കൈയേറ്റ ഭൂമിയിലെ വീടുകള്‍ തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല: റവന്യൂമന്ത്രി
Kerala Flood
കൈയേറ്റ ഭൂമിയിലെ വീടുകള്‍ തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല: റവന്യൂമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th September 2018, 10:41 pm

തിരുവനന്തപുരം: പ്രളയത്തില്‍ കയ്യേറ്റ ഭൂമികളില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നവര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ ഭൂമി നല്‍കും. സംസ്ഥാനത്ത് ഇതുവരെ 412 ഇടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

അതിന്റെ സമീപ പ്രദേശങ്ങളില്‍ ചിലയിടങ്ങളില്‍ വിള്ളല്‍ കൂടിയിരിക്കുകയാണ്. ഇത്തരം സ്ഥലങ്ങളില്‍ ആളുകളെ താമസിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അത്തരം സ്ഥലങ്ങളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനായി സ്ഥലങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് റവന്യൂ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

പുഴയുടെ കരകളില്‍ താമസിക്കുന്നവര്‍ക്കും, തോടിന്റയും പുറംമ്പോക്കില്‍ വീട് നഷ്ടപ്പെട്ടമായവര്‍ക്കും അതേസ്ഥലങ്ങളില്‍ വീട് വെക്കാന്‍ അനുവദിക്കില്ല. അത്തരം ആളുകളുടെ പുനരധിവാസത്തിന് ഭൂമി കണ്ടെത്താനും കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ ആളുകള്‍ക്ക് ഭൂമി കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ പറ്റാവുന്ന കേന്ദ്രങ്ങളില്‍ വലിയ ഫ്‌ലാറ്റ് നിര്‍മ്മിച്ച് താമസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

ALSO READ: കേരളത്തില്‍ ഭരണസ്തംഭനമില്ല; ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതം; മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

അനധികൃതമായി കൈവശം വെച്ച ഭൂമിയില്‍ കെട്ടിടം നഷ്ടപ്പെട്ടവര്‍ക്ക് പുനര്‍നിര്‍മ്മാണത്തിന് അനുവദിക്കില്ല. പ്രളയത്തെ തുടര്‍ന്ന് പുഴകളില്‍ മണല്‍ വന്ന് അടിഞ്ഞിട്ടുണ്ട്. നിലവിലെ നിയമം അനുസരിച്ച് കൈകാര്യം ചെയ്യാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിതായും റവന്യൂ മന്ത്രി പറഞ്ഞു

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസംഘം വീണ്ടുമെത്തും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണെത്തുക. ജില്ലകള്‍ തിരിച്ച നഷ്ടങ്ങളുടെ കണക്ക് സംസ്ഥാനം കേന്ദ്രത്തെ ബോധ്യപ്പെടുത്തി പുനരധിവാസ പാക്കേജ് ആവശ്യപ്പെടും. അടിയന്തിര ധനസഹായമായ പതിനായിരം രൂപയുടെ വിതരണം 82 ശതമാനം പൂര്‍ത്തിയായതായും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

സംസ്ഥാനം ആവശ്യപ്പെടുന്ന പാക്കേജിനുള്ള വിവരങ്ങളും സംഘത്തിന് നല്‍കണമെന്ന് കേന്ദ്രം സൂചിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കാനാണിതെന്ന് കരുതുന്നു. നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ കണക്കെടുപ്പിനപ്പുറം യഥാര്‍ഥ സ്ഥിതി വിശദമായി മനസ്സിലാക്കാന്‍ സംഘത്തോട് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

WATCH THIS VIDEO: