വിരാടിനൊപ്പം അതും നമ്മള്‍ക്ക് നഷ്ടപ്പെടുകയാണോ? ലാസ്റ്റ് ഡാന്‍സിന് ഇന്ത്യ-ഇംഗ്ലണ്ട് ഫൈനലിനായി ആരാധകരുടെ പ്രാര്‍ത്ഥന
Sports News
വിരാടിനൊപ്പം അതും നമ്മള്‍ക്ക് നഷ്ടപ്പെടുകയാണോ? ലാസ്റ്റ് ഡാന്‍സിന് ഇന്ത്യ-ഇംഗ്ലണ്ട് ഫൈനലിനായി ആരാധകരുടെ പ്രാര്‍ത്ഥന
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th February 2024, 1:31 pm

 

 

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. വിരാട് കോഹ്‌ലിയില്ലാതെയാണ് ഇന്ത്യ അവസാന മത്സരത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വിരാട് കോഹ്‌ലി ഇന്ത്യയുടെ ഭാഗമായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് വിരാട് ടീമില്‍ നിന്നും വിട്ടുനിന്നത്. ഫെബ്രുവരി പകുതിയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് മുതല്‍ വിരാട് ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ പരമ്പര പൂര്‍ണമായും വിരാടിന് നഷ്ടപ്പെട്ടിരിക്കുകയാണ്.

 

വിരാട് ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമാകാതിരിക്കുന്നതോടെ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച മറ്റൊരു റൈവല്‍റി കൂടി ഇല്ലാതാവുകയാണ്. മോഡേണ്‍ ഡേ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ – വിരാട് കോഹ്‌ലി പ്ലെയര്‍ ബാറ്റിലിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

2012ലെ ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരക്ക് പിന്നാലെയാണ് വിരാട് – ആന്‍ഡേഴ്‌സണ്‍ പോരാട്ടവും ഉടലെടുത്തത്. അന്നുതൊട്ടിന്നുവരെ കളിക്കളത്തിനകത്തും പുറത്തും പരസ്പര ബഹുമാനം പുലര്‍ത്തുന്ന രണ്ട് ഇതിഹാസ അത്‌ലീറ്റുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം തന്നെ ക്രിക്കറ്റ് ലോകത്തിന് വിരുന്നൊരുക്കി.

2012 മുതല്‍ 2022 വരെയുള്ള പത്ത് വര്‍ഷക്കാലയളവില്‍ ആന്‍ഡേഴ്‌സണിന്റെ തീ തുപ്പുന്ന 710 പന്തുകളാണ് വിരാട് നേരിട്ടത്. ഇതില്‍ നിന്നും 43.60 എന്ന ശരാശരിയില്‍ 305 റണ്‍സും നേടി.

കരിയറില്‍ ഏഴ് തവണയാണ് വിരാട് ആന്‍ഡേഴ്‌ണോട് തോറ്റ് പുറത്താകുന്നത്. 2014ലാണ് ഏറ്റവുമധികം തവണ പുറത്തായത്. നാല് തവണ. 2021ല്‍ വിരാടിനെ രണ്ട് തവണ മടക്കിയ ജിമ്മി 2012ല്‍ ഒരു തവണയും വിരാടിനെ മടക്കി.

ആന്‍ഡേഴ്‌സണിന്റെ ഏറ്റവുമധികം പന്ത് നേരിട്ട വര്‍ഷമായ 2018ല്‍ വിരാടിനെ ഒരിക്കല്‍ പോലും പുറത്താക്കാന്‍ ഇംഗ്ലീഷ് ലെജന്‍ഡിന് സാധിച്ചിരുന്നില്ല. ആ വര്‍ഷം ആന്‍ഡേഴ്‌സണിന്റെ 270 പന്തില്‍ നിന്നും 114 റണ്‍സും വിരാട് നേടി.

വിരാട് – ആന്‍ഡേഴ്‌സണ്‍ പ്ലെയര്‍ ബാറ്റില്‍

റണ്‍സ് – 305

പന്തുകള്‍ – 710

ഔട്ട് – 7

ഡോട്ട് – 560

4s – 39

6s – 0

സ്‌ട്രൈക്ക് റേറ്റ് – 43.0

ശരാശരി – 43.60

 

ഇനി ഈ സ്റ്റാര്‍ ബാറ്റില്‍ കാണാന്‍ സാധിക്കില്ലെന്ന നിരാശയാണ് ആരാധകര്‍ക്കുള്ളത്. 2025 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വന്നാല്‍ ഒരുപക്ഷേ വിരാട് – ആന്‍ഡേഴ്‌സണ്‍ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ക്രിക്കറ്റ് ലോകത്തിന് സാധിച്ചേക്കും.

ഈ വര്‍ഷം 42 വയസ് തികയുന്ന ആന്‍ഡേഴ്‌സണ്‍ ഇനിയും തന്റെ വിരമിക്കലിനെ കുറിച്ച് സൂചന നല്‍കിയിട്ടില്ല. പ്രായത്തെ വെല്ലുന്ന പോരാട്ട വീര്യവുമായി ആന്‍ഡേഴ്‌സണ്‍ ഇനിയുള്ള വര്‍ഷങ്ങളിലും 22 വാര പിച്ചില്‍ മാന്ത്രികം തീര്‍ത്താല്‍ ഈ ക്ലാസിക് പോരാട്ടത്തിന് നമുക്ക് സാക്ഷ്യം വഹിക്കാം.

 

 

Content Highlight: End of Kohli vs Anderson era: Fans react to Virat Kohli’s decision to miss the whole series