| Friday, 28th August 2015, 12:15 pm

വധശിക്ഷ ഭീകരവാദ കേസുകളില്‍ മാത്രം പരിമിതപ്പെടുത്തണമെന്ന് നിയമ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് വധശിക്ഷ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്ന് ദേശീയ നിയമ കമ്മീഷന്‍. ഭീകരവാദ കേസുകളില്‍ മാത്രം വധശിക്ഷ പരിമിതപ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. 272 പേജുള്ള കരട് റിപ്പോര്‍ട്ടിലാണ് നിയമ കമ്മീഷന്‍ രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നിയമ മന്ത്രാലയത്തിന് കമ്മീഷന്‍ സമര്‍പ്പിക്കും.

സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കമായി നില്‍ക്കുന്നവര്‍ക്ക് മേല്‍ വധശിക്ഷ പ്രയോഗിക്കപ്പെടുന്നുണ്ടെന്നും ഏകപക്ഷീയമായ വധശിക്ഷ വിധികള്‍ ചെറുക്കുന്നതില്‍ ദയാഹര്‍ജികള്‍ കൊണ്ടാവുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വധശിക്ഷയ്ക്ക് ജീവപര്യന്തം ശിക്ഷയേക്കാള്‍ പ്രത്യേകിച്ച് മേന്മയില്ലെന്നും കുറ്റകൃത്യങ്ങള്‍ കുറച്ച് കൊണ്ടു വരാന്‍ വധശിക്ഷയ്ക്ക് സാധിക്കുകയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

റിട്ടയേര്‍ഡ് ജസ്റ്റിസ് എ.പി ഷാ തലവനായ കമ്മീഷന്റെ കാലാവധി ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുന്നത്. കരട് റിപ്പോര്‍ട്ട് കമ്മീഷന്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുണ്ട്. വധശിക്ഷയെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് സുപ്രീം കോടതി ജസ്റ്റിസ് ഷാ അദ്ധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചിരുന്നത്. അതേ സമയം കമ്മീഷനിലെ ചില അംഗങ്ങള്‍ വധശിക്ഷ നിര്‍ത്തലാക്കുന്നതിനെ എതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്ത് ഇന്ത്യയുള്‍പ്പടെ 59 രാജ്യങ്ങളിലാണ് വധശിക്ഷ നിയമ വിധേയമായിട്ടുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more