ന അജണ്ടയുണ്ടോ എന്നത് സംശയിക്കേണ്ടി വരുന്നു. 2013 ലെ ക്യാമ്പില്‍ നിന്നും ഒരുപാട് പേര് ഒഴിവാക്കപ്പെട്ടു. ഒരു സര്‍ക്കാറിന്റെ കാലത്ത് മാത്രമല്ല, എല്ലാ സര്‍ക്കാറിന്റെ കാലത്തും നിരന്തരമായി നടക്കുന്നുണ്ട്. ലിസ്റ്റിലുള്ളവരുടെ എണ്ണം കുറയ്ക്കാന്‍ എന്‍ഡോസള്‍ഫാന്‍ ലോബി ശ്രമിക്കുന്നുണ്ടോ എന്നതാണ് സംശയം. സമരത്തിലേക്ക് പോവുക മാത്രമാണ് ഇനിയുള്ള പോംവഴി. സുപ്രീം കോടതി വിധി പോലും മുഖവിലയ്ക്കെടുക്കുന്നില്ല. ഈ സര്‍ക്കാര്‍ വന്നിട്ട് ഒന്നര വര്‍ഷം കാത്തിരുന്നില്ലേ. ഇവര്‍ വോട്ടു ബാങ്കല്ലല്ലോ. പിണറായി വിജയന്‍ നവ കേരള യാത്ര ആരംഭിച്ചത് ഇവരെ സന്ദര്‍ശിച്ചതിന് ശേഷമാണ്. അവരെല്ലാം പ്രതീക്ഷയില്‍ ആയിരുന്നു. കടബാധ്യതകള്‍ ഇപ്പോഴും എഴുതി തള്ളിയിട്ടില്ല. കുറച്ച് പേരുടേത് കഴിഞ്ഞ സര്‍ക്കാര്‍ തള്ളിയിരുന്നു. മെഡിക്കല്‍ കോളേജ് സൗകര്യവുമില്ലല്ലോ. ബഡ്സ് സ്‌കൂളിന്റെ കാര്യവും കഷ്ടമാണ്. ഫണ്ടുണ്ടായിട്ടും നടക്കുന്നില്ലല്ലോ. ആസ്ബറ്റോസ് ഷീറ്റ് ഇട്ട കെട്ടിടത്തിലാണ് ഇവര്‍ പഠിക്കുന്നത്. പോഷകാഹാരം കൊടുക്കണമെന്ന് പറഞ്ഞിട്ടും ബിസ്‌ക്കറ്റും ചായയുമാണ് രാവിലെ കൊടുക്കുന്നത്. പിന്നെ സമരമല്ലാതെ എന്താണ് വഴി. പ്രദേശവാസിയും ഈവിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ ആദ്യമായി കൊണ്ടുവന്നവരില്‍ ഒരാളും എഴുത്തുകാരനുമായ അംബികാസുതന്‍ മാങ്ങാട് ചോദിക്കുന്നു.

ഏഴ് ബഡ്സ് സ്‌കൂളുകളാണ് ദുരിത ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് പഠിക്കുന്നതിനായി സ്ഥാപിച്ചത്. സ്‌കൂളുകളുടെ നിര്‍മ്മാണത്തിനായി നബാര്‍ഡിന്റെ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മ്മാണം നടന്നില്ല. പദ്ധതിയുടെ കാലാവധിയും അവസാനിച്ചു. ആറ് സ്‌കൂളുകളും ശോച്യാവസ്ഥയിലാണ്. ഈ പ്രശ്നവും പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

കിടപ്പിലായ രോഗികളുടെ ബന്ധുക്കളുടെ പ്രധാന ആവശ്യം പുനരധിവാസമാണ്. 2015ല്‍ മുളിയാര്‍ പഞ്ചായത്തിലെ മുതലപ്പാറയിലെ ഇരുപത്തിയഞ്ച് ഏക്കറിലാണ് വില്ലേജ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഈ സ്ഥലം പുനരധിവാസത്തിന് യോജിക്കുന്നതല്ലെന്നാണ് സമരസമിതി പറയുന്നത്.

പൂര്‍ണ്ണമായും കിടപ്പിലായിപ്പോയ മകളെ തന്റെ മരണശേഷം ആര് നോക്കുമെന്നാണ് എന്‍മകജെയിലെ നാലപത്തിരണ്ടുകാരി ശീലാബതിയുടെ പ്രായമായ അമ്മ ചോദിക്കുന്നത്. അത്തരം ചോദ്യങ്ങള്‍ക്കാണ് ഈ സമരക്കാര്‍ ഉത്തരം തേടുന്നതും. അതിനായാണ് ദുരിതബാധിതരായ കുഞ്ഞുങ്ങള്‍ക്കൊപ്പം അമ്മമാര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വീണ്ടും വരുന്നത്.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

We use cookies to give you the best possible experience. Learn more