അപകടകാരികളായ കുപ്രസിദ്ധരിലെ രണ്ടാമനും മടങ്ങി, ഡി കമ്പനി ഇനിയില്ല
DISCOURSE
അപകടകാരികളായ കുപ്രസിദ്ധരിലെ രണ്ടാമനും മടങ്ങി, ഡി കമ്പനി ഇനിയില്ല
ലിജീഷ് കുമാര്‍
Tuesday, 11th May 2021, 4:33 pm

ആയുധക്കടത്ത്, കള്ളക്കടത്ത്, ലഹരിമരുന്നു വ്യാപാരം, കള്ളനോട്ട്, ഹവാല ഒറ്റവാക്കില്‍ അധോലോകപ്രവര്‍ത്തനങ്ങള്‍ എന്നു പറയാം. കുപ്രസിദ്ധരായ രണ്ടധോലോക രാജാക്കന്മാരുടെ പിടിയിലായിരുന്നു 90 കളിലെ കേരളം. അതിലൊരാള്‍ കോഴിക്കോട്ടായിരുന്നു, പേര് ദാമോദര്‍ ഭായ്. രണ്ടാമന്‍ കോട്ടയത്തുകാരന്‍ ഒരു ഡെന്നീസ്. ദാമോദര്‍ ആന്‍ഡ് ഡെന്നീസ്, ഇന്റര്‍പോളിന്റെ ക്രിമിനല്‍ പ്രൊഫൈലില്‍ 90 കളിലെ കേരളത്തെ കൈവെള്ളയില്‍ അമ്മാനമാടിയ ഡി കമ്പനി. അപകടകാരികളായ കുപ്രസിദ്ധര്‍, കിരീടം വെക്കാത്ത ഗ്യാംഗ്‌സ്റ്റേഴ്‌സ്.

മുംബൈ അധോലോകം നിറയെ ഇവരുടെ ചാരന്മാരായിരുന്നു. അവിടുത്തെ ആളനക്കങ്ങള്‍ വരെ കോഴിക്കോട്ടെയും കോട്ടയത്തെയും ഒളിസങ്കേതങ്ങളറിഞ്ഞു. ആരാദ്യമറിയും എന്നത് മാത്രമായിരുന്നു കൗതുകം. കുഞ്ഞാലിക്കയുടെ ഉന്തുവണ്ടി തള്ളി നടന്ന ദേവനാരായണന്‍, റസ്ലിംഗ് റിംഗില്‍ വെച്ച് മാര്‍ട്ടിനെ മലര്‍ത്തിയടിച്ച് ദാദയായ കഥ ആദ്യമറിഞ്ഞത് ദാമോദര്‍ ഭായിയാണ്. ആര്യന്മാരുടെ അധോലോകത്തെ പിന്നെ നിയന്ത്രിച്ചത് കാര്‍ലോസായിരുന്നു. കാര്‍ലോസിനെ വീഴ്ത്താന്‍ കണ്ണന്‍ നായര്‍ എന്ന വര്‍ക്ക് ഷോപ്പ് മെക്കാനിക്കിനെ ബോംബെക്കയച്ചത് ഡെന്നീസാണ്.

പിന്നീട് തിലക് നഗറില്‍ നിന്ന് ബോംബെയെ നിയന്ത്രിച്ചത് ഡോണ്‍ രാജന്‍ മഹാദേവ് നായര്‍ എന്ന ബഡാ രാജനായിരുന്നു. ദാമോദര്‍ ഭായ് അവന് ഹരിയണ്ണ എന്ന് പേരിട്ടു. ഡെന്നീസിന്റെ കണ്ണന്‍ നായരെപ്പോലെ ഇന്ദ്രജാലക്കാരനായിരുന്നില്ല ഹരിയണ്ണ, ചക്രവ്യൂഹത്തില്‍ കുടുങ്ങിപ്പോയ അഭിമന്യുവായിരുന്നു. വെടിയേറ്റ് വീഴും വരെ അയാള്‍ ബോംബെ അധോലോകത്തെ ഭരിച്ചു.

