സ്വിസ് ബാങ്കിന്റെ രഹസ്യത്തിന് വിരാമം; കള്ളപ്പണ വിവരങ്ങള്‍ പരസ്യപ്പെടുത്തും
World
സ്വിസ് ബാങ്കിന്റെ രഹസ്യത്തിന് വിരാമം; കള്ളപ്പണ വിവരങ്ങള്‍ പരസ്യപ്പെടുത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th October 2013, 7:16 pm

[]ജനീവ: ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളുടെ ചോദ്യങ്ങള്‍ക്ക് വിരാമമിട്ട് സ്വിസ് ബാങ്കിലെ കള്ളപ്പണത്തിന്റെ വിശദാംങ്ങള്‍ വെളിപ്പെടുത്താന്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് സര്‍ക്കാര്‍ തയ്യാറായി.

ലോകരാജ്യങ്ങളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. ഇതോടെ സ്വിസ് ബാങ്കിനു ചുറ്റുമുള്ള പ്രസിദ്ധമായ രഹസ്യ മതില്‍ ഫലത്തില്‍ ഇല്ലാതാവുകയാണ്.

ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്വിസ് ബാങ്കില്‍ കോടികണക്കിന് രൂപയുടെ നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാലിവരുടെ വിവരങ്ങള്‍ പുറത്ത് വിടാനാവില്ലെന്നായിരുന്നു സ്വിസ് ബാങ്ക് അധികൃതരുടെ ഇതുവരെയുള്ള നിലപാട്.

ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ലോക രാജ്യങ്ങളുടെ സമ്മര്‍ദ്ദഫലമായി നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാമെന്നുള്ള ഉടമ്പടിയില്‍ സ്വിസ് സര്‍ക്കാര്‍ ഒപ്പുവച്ചു.

സാമ്പത്തിക സഹകരണ വികനസന സംഘടനയുടെ മള്‍ട്ടിലാറ്ററല്‍ കണ്‍വെന്‍ഷന്‍ ഓണ്‍ മ്യൂച്ചല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഇന്‍ ടാസ്‌ക് മാറ്റേഴ്‌സ് എന്ന കരാറിലാണ് ഒപ്പിട്ടത്.

ഇന്ത്യയടക്കമുള്ള 58 രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പു വച്ചിട്ടുണ്ട്. ഈ സന്ധി പ്രകാരം ഒപ്പു വച്ച രാജ്യങ്ങള്‍ക്കിടയിലെ ബാങ്ക് നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറണം.

ഇത് “”രഹസ്യ ബാങ്കിങ്ങിന്റെ അന്ത്യമാണ്്”” എന്നാണ് സാമ്പത്തിക സഹകരണ വികനസന സംഘടനയുടെ നേതാവായ പാസ്‌കല്‍ സെയിന്റ് ്അമാന്‍സ് പറഞത്.

നികുതി വെട്ടിപ്പ് തടയുന്നതിനും കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനുമുള്ള സംഘടനയാണ് പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സഹകരണ – വികസന സംഘടന.

നികുതി വെട്ടിപ്പിനും കള്ളപ്പണ സൂക്ഷിക്കുന്നതിനുമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പലരും സ്വിസ്  ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായി പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു.

സ്വിസ് നാഷണല്‍ ബാങ്കിന്റെ പുതിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2012 ന്റെ അവസാനത്തോടെ 9000 കോടിയുടെ ഇടപാട് ഇന്ത്യക്കാര്‍ സ്വിസ് ബാങ്കില്‍ നടത്തിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളില്‍ നിന്നായി ഇക്കാലയളവില്‍ മൊത്തം 90 ലക്ഷം കോടി രൂപ സ്വിസ് ബാങ്കില്‍ നിക്ഷേപമായി എത്തിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.