|

ഷൂട്ടിങ്ങിനിടെ സെറ്റില്‍ അപകടം; ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മിക്ക് പരിക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാന്‍ ഇന്ത്യന്‍ ചിത്രമായ ഗൂഡാചാരിയുടെ രണ്ടാം ഭാഗത്തില്‍ ആദിവി ശേഷിനൊപ്പം അഭിനയിക്കുന്ന ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിക്ക് പരിക്ക്. ഗൂഡാചാരി 2ന്റെ ഹൈദരാബാദ് ഷെഡ്യൂളില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴാണ് അദ്ദേഹത്തിന് പരിക്കേറ്റത്.

ആക്ഷനിടയില്‍ ഉയര്‍ന്നു ചാടുന്ന ഒരു രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് സൂചന. അദ്ദേഹത്തിന്റെ കഴുത്തിനാണ് പരിക്കേറ്റിരിക്കുന്നത്. താടിയെല്ലിന് താഴെ മുറിവേറ്റ നടന്റെ ഫോട്ടോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

സ്‌പൈ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. പവന്‍ കല്യാണ്‍ നായകനായ ഒ.ജി എന്ന ചിത്രത്തിന് ശേഷം ഇമ്രാന്‍ ഹാഷ്മി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘ഗൂഢാചാരി 2’.

വിനയ് കുമാര്‍ സിരിഗിനിദി സംവിധാനം ചെയ്യുന്ന ഈ സിനിമ പീപ്പിള്‍ മീഡിയ ഫാക്ടറി, അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ്, എ.കെ. എന്റര്‍ടൈമെന്റ്‌സ് എന്നിവയുടെ ബാനറില്‍ ടി.ജി. വിശ്വ പ്രസാദ്, അഭിഷേക് അഗര്‍വാള്‍, വിവേക് കുചിബോട്ടിലാ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

സൂപ്പര്‍ ഹിറ്റ് സ്‌പൈ ത്രില്ലര്‍ ചിത്രമായ ഗൂഡാചാരിയുടെ ആറാം വാര്‍ഷികത്തില്‍, ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നുള്ള ആവേശകരമായ നിമിഷങ്ങള്‍ ആദിവി ശേഷ് സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചിരുന്നു.

2025 പകുതിയോടെ ബ്രഹ്‌മാണ്ഡ റിലീസായി പ്ലാന്‍ ചെയ്യുന്ന ഗൂഢാചാരി 2, ബഹുഭാഷാ ചിത്രമായാവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ആദിവി ശേഷിനൊപ്പം ചേര്‍ന്ന് സംവിധായകന്‍ വിനയ് കുമാര്‍ തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും.

Content Highlight: Emraan Hashmi Get Injured In Goodachari2 Movie Set

Video Stories