ദയാബായിയുടെ സമരം: സമരസമിതി ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും നടപ്പിലാക്കുമെന്ന് ചര്‍ച്ചയില്‍ മന്ത്രിമാരുടെ ഉറപ്പ്
Kerala News
ദയാബായിയുടെ സമരം: സമരസമിതി ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും നടപ്പിലാക്കുമെന്ന് ചര്‍ച്ചയില്‍ മന്ത്രിമാരുടെ ഉറപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th October 2022, 2:45 pm

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയുള്ള സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് അറിയിച്ചതായി സര്‍ക്കാര്‍. മന്ത്രിമാരായ വീണ ജോര്‍ജ്, ആര്‍. ബിന്ദു തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. സമരസമിതി നടത്തിയ ചര്‍ച്ച ഫലപ്രദമാണെന്ന് മന്ത്രിമാര്‍ മാധ്യമങ്ങളെ അറിയിച്ചു.

സമരക്കാരുമായുള്ള ചര്‍ച്ച ഫലപ്രദമാണെന്നും കെ.എസ്.എസ്.എമ്മിന്റെ ആഭിമുഖ്യത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

ദയാബായി ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചതായി മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നാല് വിഷയങ്ങളാണ് അവര്‍ പ്രധാനമായും ഉന്നയിച്ചത്. എയിംസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. ഇക്കാര്യം അറിയിച്ചു. കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കും. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

ദയാബായിയെ ആശുപത്രിയിലെത്തി മന്ത്രിമാര്‍ കണ്ടു. സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിലായിരുന്നു രണ്ടാഴ്ച ദയാബായി സമരം നടത്തിയിരുന്നത്. ആരോഗ്യനില കണക്കിലെടുത്താണ് ശനിയാഴ്ച രാത്രി പൊലീസ് ഇടപെട്ട് ആശുപത്രിയിലാക്കിയിരുന്നു.