കാത്തിരിപ്പിനൊടുവില്‍ എമ്പുരാന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ സിനിമ എന്ന് ആദ്യം മുതലേ കേള്‍ക്കുന്ന ചിത്രം അതിനെ അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന ഒന്നാണെന്ന് സംശയമില്ലാതെ പറയാം. മേക്കിങ്ങില്‍ ഇതിന് മുകളില്‍ ഒരു മലയാളസിനിമ ഇതുവരെ വന്നിട്ടില്ല. ഇനി വരുമോ എന്നും അറിയില്ല.
ഇന്ത്യന്‍ സിനിമയില്‍ ഒരു നായകനടന് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും ഗ്രാന്‍ഡ് ആയിട്ടുള്ള എന്‍ട്രിയാണ് മോഹന്‍ലാലിന് എമ്പുരാനില്‍ ലഭിച്ചിരിക്കുന്നത്. ആ സീന്‍ ഡെവലപ്പ് ചെയ്ത് തുടങ്ങുന്നിടം മുതല്‍ അവസാനിക്കുന്നതുവരെ തിയേറ്ററില്‍ നിലക്കാത്ത കൈയടികളായിരുന്നു. ഇതിന് മുകളിലൊന്ന് അടുത്തെങ്ങും മറ്റൊരു നടനും ലഭിക്കില്ലെന്ന് ഉറപ്പാണ്.
മലയാളം പോലൊരു ചെറിയ ഇന്‍ഡസ്ട്രിക്ക് പുള്‍ ഓഫ് ചെയ്യാന്‍ കഴിയുന്നതിന്റെ മാക്‌സിമം എമ്പുരാനില്‍ കാണാന്‍ സാധിക്കുന്നുണ്ട്. തമിഴ്, തെലുങ്ക് പാന്‍ ഇന്ത്യന്‍ സിനിമകള്‍ കൈയടിച്ച നമുക്കും അതുപോലെ ഒരു ചിത്രം ചെയ്യാന്‍ കഴിയുമെന്ന് എമ്പുരാന്‍ കാണുമ്പോള്‍ മനസിലാകുന്നുണ്ട്. ലൂസിഫര്‍ അവസാനിച്ച മൊമന്റില്‍ നിന്ന് അഞ്ചു വര്‍ഷത്തിനിപ്പുറം നടക്കുന്ന കഥയാണ് എമ്പുരാന്റേത്.
എന്നാല്‍ ചിത്രം ആരംഭിക്കുന്നത് 2002ലെ ഗുജറാത്ത് കാണിച്ചുകൊണ്ടാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നും തീരാകളങ്കമായി നില്‍ക്കുന്ന ഗുജറാത്ത് കലാപമാണ് സിനിമയുടെ ആദ്യത്തെ 20 മിനിറ്റില്‍. അടുത്തിടെ ഇറങ്ങിയ മോസ്റ്റ് വയലന്റ് സിനിമകൡ കിട്ടാത്ത ഇമോഷണല്‍ കണക്ഷന്‍ ഈ 20 മിനിറ്റില്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. അതും മനം മടുപ്പിക്കാത്ത കാഴ്ചകളിലൂടെ.
ഈയൊരു സെഗ്മെന്റിന് ശേഷം കഥ കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ കാണിക്കുകയാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് കേരളത്തിലുള്ള സ്വാധീനവും അവര്‍ അടുത്തിടെ നടത്തിയ പ്രസ്താവനകളും ഈ ഭാഗങ്ങളില്‍ പറയുന്നുണ്ട്. ഗുജറാത്തിലെ കലാപത്തിന് കാരണക്കാരായവരാണ് ഇന്ന് രാജ്യം നിയന്ത്രിക്കുന്നതെന്ന് സിനിമ പറയുന്നതിനെ പ്രശംസിക്കാതെ വയ്യ.
ഒരുപക്ഷേ, ഇന്ത്യയില്‍ തന്നെ ഇക്കാര്യം പറയാന്‍ മലയാളികള്‍ മാത്രമേ ധൈര്യപ്പെടുള്ളൂ. അതുപോലെ സിനിമയുടെ ഒരു ഘട്ടത്തില്‍ കേരളത്തില്‍ വര്‍ഗീയതയെ കക്ഷിരാഷ്ട്രീയം നോക്കാതെ ഇരുമുന്നണികളും ഒറ്റക്കെട്ടായി നിന്ന് എതിര്‍ക്കുമെന്ന് പറയാതെ പറയുന്ന സീനും ഗംഭീരമായിരുന്നു.
ലൂസിഫറിലേത് പോലെ ആദ്യവസാനം സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയല്ല എമ്പുരാന്റെ കഥ വികസിക്കുന്നത്, ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയഗതികള്‍ അപകടകരമായ രീതിയിലേക്ക് കടക്കുന്നു എന്ന് തോന്നുന്നിടത്താണ് നായകനായ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഒരു നായകനടന് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും ഗ്രാന്‍ഡ് ആയിട്ടുള്ള എന്‍ട്രിയാണ് മോഹന്‍ലാലിന് എമ്പുരാനില്‍ ലഭിച്ചിരിക്കുന്നത്.
ആ സീന്‍ ഡെവലപ്പ് ചെയ്ത് തുടങ്ങുന്നിടം മുതല്‍ അവസാനിക്കുന്നതുവരെ തിയേറ്ററില്‍ നിലക്കാത്ത കൈയടികളായിരുന്നു. ഇതിന് മുകളിലൊന്ന് അടുത്തെങ്ങും മറ്റൊരു നടനും ലഭിക്കില്ലെന്ന് ഉറപ്പാണ്. ആദ്യപകുതിയില്‍ വെറും 15 മിനിറ്റ് മാത്രമാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തെ കാണിക്കുന്നത്. ഹൈ മൊമന്റ് നല്‍കുന്ന ഒരു ഫ്രെയിമിലാണ് ആദ്യപകുതി അവസാനിക്കുന്നത്.
രണ്ടാം പകുതി ആരംഭിച്ച് കുറച്ചു കഴിയുമ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള സീന്‍ ഒരെണ്ണമുണ്ട്. ഇന്റര്‍വെല്‍ ