ന്യൂദല്‍ഹി: എന്‍ ഇനിയ പൊന്‍നിലാവേ എന്ന ഗാനത്തിന്റെ പകര്‍പ്പവകാശം സംഗീത സംവിധായകന്‍ ഇളയരാജയ്ക്കല്ലെന്ന് ദല്‍ഹി ഹൈക്കോടതി. അദ്ദേഹത്തിന് പകര്‍പ്പവകാശമില്ലാത്തതിനാല്‍ തന്നെ മൂന്നാമതൊരു കക്ഷിക്ക് കൈമാറാനും അദ്ദേഹത്തിന് അവകാശമില്ലെന്ന് ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
പുതിയ ചിത്രത്തില്‍ ആ ഗാനം ഉപയോഗിക്കരുതെന്നും ജസ്റ്റിസ് മിനിപുഷ്‌കര്‍ണ ഉത്തരവിട്ടു.
ഗാനത്തിന്റെ പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് സരേഗമ ഇന്ത്യാ ലിമിറ്റഡ് രംഗത്തെത്തിയതോടെ പകര്‍പ്പവകാശ തര്‍ക്കങ്ങളുയര്‍ന്നിരുന്നു. ഇതിനടിസ്ഥാനത്തിലാണ് പകര്‍പ്പവകാശം ഇളയരാജയ്ക്കല്ലെന്നും സരേഗമയ്ക്കാമെന്നും കോടതി ഉത്തരവിട്ടത്.
1980ല്‍ പുറത്തിറങ്ങിയ മൂടുപാനി എന്ന ചിത്രത്തിനുവേണ്ടി ഇളയരാജ സംഗീത സംവിധാനം ചെയ്ത് യേശുദാസ് പാടിയ ഗാനമാണ് എന്‍ ഇനിയ പൊന്‍നിലാവേ.
ഈ ഗാനത്തിന്റെ പരിഷ്‌കരിച്ച രൂപം ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍രാജ തയാറാക്കിയിരുന്നു. വിജയ് യേശുദാസാണ് ഗാനം ആലപിച്ചത്.
വേല്‍സ് ഫിലിംസ് നിര്‍മിച്ച അഗത്യ എന്ന പുതിയ സിനിമയില്‍ ഗാനം ഉള്‍പ്പെടുത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരെ സരേഗമ രംഗത്തെത്തുകയായിരുന്നു.
മൂടുപാനി എന്ന സിനിമയിലെ ഗാനങ്ങളുടെ പകര്‍പ്പവകാശം സരേഗമ ഇന്ത്യാ ലിമിറ്റഡിനാണെന്ന് കാണിച്ച് ദല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തങ്ങളില്‍ നിന്ന് അനുമതി വാങ്ങാതെയാണ് അഗത്യ എന്ന സിനിമയില്‍ പ്രസ്തുത ഗാനം ഉപയോഗിച്ചതെന്നായിരുന്നു കേസ്.
നോട്ടീസ് നല്‍കിയിട്ടും വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ പാട്ടിന്റെ റീലീസ് തുടരുന്നുവെന്നും പരാതിയില്‍ പരാമര്‍ശിച്ചിരുന്നു.
എന്നാല്‍ ഗാനത്തിന്റെ യഥാര്‍ത്ഥ സംവിധായകന്‍ ഇളയരാജയില്‍ നിന്നാണ് തങ്ങള്‍ പകര്‍പ്പവകാശം നേടിയതെന്നും ഗാനം പുനസൃഷ്ടിക്കാനുള്ള സമ്മതമുണ്ടായിരുന്നുവെന്നും വേല്‍സ് ഫിലിംസ് കോടതിയില്‍ ലാദിച്ചു.
Content Highlight: en iniya Ponnilawe; Delhi High Court says copyright does not belong to Ilayaraja