| Monday, 11th March 2019, 8:37 am

സര്‍ക്കാര്‍ വാക്കുപാലിച്ചില്ല; എന്‍ഡോസള്‍ഫാന്‍ സമരസമിതി വീണ്ടും സമരത്തിലേയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോഡ്: എന്‍ഡോസള്‍ഫാന്‍ സമരസമിതി വീണ്ടും സമരത്തിലേയ്ക്ക്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാതായതോടെയാണ് എന്‍ഡോസള്‍ഫാന്‍ സമരസമിതി വീണ്ടും സമരത്തിനൊരുങ്ങുന്നത്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 30 മുതല്‍ തിരുവനന്തപുരത്ത് നടത്തിയ അനിശ്ചിതകാല പട്ടിണി സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.


ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ സമരം അവസാനിപ്പിച്ചത്. എന്നാല്‍ ചര്‍ച്ചയിലെ പ്രധാന ഒത്തുതീര്‍പ്പ് വ്യവസ്ഥ അട്ടിമറിച്ചാണ് ഈ മാസം രണ്ടാം തിയ്യതി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതെന്ന് സമര സമിതി പറയുന്നു.

ജില്ലയിലെ മുഴുവന്‍ ദുരിത ബാധിതതരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് പുറത്തുപോയി താമസിക്കുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ പറയുന്നത്.

2017ല്‍ നടന്ന മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 1905 പേരില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളെ ഇനിയൊരു പരിശോധന കൂടാതെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും ആനുകൂല്യങ്ങള്‍ നല്‍കുമെന്നുമായിരുന്നു സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. ഈ ഉറപ്പും ലംഘിച്ച് ഇനിയൊരു മെഡിക്കല്‍ പരിശോധന നടത്തിയേ ഇവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തൂ എന്നുമാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്.


ഈ പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ മാറ്റമൊന്നും ഉണ്ടായില്ലെങ്കില്‍ ഇനിയും സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സമരസമിതി അറിയിച്ചു.

സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ മാര്‍ച്ച് 19ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. പിന്നീട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരപരിപാടികളും ആലോചിക്കുമെന്നും എന്‍ഡോസള്‍ഫാന്‍ സമരസമിതി അറിയിച്ചു.

We use cookies to give you the best possible experience. Learn more