ന്യൂയോര്‍ക്ക്: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരായ വംശീയ വിവേചനം അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ അവകാശ സമിതി. റോഹിങ്ക്യൻ അഭയാര്‍ത്ഥികളെ ഏകപക്ഷീയമായി തടങ്കലില്‍ വെക്കുന്നതും നിര്‍ബന്ധിത നാടുകടത്തലും അവസാനിപ്പിക്കണമെന്നാണ് ഐക്യരാഷ്ട്രസഭ ഇന്ത്യയോട് ആവശ്യപ്പെട്ടത്.
രക്ഷതേടി എത്തിയവരെ തിരികെ മ്യാന്‍മറിലേക്ക് അയക്കുക വഴി ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഇന്ത്യ നടത്തുന്നതെന്നും യു.എന്‍ പ്രസ്താവനയില്‍ പറഞ്ഞു.
2018നും 2022നും ഇടയില്‍ ഇന്ത്യയില്‍ നിന്ന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നിര്‍ബന്ധിതമായി നാടുകടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടുകളില്‍ ആശങ്ക ഉണ്ടെന്നും യു.എന്‍ പറഞ്ഞു.
ഇന്ത്യ വീണ്ടും നാടുകടത്തല്‍ തുടരുകയാണെങ്കില്‍ റീഫൗള്‍മെന്റ് നിയമത്തിന്റെ ലംഘനമാകുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കി. അഭയാര്‍ത്ഥികളെ അവര്‍ പീഡനം നേരിട്ടേക്കാവുന്ന രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതില്‍ നിന്ന് രാജ്യങ്ങളെ തടയുന്ന അന്താരാഷ്ട്ര നിയമത്തിലെ വ്യവസ്ഥയാണ് നോണ്‍ റീഫൗള്‍മെന്റ്.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇമിഗ്രേഷന്റെ പേരില്‍ തടങ്കല്‍ വെക്കുന്നുണ്ടെങ്കില്‍ അത് ചുരങ്ങിയ കാലയളവില്‍ മാത്രമായിരിക്കുമെന്ന് ഇന്ത്യാ ഗവൺമെന്റ് ഉറപ്പ് വരുത്തണമെന്നും യു.എന്‍ ആവശ്യപ്പെട്ടു.
തടവിലാക്കപ്പെട്ട റോഹിങ്ക്യന്‍ വംശജര്‍ക്ക് നിയമോപദേശം നല്‍കണമെന്നും യു.എന്‍ കൂട്ടിച്ചേർത്തു. തടങ്കലിലെ അവരുടെ ജീവിതസാഹചര്യം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നും യു.എന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി കണക്കനുസരിച്ച് ഏകദേശം 79,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 22,000 പേര്‍ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാഷ്ട്രീയക്കാരും മറ്റ് പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെ റോഹിങ്ക്യകള്‍ക്കെതിരെ നടത്തുന്ന വംശീയ വിദ്വേഷ പ്രസംഗങ്ങളും യു.എന്‍ പ്രസ്താവനയില്‍ ഉയര്‍ത്തിക്കാട്ടി. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും വംശീയ വിദ്വേഷ പ്രസംഗങ്ങള്‍ പ്രചരിക്കുന്നതിനെതിരെ പോരാടാനും ഇന്ത്യയോട് യു.എന്‍ ആവശ്യപ്പെട്ടു.
ഇത്തരം ഹീനമായ പ്രവര്‍ത്തികളില്‍ ഇന്ത്യ നിലപാടെടുക്കണമെന്നും അവ ചെയ്യുന്നവര്‍ക്കെതിരെ മതിയായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും യു.എന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
റോഹിങ്ക്യന്‍ വംശജര്‍ പ്രധാനമായും മുസ്‌ലിങ്ങളാണ്. ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ അവര്‍ക്ക് പൗരത്വം നിഷേധിക്കപ്പെട്ടു. അവരെ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തി ആക്രമിക്കുകയാണ് ചെയ്യുന്നത്.
സ്വന്തം രാജ്യത്ത് നടക്കുന്ന വംശീയ ഉന്മൂലനത്തില്‍ നിന്ന് രക്ഷതേടി ആയിരക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും പലായനം ചെയ്തത്.
Content Highlight: End arbitrary detention, forcible deportation of Rohingya refugees: UN rights body to India