കോഴിക്കോട്: എന്ഡോസള്ഫാന്‍ സമരസമിതിയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയമായി. സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയില്‍ തിരുമാനമായിരിക്കുകയാണ്.കുടുതല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സമരസമിതിക്കൊപ്പം നിലകൊണ്ട എഴുത്തുകാരനും അധ്യാപകനുമായ അംബികാസുതന്‍ മാങ്ങാട് സംസാരിക്കുന്നു.
കാസറഗോഡിന്റെ വലിയൊരു മുറിവാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം. ഏതാണ്ട് കാല്‍ നൂറ്റാണ്ട് കാലം ആകാശത്തില്‍ നിന്ന് ഹെലികോപ്റ്ററിലൂടെ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി കോരിയൊഴിച്ചതിന്റെ ഫലമായി ആയിരക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെടുകയും, പതിനായിരക്കണക്കിന് കുട്ടികള്‍ തീരാദുരിതത്തിലകപ്പെടുകയും, കോടാനുകോടി ജീവജാലങ്ങള്‍ ഭൂമുഖത്ത് നിന്ന് ഇല്ലാതാവുകയും ചെയ്ത ഭൂമിയും മണ്ണും വെള്ളവും ഒരുപോലെ മലിനമാവുകയും ചെയ്ത വലിയ ദുരന്തമാണ് കാസറഗോഡ് സംഭവിച്ചത്.
വാസ്തവത്തില്‍ അതൊരു കൂട്ടക്കൊലയാണ്…
മാറി മാറി വന്ന ഭരണകൂടങ്ങള്‍ക്ക് ഉത്തരവാദിത്വമുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷനും എന്‍ഡോസള്‍ഫാന്‍ കമ്പനിയും ഒന്നും രണ്ടും പ്രതികളായി വരുന്ന ഒരു വലിയ കൂട്ടക്കൊല. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൂട്ടക്കൊല എന്ന് ഞാന്‍ അതിനെ വിളിക്കും. കാരണം മാറി മാറി വന്ന ഭരണകൂടമാണ് ഈ വിഷം കോരിയൊഴിച്ചത്. ഈ ദുരന്തത്തിന്റെ ശിക്ഷ അനുഭവിക്കുന്ന പാവങ്ങളില്‍ പാവങ്ങളായിട്ടുള്ള മനുഷ്യര്‍ ചികിത്സ ആവശ്യപ്പെടുമ്പോള്‍ അത് കൊടുക്കാതിരിക്കുകയും,ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എട്ടാഴ്ച്ചക്കുള്ളില്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ച ആനുകൂല്യങ്ങള്‍ എട്ടു കൊല്ലമായി നല്‍കാതിരിക്കുകയും, എത്ര അപേക്ഷിച്ചിട്ടും ചികിത്സാ സഹായങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് ഈ സമരം തുടങ്ങുന്നത്.
വേദനിക്കുന്നവരുടെ സമരം
ഇതിന്റെ ഭാഗമായാണ് ഇരകളായ അമ്മമാര്‍ തന്നെ കാസറഗോഡ് നിന്ന് സെക്രട്ടറിയേറ്റ് പടിക്കലില്‍ എത്തി സമരം ചെയ്യുന്നത്. കാലാകാലങ്ങളായി മാറി മാറി വന്ന സര്‍ക്കാരുകളെല്ലാം ഇതിനു ഉത്തരവാദികളാണ്. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയില്‍ വിനീഷ് അമ്പലത്തറ പ്രസിഡന്റും അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സെക്രട്ടറിയുമായിട്ടു പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ എട്ട് കൊല്ലമായി ഈ അമ്മമാരുടെ സമരം കാസറഗോഡ് കണ്ടു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെയോ സംഘടനകളുടെയോ യാതൊരു വിധ പിന്തുണയുമില്ലാതെ ഇരകളായവര്‍ നേരിട്ട് വന്ന ചെയ്യുന്ന സമരമായിരുന്നു ഇത്. വേദനിക്കുന്നവരുടെ സമരമാണ്. വേറെ താല്പര്യങ്ങളില്ലാത്തത് കൊണ്ട് തന്നെ അവര്‍ വിജയിക്കും. ഇക്കാലമത്രയും നടന്ന സമരങ്ങില്‍ പുതിയ ആവശ്യങ്ങളല്ല മറിച്ച് കാലങ്ങളായി ആവശ്യപ്പെട്ടിട്ടും അവഗണിച്ച ആവശ്യങ്ങളാണ്.
സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം തന്നെ ഇടപെട്ടു
സമര സമിതി ഉന്നയിച്ച ഏതാണ്ട് പതിമൂന്ന് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു എന്നതും പ്രതീക്ഷാവഹമാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകണം എന്ന നിലക്ക് തന്നെയാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. പ്രധാനമായി അതിര്‍ത്തികളില്ലാതെ തന്നെ കുഞ്ഞുങ്ങളെ പട്ടികയിലുള്‍പ്പെടുത്താം എന്ന് ഉറപ്പ് നല്‍കിയെന്നതാണ് വലിയൊരു തീരുമാനമായി കാണുന്നത്. ആറ് ബഡ്‌സ് സ്‌കൂളുകളുടെ ഉദ്ഘാടനം ഈ മാസം തന്നെ നടത്തുവാന്‍ തീരുമാനിച്ചു. ബാക്കി മൂന്ന് സ്‌കൂളുകളും ഉടനെ ആരംഭിക്കും. കടം എഴുതി തള്ളാനുള്ള നീക്കവും വളരെ പെട്ടെന്ന് തന്നെ നടപടികള്‍ പൂര്‍ത്തീകരിക്കുമെനന് പ്രഖ്യാപനമുണ്ടായി. സെല്ലിന്റെ പ്രവര്‍ത്തനങ്ങളിലെ ജാഗ്രതാ കുറവ് ഞങ്ങള്‍ ചൂണ്ടിക്കാട്ടുകയും അത് പരിഗണിക്കുകയും ചെയ്തു. പുനരധിവാസ ഗ്രാമത്തിന് 5 കോടി രൂപ ഉരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കി കഴിഞ്ഞു.
ദയാ ബായി ശക്തിയായി
ലോകപ്രശസ്തയായ ദയാ ബായി ഈ സമരത്തിന് മുന്നില്‍ നിന്ന നയിച്ചു എന്നത് ഞങ്ങള്‍ക്ക വലിയ ശക്തിയായി. അമ്മമാരോടൊപ്പം പട്ടിണി കിടന്നു എന്നത്.
നിരോധിച്ച കീടനാശിനികള്‍ കേരളത്തിലേക്ക് വരാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി വേണം
കാസറഗോഡ് ജില്ലയില്‍ പല സ്വകാര്യ തോട്ടങ്ങളിലും ഇത്തരം കീടനാശിനികള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ആറു മാസങ്ങള്‍ക്ക് മുമ്പ് തൃശ്ശൂരില്‍ വച്ച് കൃഷി മന്ത്രിയും കേരളത്തില്‍ പല സ്ഥലങ്ങളിലും കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാക്കിയിരുന്നു.അതിനു ശേഷമാണ് തിരുവല്ലയില്‍ രണ്ടു പേര്‍ കീടനാശിനി ഉപയോഗിച്ചത് മൂലം മരിച്ചത്. സര്‍ക്കാര്‍ ജൈവകേരളത്തെ പടുത്തുയര്‍ത്താന്‍ ഹരിത മിഷന്‍ രൂപീകരിക്കുന്നതിനോടൊപ്പം ഈ വിഷയം കൂടി കണക്കിലെടുക്കണം. നിരോധിച്ച കീടനാശിനികള്‍ കേരളത്തിലേക്ക് വരാതിരിക്കാനും ഉത്പാദിപ്പിക്കുന്ന വില്‍ക്കാനെത്തുന്ന പച്ചക്കറികളില്‍ വിഷാംശമുള്ള പച്ചക്കറികള്‍ തിരിച്ചറിയാനുമുള്ള വഴി സ്വീകരിക്കണം.
കുട്ടികളുടെ ഭാവി?
ഇവരുടെ ചികിത്സാ ചിലവുകള്‍ മുഴുവന്‍ സര്‍ക്കാര്‍ വഹിക്കും. പട്ടികയില്‍ ഉള്‍പ്പെടാതെ പോയവരും മുമ്പ് മെഡിക്കല്‍ ക്യാമ്പില് പങ്കെടുക്കാന്‍ കഴിയാതെ പോയവരുമായ ആളുകളെ പങ്കെടുപ്പിക്കുമെന്നാണ് ഇപ്പോള്‍ ലഭിച്ച ഉറപ്പ്.