സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, വൈക്കം വിശ്വന്‍, സുഗതകുമാരി തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തി. ദുരിത ബാധിതരുടെ ക്ഷേമത്തിന് 2014ല്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുന്നത്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2010 ഡിസംബറില്‍ ശുപാര്‍ശ ചെയ്ത അടിയന്തിര സഹായം എത്രയും പെട്ടെന്ന് നല്‍കുക, പുനരധിവാസം ശാസ്ത്രീയമായി നടപ്പിലാക്കുക, ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളി ബാങ്ക് ജപ്തിയില്‍ നിന്ന് രക്ഷിക്കുക. പതിനൊന്ന് പഞ്ചായത്തുകള്‍ക്ക് പുറത്ത് നിന്നുള്ള ബാധിതരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. ബഡ്‌സ് സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹാരിക്കുക. വര്‍ഷത്തിലൊരിക്കല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി രോഗികളായവരെ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയവ ആവശ്യങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നത്.
പ്രതിഷേധ സമരത്തെ തുടര്‍ന്ന് 2014ല്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നിരന്തരം വഞ്ചിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് സമരക്കാര്‍ ആരോപിക്കന്നത്. അതേ തുടര്‍ന്നാണ് ജനുവരി 26 മുതല്‍ സമരം ആരംഭിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ നടപ്പിലാക്കും വരെ പട്ടിണി സമരം തുടരുമെന്ന് സമരസമിതി പറയുന്നു. ഒരു ദിവസം അഞ്ച് അമ്മമാര്‍ വീതമാണ് പട്ടിണി കിടന്ന് സമരം ചെയ്യുന്നത്.