ന്യൂദല്‍ഹി: സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ നിയമമുണ്ടെങ്കിലും അതിക്രമങ്ങള്‍ കുറക്കുന്നതിനായി സമൂഹത്തിന്റെ ചിന്താഗതി മാറണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ന്യൂസ് 18 സംഘടിപ്പിച്ച ഷീ ശക്തി ഇവന്റില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പുരുഷാധിപത്യം ഉപേക്ഷിച്ച് വിശാലമായ ഒരു അന്തരീക്ഷത്തിലേക്ക് നോക്കാന്‍ ആളുകള്‍ പഠിക്കണമെന്നും ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. നിയമസംവിധാനങ്ങള്‍ കൊണ്ട് മാത്രം എല്ലാ അതിക്രമങ്ങളും തടയാന്‍ കഴിയില്ല. സ്വകാര്യവും പൊതുവായതുമായ സാഹചര്യങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നാം ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും സമത്വവും ലഭിക്കുന്ന ഒരു അന്തരീക്ഷത്തിലേക്ക് അവരെ എത്തിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇക്കാര്യങ്ങളെ കുറിച്ച് തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ലഭിക്കുമ്പോള്‍ മാത്രമേ ഒരു മെച്ചപ്പെട്ട സമൂഹം ഉടലെടുക്കുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു പരിപാടിയില്‍ ഒരു പുരുഷന്‍ മുഖ്യ പ്രഭാഷകനായിരിക്കുന്നതിന്റെ വിരോധാഭാസവും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 37 ശതമാനമാണെന്നും ജി.ഡി.പിയില്‍ സ്ത്രീകളുടെ സംഭാവന 18 ശതമാനമാണെന്നും ചീഫ് ജസ്റ്റിസ് പറയുകയുണ്ടായി.
ഇന്ത്യന്‍ വിമന്‍സ് ചാര്‍ട്ടര്‍ ഓഫ് റൈറ്റ്‌സ് തയാറാക്കിയ ഹന്‍സ മേത്തയെ കുറിച്ചും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പരാമര്‍ശിച്ചു. മേത്ത ഒരു ആക്ടിവിസ്റ്റും നയതന്ത്രജ്ഞയും ഭരണഘടനാ അസംബ്ലിയിലെ അംഗവും അതിലുപരി ഒരു ഫെമിനിസ്റ്റ് കൂടിയായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Content Highlight: End patriarchy in society: Chief Justice