രാഷ്ട്രീയത്തിലും ഇവര്‍ക്കാഴത്തില്‍ വേരുണ്ടായിരുന്നു. ദാമോദര്‍ ഭായിയുടെ ശിവന്‍ ചുവന്ന കൊടിപിടിച്ചപ്പോള്‍, ഡെന്നീസിന്റെ മഹേന്ദ്ര വര്‍മ്മ ഖദറിട്ടു. ഭൂമിയിലെ രാജാക്കന്മാര്‍ക്കിടയില്‍ നിന്ന് മഹേന്ദ്ര വര്‍മ്മ പുറത്തേക്ക് വഴി തേടിയപ്പോള്‍, ആത്മവും ബ്രഹ്മവും ഒന്നാണ് എന്നു പറഞ്ഞ് ഗൗഡപാദരുടെ അദ്വൈതത്തിലേക്ക് മടങ്ങി ശിവന്‍. ‘മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍, പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും’ എന്ന് ഡെന്നീസെഴുതിയത്, ദാമോദര്‍ ഭായിയുടെ ശിവനെക്കുറിച്ചാണ്.

മീഡിയയും ഇവരുടെ കൈയ്യിലായിരുന്നു, വാര്‍ത്തകള്‍ കൊണ്ട് കോളിളമുണ്ടാക്കാന്‍ ദാമോദര്‍ ഭായി നിയോഗിച്ചത് മാധവന്‍ കുട്ടിയെയാണ്, ഡെന്നീസ് ജി.കെ യെയും. അന്ന് ന്യൂ ദല്‍ഹിയായിരുന്നു ഡെന്നീസിന്റെ തട്ടകം. ഇങ്ങ് കേരള പോലീസില്‍ ദാമോദര്‍ ഭായിയുടെ ഇന്‍സ്‌പെക്ര്‍ ബല്‍റാം ചാര്‍ജെടുത്തപ്പോള്‍, എഫ്.ഐ.ആറില്‍ തന്നെ സേഫാക്കാന്‍ ഡെന്നീസ് മൊഹമ്മദ് സര്‍ക്കാര്‍ ഐ.പി.എസിനെ ഇറക്കി.

കളികള്‍ക്കൊടുവില്‍ 2012 ല്‍ ദാമോദര്‍ ഭായി മരിച്ചു. വലിയ കളികളൊന്നും കളിക്കാന്‍ പിന്നെ ഡെന്നീസുമുണ്ടായില്ല. രാത്രി വൈകി ഡെന്നീസ് മരിച്ച വാര്‍ത്ത അറിഞ്ഞു. കളി മതിയാക്കി ഡെന്നീസ് മടങ്ങുന്നു എന്ന് ഞാനെഴുതില്ല. കളിയൊക്കെ ഡെന്നീസെന്നോ മതിയാക്കിയതാണ്. ഇതൊരു മടക്കം മാത്രമാണ്.

മരിക്കും വരെ ദാമോദര്‍ഭായിയെ ഞാന്‍ കണ്ടിട്ടില്ല. ഡെന്നീസിനെ ഒരിക്കല്‍ കണ്ടിട്ടുണ്ട്, അത് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ചാണ്. അന്ന് കൂടെ അക്ബര്‍ കക്കട്ടിലുമുണ്ട്. ഞങ്ങളിരുന്ന് സംസാരിക്കുമ്പോള്‍ അയാള്‍ കേറി വന്നു. അക്ബര്‍ക്ക പരിചയപ്പെടുത്തി, ‘വിന്‍സന്റ് ഗോമസ് ‘ ഞാന്‍ വിറച്ചു കൊണ്ട് പറഞ്ഞു, ഡെന്നീസ് സാറിനെ എനിക്കറിയാം. അവര്‍ പൊട്ടിച്ചിരിച്ചു. അവരുടെ സംസാരം തീരും വരെയും ഞാനന്ന് കൗതുകത്തോടെ നോക്കി നിന്നു. ആദ്യമായാണ് ഒരു ഗ്യാംഗ്സ്റ്ററെ നേരില്‍ കാണുന്നത്. കാണാന്‍ പക്ഷേ പാവത്തെപ്പോലെ, ശരിക്കും യാര്‍ ഇവര്?

