| Thursday, 5th May 2022, 2:18 pm

സ്റ്റാലിന് മുന്നില്‍ മുട്ടുകുത്തി ഗവര്‍ണര്‍; നീറ്റ് വിരുദ്ധ ബില്‍ രാഷ്ട്രപതിയുടെ അനുമതിക്ക് അയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നീറ്റ് വിരുദ്ധ ബില്ലിന്റെ പേരില്‍ തമിഴ്‌നാട് സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം അവസാനിക്കുന്നു.

തമിഴ്നാട് നിയമസഭ രണ്ടാം തവണയും പാസാക്കിയ നീറ്റ് വിരുദ്ധ ബില്‍ രാഷ്ട്രപതിയുടെ അനുമതിക്കായി ഗവര്‍ണര്‍ ആര്‍.എന്‍. രവി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.

ഗവര്‍ണറുടെ സെക്രട്ടറി തന്നെ ഫോണിലൂടെ അറിയിച്ച കാര്യം സഭയെ അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. നീറ്റില്‍ നിന്ന് ഒഴിവാക്കാന്‍, കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടുന്ന് ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നീറ്റ് വിരുദ്ധ ബില്ലിനെച്ചൊല്ലി ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനം ബില്ലിന് ഗവര്‍ണറുടെ അംഗീകാരം ചോദിക്കുകയല്ല, ഒരു ‘പോസ്റ്റ്മാനെ’ പോലെ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചാല്‍ മതിയെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.

ഡി.എം.കെ ഭരണകാലത്ത് രണ്ടുതവണ നിയമസഭയില്‍ പാസാക്കിയ ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും തമിഴ്‌നാടിനുള്ള ദേശീയ എന്‍ട്രന്‍സ് കം എലിജിബിലിറ്റി ടെസ്റ്റിന്റെ (നീറ്റ്) പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ പല വിഷയത്തിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലേക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍ തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു.

Content Highlights: End to standoff? Guv Ravi forwards NEET Bill to Centre for President’s assent

We use cookies to give you the best possible experience. Learn more