|

'ബാബരി മസ്ജിദ് പൊളിക്കണമെന്ന് ഇ.എം.എസ് ആവശ്യപ്പെട്ടു' നുണപ്രചരണം വീണ്ടുമാവര്‍ത്തിച്ച് പി.ടി തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുപ്പത് വര്‍ഷം മുമ്പ് ഇ.എം.എസിനെതിരെ നടന്ന നുണ പ്രചരണം വീണ്ടും ആവര്‍ത്തിച്ച് യു.ഡി.എഫ് എം.എല്‍.എ പി.ടി തോമസ്. ഇ.എം.എസ് ബാബരി മസ്ജിദ് പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്ന്‍ ആരോപിച്ചാണ്  ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം രംഗത്തെത്തിയത്. 1987ല്‍ ഇ.എം.എസ് തിരൂരില്‍ നടത്തിയെന്ന് പറയുന്ന പ്രസംഗത്തിന്റെ മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ചിത്രം സഹിതമാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയത്.

1987ലെ മാതൃഭൂമി വാര്‍ത്തയ്ക്ക് പിന്നാലെ വാര്‍ത്ത തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് ഇ.എം.എസ് രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദേശാഭിമാനിയില്‍ വിശദമായ ലേഖനവും വന്നിരുന്നു. ചിന്ത വാരികയിലെ ചോദ്യോത്തര പംക്തിയിലും ഇ.എം.എസ് മാതൃഭൂമി വാര്‍ത്ത നുണയാണെന്ന് വ്യക്തമാക്കിയിരുന്നു.

‘തിരൂരില്‍ ഞാന്‍ ചെയ്ത പ്രസംഗം ‘ റിപ്പോര്‍ട്ടു ചെയ്തു’ എന്നാണ് ലേഖകന്‍ അവകാശപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്തരമൊരു പ്ര്‌സ്താവനയും താന്‍ ചെയ്തിട്ടില്ല. നേരെമറിച്ച് രാമജന്മഭൂമിയെന്ന പേരില്‍ ഹൈന്ദവ ബഹുജനങ്ങളെയും ബാബരി മസ്ജിദ് എന്ന പേരില്‍ മുസ് ലിം ബഹുജനങ്ങളെയും തമ്മിലടിപ്പിക്കരുതെന്ന് ഇരുവിഭാഗങ്ങളിലുംപെട്ട പ്രമാണിമാരോട് അഭ്യര്‍ത്ഥിക്കുകയാണ് താന്‍ ചെയ്തത്… ‘ എന്നായിരുന്നു ഇ.എം.എസ് അന്ന് വ്യക്തമാക്കിയത്.

2019ല്‍ ബാബരി മസ്ജിദ് പൊളിച്ചുകളയാന്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടുവെന്ന്‍ സംഘപരിവാറും വ്യാജപ്രചരണം നടത്തിയരുന്നു. ഇത് മനോരമ ചര്‍ച്ചയില്‍ ആവര്‍ത്തിച്ച ലീഗ് നേതാവ് അബ്ദു റഹ്മാന്‍ രണ്ടത്താണിയെ വസ്തുതകള്‍ നിരത്തി മാധ്യമപ്രവര്‍ത്ത ഷാനി പ്രഭാകരന്‍ ഖണ്ഡിച്ചിരുന്നു.

‘ബാബരി മസ്ജിദ് ആദ്യമായി പൊളിക്കണമെന്നു പറഞ്ഞത്, ലീഗല്ല, സഖാവ് ഇ.എം.എസ് ആണ്. സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാടാണ് ബാബരി മസ്ജിദ് പൊളിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നു പറഞ്ഞത്. ‘ എന്നായിരുന്നു അബ്ദു റഹ്മാന്‍ രണ്ടത്താണിയുടെ വാദം.അന്നും സമൂഹ മാധ്യമങ്ങളില്‍ ഈ വിഷയം ഏറെ ചര്‍ച്ചയായിരുന്നു.