ഗസയില്‍ ഇസ്രഈല്‍ യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍ ചെങ്കടലിലെ വാണിജ്യ കപ്പല്‍ പാതകളില്‍ ഹൂത്തികളുടെ ആക്രമണം ഉണ്ടാകില്ലെന്ന് ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യു.ഇ.എഫ്) യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി.
യെമനിലെ ഇറാന്‍ സഖ്യകക്ഷിയായ ഹൂത്തികള്‍ നവംബര്‍ മുതല്‍ ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കുകയാണ്.
ഗസക്കെതിരായ യുദ്ധത്തില്‍ ഫലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായാണ് അവരുടെ ആക്രമണം.
പ്രശ്‌നം ഗുരുതരമാക്കുന്ന തരത്തിലാണ് നിലവിലെ സ്ഥിതി പോകുന്നതെന്ന് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹമാന്‍ അല്‍ താനി ചൊവ്വാഴ്ച പറഞ്ഞു. ഗസയിലെ സംഘര്‍ഷം പരിഹരിക്കുന്നത് പ്രശ്‌നം ഗുരുതമാകുന്നത് തടയാന്‍ സഹായിക്കുമെന്നാണ് ഖത്തര്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മറ്റെല്ലാം പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഗസ എന്ന പ്രധാന പ്രശ്നത്തെ ആദ്യം നമ്മള്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്. രോഗലക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ചികിത്സിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ പരിഹാരങ്ങളെപ്പോഴും താല്‍ക്കാലികമായിരിക്കും,’ അദ്ദേഹം പറഞ്ഞു.
യു.എസിന്റെയും ബ്രിട്ടന്റെയും ആക്രമണങ്ങള്‍ സംഘര്‍ഷം കൂടുതല്‍ വഷളാക്കിയെന്നും അപകടസാധ്യത സൃഷ്ടിച്ചെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഏത് സൈനികആക്രമങ്ങളെക്കാള്‍ നയതന്ത്രമാണ് തങ്ങള്‍ എപ്പോഴും ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രഈലും ഫലസ്തീനും എന്ന ദ്വിരാഷ്ട പരിഹാരം കണ്ടെത്താനായില്ലെങ്കില്‍, ഗസയുടെ പുനര്‍നിര്‍മ്മാണത്തിന് ധനസഹായം നല്‍കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകില്ല. ദ്വിരാഷ്ട്രം എന്ന വ്യവസ്ഥ സമയബന്ധിതമായി അംഗീകരിക്കണമെന്ന് ഇസ്രഈലിനോട് ആവശ്യപ്പെടാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകേണ്ടതുണ്ട്. ഇത് ഇസ്രഈലികളുടെ കയ്യിലേക്ക് മാത്രമായി വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല,അദ്ദേഹം പറഞ്ഞു.
ലെബനന്‍, സിറിയ, ഇറാഖ്, യെമന്‍ എന്നിവിടങ്ങളില്‍ ഇറാനുമായി സഖ്യമുള്ള ഗ്രൂപ്പുകളാണ് ആക്രമണം നടത്തുന്നത്. ഇസ്രഈലും ഫലസ്തീന്‍ പ്രതിരോധ ഗ്രൂപ്പായ ഹമാസും തമ്മില്‍ യുദ്ധം ആരംഭിച്ചതിനു ശേഷം സംഘര്‍ഷം മിഡില്‍ ഈസ്റ്റിന്റെ ചില ഭാഗങ്ങളിലേക്ക് വ്യാപിച്ചിരുന്നു.
യെമനിലെ ഇറാന്‍ സഖ്യകക്ഷിയായ ഹൂത്തികള്‍ നവംബര്‍ മുതല്‍ ചെങ്കടലില്‍ വാണിജ്യകപ്പലുകള്‍ ആക്രമിക്കുന്നുണ്ട്. ലോകത്തിലെ ഷിപ്പിംഗ് ട്രാഫിക്കിന്റെ 12 ശതമാനവും വരുന്ന റൂട്ടിന്റെ ഭാഗമാണ് ഈ പാത. ഇസ്രഈലുമായുള്ള യുദ്ധത്തില്‍ ഫലസ്തീനികളെ പിന്തുണയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആക്രമണം എന്നാണ് ഹൂത്തികള്‍ അവകാശപ്പെടുന്നത്. വെള്ളിയാഴ്ച മുതല്‍ യെമനിലെ ഹൂത്തികളുടെ ലക്ഷ്യകേന്ദ്രങ്ങളില്‍ ഡസന്‍ കണക്കിന് വ്യോമ, നാവിക ആക്രമണങ്ങള്‍ നടത്തി യു.എസ്, ബ്രിട്ടീഷ് സേനകള്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു.
Content Highlight: End Israeli war on Gaza to stop Houthi attacks: Qatari PM at Davos summit