തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം ചെയ്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും ഐക്യദാര്‍ഡ്യ സമിതിയും. ഒരു ദിവസത്തെ സൂചനാ സമരമാണ് ഇപ്പോള്‍ നടക്കുന്നത്.
രാവിലെ പത്ത് മണിക്ക് ആരംഭിച്ച സമരം വൈകുന്നേരം അഞ്ച് മണി വരെ നീളും.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്ന കാസര്‍ഗോഡ് മുന്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തള്ളുക, മുഴുവന്‍ ദുരിത ബാധിതര്‍ക്കും 2017ലെ സുപ്രീം കോടതി വിധിയനുസരിച്ച് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ന്യൂറോളജിസ്റ്റുകളെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ദുരിതബാധിതരുടെ പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച സെല്ലിന്റെ പ്രവര്‍ത്തനം വീണ്ടും സജീവമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ശരീരത്തില്‍ ഒപ്പ് ശേഖരണം നടത്തിയുള്ള പ്രതിഷേധ രീതികളും സമരത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സമരവേദിയില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട്. കുറച്ച് മുമ്പ് അദ്ദേഹം ഈ വിഷയത്തില്‍ പത്രസമ്മേളനം നടത്തിയിരുന്നു.
കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ട ചികിത്സാസൗകര്യം ദയനീയമാം വിധം മോശമാണ് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ദുരിതബാധിതര്‍ക്ക് ആജീവനാന്ത ചികിത്സ കൊടുക്കണമെന്ന് സുപ്രീം കോടതി വിധിയുണ്ടായിട്ടും അത് സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞ്.
ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് സെക്രട്ടറിയറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരം ചെയ്യുന്നത്. 6000ലധികം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉണ്ട് എന്നാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ലിസ്റ്റിലെ കണക്ക്. എന്നാല്‍ 1400 ഓളം പേര്‍ക്ക് മാത്രമാണ് കോടതി പറഞ്ഞ നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളത്.