മണിരത്‌നത്തിന്റെ തമിഴ് പടം അഞ്ജലിയില്‍ ഇങ്ങനെയൊരു ചോദ്യമുണ്ട്,
”യാര്‍ ഇവര് ?”
”അവന്‍ പെരിയ മോസക്കാരന്‍, കില്ലര്‍, ഭയങ്കരമാണ ആള്.”
”അവന്‍ പേരെന്ന ?”
”അവന്‍ പേര് ഡെന്നീസ് ജോസഫ്”

ഗ്യാംഗ്സ്റ്റര്‍മാരുടെ ആരാധകനായിരുന്നു മണിരത്‌നം. ഇരുവരേയും അയാള്‍ വന്നു കണ്ടിട്ടുണ്ട്. കേരളത്തില്‍ കാലു കുത്തിയപ്പോള്‍ മണിരത്‌നം ആദ്യം വന്ന് കണ്ടത് ദാമോദര്‍ ഭായിയെയാണ്. ദാമോദര്‍ ഭായിയും ഇങ്ങനെയായിരുന്നിരിക്കുമോ. കാണാന്‍ സൗമ്യന്‍, കരുനീക്കങ്ങളില്‍ കരുത്തന്‍ ആവും. ഭായി എന്ന് കോഴിക്കോട്ടുകാര്‍ വിളിക്കാറില്ല, അവര്‍ക്ക് ദാമോദരന്‍ മാഷാണ്.

കൊല്ലും കൊലയും ഹരമാക്കിയ കാലത്ത് ഡെന്നീസ് എഴുതിയ ഒരു പുസ്തകമുണ്ട്, ബന്‍ജാര. അതില്‍ ഒരു മഹാമൃത്യു പൗര്‍ണ്ണമിയെക്കുറിച്ച് പറയുന്നുണ്ട്. ഇങ്ങനാണത്, ‘സ്വച്ഛന്ദമൃത്യു ആഗ്രഹിച്ച് ആണ്ടു പിറപ്പിലെ ഒന്നാം പൗര്‍ണമിക്ക് യാഗവേദിയിലെ ചിതകളില്‍ക്കയറി അവര്‍ നിരന്നു കിടക്കും. ഞങ്ങളതിനെ മഹാമൃത്യു പൗര്‍ണ്ണമി മഹോത്സവം എന്നു വിളിക്കും.

ഭൂമിയില്‍ നിന്ന് അഗ്‌നി പൊട്ടി മുളച്ച് ചിതയെ വിഴുങ്ങും. ആത്മാക്കള്‍ ദേഹം വിട്ടു പറന്നുയര്‍ന്ന് ചന്ദ്രനിലെത്തും. അവിടെനിന്ന് അടുത്ത അമാവാസിക്ക്, മഹാമുക്തി അമാവാസിമഹോത്സവത്തിന് ആത്മാക്കള്‍ ഇവിടെ വന്നു വാസം തുടങ്ങും. അവര്‍ക്കു പിന്നെ യാത്രയില്ല – മഹാമുക്തി.

ഇന്നലെയായിരുന്നു മഹാമൃത്യു പൗര്‍ണ്ണമി. യാഗവേദിയിലെ ചിതകളിലേക്ക് ഒറ്റയായും കൂട്ടമായും ലോകം നടക്കുന്നതിനിടെ ചുമ്മാ ആ ചിതയില്‍ കയറി ഡെന്നീസുമങ്ങ് കിടന്നു. ഡെന്നീസ് സര്‍, എന്തു കിടപ്പാണിത് – കരയിപ്പിക്കാനായിട്ട് പഴയ ഡോണാണെന്ന വല്ല വിചാരവുമുണ്ടോ, കാത്തിരിക്കണോ, അടുത്ത അമാവാസിക്ക് തിരിച്ചു വരുമോ?

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: End of D Company through dennis josephs death