ന്യൂദല്‍ഹി: ഉല്‍പാദകരുടെ കൈയ്യില്‍ അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ കേരളം,കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളൊഴികെ രാജ്യത്തെ മറ്റെല്ലായിടങ്ങളിലും വില്‍ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. []
കയറ്റുമതി ചെയ്യുന്നത് പൂര്‍ണമായും പ്രായോഗികമല്ലെന്നും ഉപയോഗകാലാവധി കഴിയാത്ത എന്‍ഡോസള്‍ഫാന്‍ വില്‍ക്കാന്‍ അനുവദിക്കാമെന്നുമാണ്കേന്ദ്രനിലപാട്. കേന്ദ്ര കൃഷിമന്ത്രാലയം മുഖേന സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഒക്ടോബറില്‍ എന്‍ഡോസള്‍ഫാന്‍ ഉത്പാദനം ദേശീയതലത്തില്‍ പൂര്‍ണമായി സുപ്രീംകോടതി നിരോധിച്ചിരുന്നു. ഇതോടെ രാജ്യത്ത് 1090.596 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുമെന്നും കോടതിയെ ഉല്‍പാദകര്‍ അറിയിച്ചിരുന്നു.
തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ കര്‍ശന നിബന്ധനകളോടെ കയറ്റുമതി ചെയ്യാന്‍ സുപ്രീംകോടതി അനുവദിയ്ക്കുകയായിരുന്നു. ഇതിനിടെയാണ് കേരളവും കര്‍ണാടകവുമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കാമെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.
കേരളവും കര്‍ണാടകവും മാത്രമാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തോട് വിയോജിക്കുന്നതെന്നും മറ്റ് സംസ്ഥാനങ്ങള്‍ എന്‍ഡോസള്‍ഫാന് അനുകൂലമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
1760 കിലോലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് ഉല്‍പാദകരുടെ കൈവശം അവശേഷിക്കുന്നത്. ഇത് കര്‍ശന ഉപാധികളോടെ കയറ്റുമതി ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
മെക്‌സിക്കോ, അര്‍ജന്റീന, ഗ്വാട്ടിമാല, ഇക്വഡോര്‍, ഉറുഗ്വായ്, മൊസാംബിക്, സുഡാന്‍, ഉഗാണ്ട, സാംബിയ, പാകിസ്താന്‍, ചൈന, ബ്രസീല്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായിരുന്നു വിദഗ്ധസമിതിയുടെ നിര്‍ദ്ദേശം.