Kerala News
കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ അവകാശങ്ങളിലേക്കുള്ള കടന്ന് കയറ്റം: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Aug 08, 05:53 am
Tuesday, 8th August 2023, 11:23 am

കൊച്ചി: കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ നിയമനിര്‍മാണം കൊണ്ടുവരണമെന്ന് ഹൈക്കോടതി. കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും കോടതി പറഞ്ഞു.

കുട്ടിയുടെ ജീവന് ഭീഷണിയാകുന്നുവെങ്കില്‍ മാത്രം ശസ്ത്രക്രിയക്ക് അനുമതി കൊടുക്കണമെന്നും ജസ്റ്റിസ് വി.ജി. അരുണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.

കുട്ടിയുടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ വിസമ്മതിക്കുന്നുവെന്ന് ആരോപിച്ച് ദമ്പതികള്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

‘സമ്മതമില്ലാതെയുള്ള ഇത്തരം ശസ്ത്രിക്രിയകള്‍ കുട്ടികളുടെ അന്തസിന്റെയും സ്വകാര്യതയുടെയും ലംഘനമാണ്. ഇത് ഭരണഘടന നല്‍കുന്ന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ്.

എന്താണ് തീരുമാനമെടുക്കേണ്ടതെന്ന് അറിവില്ലാത്ത പ്രായമാണ് കുട്ടികളുടേത്. സമ്മതമില്ലാതെയുള്ള ശസ്ത്രക്രിയകള്‍ കുട്ടികളുടെ അന്തസിനെയും സ്വകാര്യതയെയും ബാധിക്കും. കുട്ടികള്‍ വളര്‍ന്ന് വരുമ്പോള്‍ വൈകാരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും.

അതുകൊണ്ട് തന്നെ കുട്ടികളുടെ ലിംഗമാറ്റ ശസ്ത്രക്രിയ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണം. മൂന്ന് മാസത്തിനകം സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം,’ കോടതി പറഞ്ഞു.

സൈക്കോളജിസ്റ്റ്, പീഡിയാട്രിക് സര്‍ജന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന മോണിറ്ററിങ്ങ് കമ്മിറ്റി ഉണ്ടാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ജീവന് ഭീഷണിയാകുന്നുണ്ടെങ്കില്‍ മാത്രമേ കമ്മിറ്റി ശസ്ത്രക്രിയക്ക് അനുമതി നല്‍കാവൂ എന്നും കോടതി പറഞ്ഞു.

content highlights: Encroachment on Children’s Gender Reassignment Rights: High Court