| Thursday, 24th November 2016, 4:16 pm

നിലമ്പൂര്‍ വനത്തിലെ ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടത് 2 മാവോയിസ്റ്റുകളെന്ന് പൊലീസ്, ഒരാള്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു സ്ത്രീയും പുരഷനുമാണ് കൊല്ലപ്പെട്ടതെന്ന് തൃശൂര്‍ റെയ്ഞ്ച് ഐജി വ്യക്തമാക്കി.


നിലമ്പൂര്‍: നിലമ്പൂര്‍ കരുളായി വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 2 മാവോയിസ്റ്റുകളെന്ന് പൊലീസ്. ഒരു സ്ത്രീയും പുരഷനുമാണ് കൊല്ലപ്പെട്ടതെന്ന് തൃശൂര്‍ റെയ്ഞ്ച് ഐജി വ്യക്തമാക്കി.

കൊല്ലപ്പെട്ടവര്‍ ആരെല്ലാമാണെന്ന കാര്യം വ്യക്തമല്ല. വെടിവെയ്പ്പില്‍ പരിക്കേറ്റ ഒരാള്‍ കസ്റ്റഡിയിലായെന്നും റിപ്പോര്‍ട്ടുണ്ട്. പടുക്ക വനമേഖലയില്‍ ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

മൂന്നു പേര്‍ക്ക് വെടിയേറ്റതായും ഇതില്‍ മാവോവാദി കമാന്‍ഡറായ ഒരാളുടെ മരണം സ്ഥിരീകരിച്ചതായും നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ സജി നേരത്തെ അറിയിച്ചു.

കൊല്ലപ്പെട്ടത് ആന്ധ്രാ സ്വദേശി കുപ്പു എന്ന ദേവരാജ്, കാവേരിയെന്ന അജിത എന്നിവരാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആന്ധ്രയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുതിര്‍ന്ന മാവോയിസ്റ്റ് നേതാവാണ് ദേവരാജ്. നിലമ്പൂര്‍ വനമേഖലയില്‍ നേരത്തെ തന്നെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നതാണ്.

വനമേഖലയുമായി ബന്ധപ്പെട്ട സ്ഥലത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ട് എന്ന് നേരത്തെ തന്നെ വിവരമുണ്ടായിരുന്നെന്ന് എ.പി അനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു.

അതുകൊണ്ടാണ് തണ്ടര്‍ബോള്‍ട്ട് അവിടെ പോലീസിനെ വിന്യസിച്ചതെന്നും  പല കോളനിയിലും മറ്റും മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന് ജനങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അനില്‍കുമാര്‍ പറയുന്നു. സംഭവം സ്ഥിരീകരിച്ചതാണെങ്കില്‍ ആദ്യമായാണ് ഇത്തരത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് മാവോയിസ്റ്റിനെ നേരിടാന്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാവോവാദികള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് തണ്ടര്‍ബോള്‍ട്ടും മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവുമടങ്ങുന്ന 60 അംഗ സംഘം വനമേഖലയില്‍ പരിശോധനയ്ക്ക് പോയത്. 15 പേരടങ്ങുന്നതായിരുന്നു മാവോവാദി സംഘമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

പോലീസിന്റെ പട്രോളിങ്ങിനിടെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുന്ന് പൊലീസ് പറയുന്നു. സംഭവത്തെത്തുടര്‍ന്ന് സൈലന്റ് വാലി പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഇന്റലിജന്റ്‌സ് മേധാവി സംസ്ഥാന പൊലീസ് മേധാവിയുമായി ബന്ധപ്പെട്ടു. സൈലന്റ്‌വാലിയിലെയും നിലമ്പൂരിലെയും പൊലീസ്‌ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ഇതിന് മുമ്പ് രണ്ടു തവണ നിലമ്പൂര്‍ വനമേഖലയില്‍ പോലീസും മാവോവാദികളും തമ്മില്‍ വെടിവെപ്പ് ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം സപ്തംബറിലും ഫിബ്രവരിയിലുമായിരുന്നു അത്.

Latest Stories

We use cookies to give you the best possible experience. Learn more