| Friday, 28th September 2012, 4:16 pm

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ഇക്കാര്യത്തില്‍ കൃഷി മന്ത്രാലയത്തിന്റെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നും വനംപരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം മന്ത്രിസഭയ്ക്ക് മുമ്പില്‍ വരുമ്പോള്‍ പരിസ്ഥിതി വകുപ്പിന്റെ നിലപാട് വ്യക്തമാക്കും. മന്ത്രിസഭയുടെ തീരുമാനമാണ് രാജ്യത്തിന്റെ തീരുമാനമാവുകയെന്നും മന്ത്രി പറഞ്ഞു.[]

എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. കേരളവും കര്‍ണാടകവും ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കാന്‍ അനുവദിക്കണം. അവശേഷിക്കുന്ന അസംസ്‌കൃത വസ്തുക്കളില്‍ ഉത്പാദനം അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്റെ മൂല്യം 66 കോടി രൂപ മാത്രമാണ്. ഇത് നശിപ്പിക്കാന്‍ 1245 കോടി ചിലവ് വരുമെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഇതൊഴിവാക്കാന്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് കേന്ദ്രം അപേക്ഷയില്‍ ആവശ്യപ്പെട്ടത്.

അതേസമയം കൂടംകുളം ആണവനിലയം സുരക്ഷിതമാണെന്നും പാരിസ്ഥിതിക അനുമതി ആവശ്യമാണെങ്കില്‍ പുനഃപരിശോധിക്കുമെന്നും മന്ത്രി ജയന്തി നടരാജന്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more