കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ റാലിക്ക് പിന്നാലെ ലീഗിനെ വിമര്‍ശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.
ഇ.എം.എസിനും നായനാര്‍ക്കും മുസ്‌ലിം ലീഗ് എന്താണെന്ന് ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ടെന്ന് സലാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന വഖഫ് സംരക്ഷണ റാലിയെ കുറിച്ച് വിമര്‍ശിക്കുന്നവരോട് അത് സമരപ്രഖ്യാപനം മാത്രമാണെന്ന് സലാം പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന വഖഫ് സംരക്ഷണ റാലിയില്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ലീഗ് നേതാക്കള്‍ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു.
ഇതിനെതിരെ നിയമസഭയില്‍ വഖഫുമായി സംബന്ധിച്ച ബില്‍ ചര്‍ച്ചക്ക് വെച്ചപ്പോള്‍ എതിര്‍ക്കാത്തവരാണ് ഇപ്പോള്‍ വികാരം ഇളക്കിവിട്ട് പ്രശ്നമുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇപ്പോള്‍ ഉള്ളവര്‍ക്ക് സംരക്ഷണം കൊടുത്തുകൊണ്ട് പി.എസ്.സി നിയമനം ആകാമെന്നല്ലേ ലീഗ് പറഞ്ഞതിന്റെ അര്‍ത്ഥമെന്ന് മുഖ്യമന്ത്രി ചോദിച്ചു. എല്ലാ ജനാധിപത്യപ്രക്രിയയും പൂര്‍ത്തീകരിച്ചു. അതിന് ശേഷമാണ് ഇതൊരു വികാരപരമായ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലീഗ് ശ്രമിക്കുന്നത്.
‘ലീഗിനോട് പറയാനുള്ള ഒരു കാര്യം നിങ്ങളാദ്യം നിങ്ങളാര് എന്ന് തീരുമാനിക്കണം എന്നാണ്. നിങ്ങള്‍ രാഷ്ട്രീയപാര്‍ട്ടിയാണോ അതോ മതസംഘടനയാണോ, അതാദ്യം വ്യക്തമാക്കണം,’ മുഖ്യമന്ത്രി പറഞ്ഞു.
മതസംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ക്കത് ബോധ്യപ്പെട്ടു. ലീഗിന് മാത്രം ബോധ്യപ്പെട്ടിട്ടില്ലെന്നും ലീഗ് മുസ്‌ലിമിന്റെ അട്ടിപ്പേറവകാശം പേറി നടക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.
‘ഇവര്‍ക്ക് (മുസ്‌ലിം ലീഗ്) ബോധ്യമല്ല പോലും. നിങ്ങളുടെ ബോധ്യം ആര് പരിഗണിക്കുന്നു? ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന് എന്താണോ ചെയ്യാനുള്ളത് അത് ചെയ്യ്, ഞങ്ങള്‍ക്കതൊരു പ്രശ്നമല്ല,’ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് അബ്ദുറഹ്മാന്‍ കല്ലായി രംഗത്തെത്തിയിരുന്നു. വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപാടാണ് താന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ… ഇത് വിവാഹമാണോ. വ്യഭിചാരമാണ്. സിനയാണത് (അറബി പദം). അത് പറയാന്‍ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണമെന്നായിരുന്നു അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞിരുന്നത്.
മുസ്‌ലിം ലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് ഭീഷണി.
ഒന്നാമത്തെ ചോദ്യത്തിനുളള ഉത്തരം സഖാവ് ഇ.എം.എസിനും രണ്ടാമത്തെതിന്റെ ഉത്തരം സഖാവ് നായനാര്‍ക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിം ലീഗ്.