കാസര്‍കോട്: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരത്തിലേക്ക്. കഴിഞ്ഞ വര്‍ഷം സെക്രട്ടേറിയേറ്റില്‍ നടന്ന സമരത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നാരോപിച്ചാണ് ഇരകള്‍ വീണ്ടും സമരത്തിലേക്കെത്തുന്നത്. ഈ മാസം മുപ്പതിന് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തുനാണ് തീരുമാനം.
2019 ഫെബ്രുവരിയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരും അമ്മമാരും സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ അനിശ്ചിത കാലസമരമാരംഭിച്ചത്. എന്നാല്‍ അന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും പാലിക്കപ്പെട്ടില്ലെന്നാണ് ആരോപണം.
അന്ന് നടത്തിയ പട്ടിണി സമരത്തെ തുടര്‍ന്ന് പെന്‍ഷന്‍ വര്‍ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും അതും നടന്നില്ലെന്നും അവര്‍ പറഞ്ഞു. മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് അര്‍ഹതയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല.
പലരുടെയും പെന്‍ഷന്‍ നാലുമാസത്തോളമായി മുടങ്ങിക്കിടക്കുകയാണെന്നും ദുരിത ബാധിതര്‍ പറയുന്നു. മാര്‍ച്ചിനു ശേഷവും ഇവര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്ത പക്ഷം വീണ്ടും സമരം നടത്താനാണ് തീരുമാനം.