| Thursday, 23rd August 2012, 12:30 am

എന്‍ഡോസള്‍ഫാന്‍: ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉത്പാദകര്‍ സുപ്രീംകോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്റെ ഉത്പാദനവും വില്‍പ്പനയും ഉപയോഗവും തടയുന്ന ഇടക്കാല ഉത്തരവ് പിന്‍വലിക്കണമെന്ന് ഉത്പാദകര്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍, എന്‍ഡോസള്‍ഫാന്‍ നിരോധനം ഭാവിയില്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് സുപ്രീംകോടതി അഭിപ്രായമാരാഞ്ഞിരുന്നു.[]

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. സമര്‍പ്പിച്ച ഹരജിയില്‍ ഈ മാസം 31ന് അന്തിമവാദം നടക്കും. അന്നുതന്നെ കോടതി തീരുമാനമെടുക്കാനാണ് സാധ്യത.

കേരളത്തിലും കര്‍ണാടകത്തിലും ഒഴിച്ച് എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരാമെന്ന കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലത്തിന്റേയും വിദഗ്ധസമിതിയുടെ അഭിപ്രായത്തിന്റേയും പശ്ചാത്തലത്തില്‍ ഉത്പാദകരുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയോടാണ് കുറിപ്പ് നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്.

ഉത്പാദകര്‍ സമര്‍പ്പിച്ചിരിക്കുന്ന കുറിപ്പില്‍ കേരളവും കര്‍ണാടകവുമൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കാനും വില്‍ക്കാനും ഉപയോഗിക്കാനും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മിച്ചമുള്ള എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കുന്നതിനെയും ഉപയോഗിക്കുന്നതിനെയുംകുറിച്ച് അഭിപ്രായമറിയിക്കാനും ജസ്റ്റിസുമാരായ ബി.എസ്. ചൗഹാനും സ്വതന്തര്‍കുമാറും ഹരീഷ് സാല്‍വെക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപ്പേഷണല്‍ ഹെല്‍ത്തും നടത്തിയ പഠനങ്ങളിലും ആരോഗ്യപ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ കാരണമാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് കുറിപ്പില്‍ അവകാശപ്പെടുന്നു.

മാനസികപ്രശ്‌നങ്ങള്‍ 25 ശതമാനവും ആസ്മ 67 ശതമാനവും ത്വക്ക് രോഗങ്ങള്‍ 16 ശതമാനവും തളിച്ച സ്ഥലങ്ങളില്‍ കുറവാണ്. അര്‍ബുദം, ബുദ്ധിമാന്ദ്യം തുടങ്ങിയ രോഗങ്ങള്‍ തളിച്ചിടത്തും തളിക്കാത്തിടത്തും തുല്യമാണ്.

എന്‍ഡോസള്‍ഫാന്‍ തളിക്കാത്ത സ്ഥലങ്ങളുമായി താരതമ്യംചെയ്യുമേമ്പാള്‍ തളിച്ച മേഖലകളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കുറവാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more