ഹനുമാന്‍ ദളിത് ആദിവാസിയെങ്കില്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ ഞങ്ങള്‍ക്കു വിട്ടുനല്‍കൂ; യോഗിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പൂണൂലിട്ട് ഹനുമാന്‍ ക്ഷേത്രങ്ങളിലേക്ക് ദളിതരുടെ മാര്‍ച്ച്
national news
ഹനുമാന്‍ ദളിത് ആദിവാസിയെങ്കില്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ ഞങ്ങള്‍ക്കു വിട്ടുനല്‍കൂ; യോഗിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പൂണൂലിട്ട് ഹനുമാന്‍ ക്ഷേത്രങ്ങളിലേക്ക് ദളിതരുടെ മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st December 2018, 12:26 pm

 

ന്യൂദല്‍ഹി: രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി നേതാവും യു.പി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് നടത്തിയ ഹനുമാന്‍ ദളിതനാണെന്ന പ്രസ്താവന ഏറ്റുപിടിച്ച് യു.പിയിലെ ദളിതര്‍. ഹനുമാന്‍ ദളിതനാണെങ്കില്‍ എല്ലാ ഹനുമാന്‍ ക്ഷേത്രങ്ങളുടെയും നടത്തിപ്പ് അവകാശം ദളിതര്‍ക്കു വിട്ടുനല്‍കണമെന്നാണ് ആഗ്രയിലെ ദളിതര്‍ ആവശ്യപ്പെടുന്നത്.

ഹനുമാന്‍ ക്ഷേത്രം തങ്ങളെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ദല്‍ഹി-കാണ്‍പൂര്‍ ഹൈവേയിലെ ലാംഗ്രേകി ചൗകിയിലെ ഹനുമാന്‍ ക്ഷേത്രത്തിലേക്ക് 30ലേറെ ദളിതര്‍ മാര്‍ച്ചു നടത്തിയിരുന്നു. ദളിത് ദേവനായ ഹനുമാന്‍ കീ ജയ് എന്നു വിളിച്ചുകൊണ്ട് പൂണൂല്‍ ധരിച്ചായിരുന്നു പ്രക്ഷോഭം.

Also Read:മധ്യപ്രദേശില്‍ ബി.ജെ.പി നേതാവിന്റെ ഹോട്ടലില്‍ ഇ.വി.എമ്മുകളുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍; വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്

നവംബര്‍ 28ന് അല്‍വാറില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കവേ ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു യോഗി ആദിത്യനാഥ് ഹനുമാന്‍ ദളിത് ആദിവാസിയാണെന്ന പരാമര്‍ശം നടത്തിയത്. “ഹനുമാന്‍ ആദിവാസിയായിരുന്നു, കാട്ടുവാസി. തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ ഇന്ത്യന്‍ സമുദായങ്ങളേയും ഒരുമിപ്പിക്കാനാണ് ബജ്രംഗ് ബാലി പ്രവര്‍ത്തിച്ചത്. ഭഗവാന്‍ രാമന്റെ അഭിമതം അതായിരുന്നതിനാല്‍ അതുതന്നെയായിരുന്നു ഹനുമാന്റെയും ലക്ഷ്യം. അദ്ദേഹത്തെപ്പോലെ നമ്മളും ആ ആഗ്രഹം സഫലമാക്കാതെ വിശ്രമിക്കരുത്.” എന്നായിരുന്നു മാല്‍പുര മണ്ഡലത്തില്‍ റാലിയില്‍ പങ്കെടുത്തുകൊണ്ട് യോഗി പറഞ്ഞത്.

രാമന്റെ ഭക്തര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യും. രാവണ ഭക്തന്‍മാര്‍ മാത്രമാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യുക.- എന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

Also  Read:ഒറ്റയ്ക്ക് ജയിക്കാനാവുമെന്നിരിക്കെ ആര്‍.എസ്.എസിനെ കൂട്ടുപിടിച്ച് കണ്ണൂരില്‍ കോണ്‍ഗ്രസ്; പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം

പ്രസ്താവനയുടെ പേരില്‍ യോഗി ആദിത്യനാഥിന് രാജസ്ഥാനിലെ സര്‍വ ബ്രാഹ്മിണ്‍ മഹാസഭ പ്രസിഡന്റ് സുരേഷ് മിശ്ര വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

സങ്കുചിതമായ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് ഹനുമാനെ യോഗി ദളിതനാക്കിയത് എന്നായിരുന്നു മിശ്രയുടെ പരാതി.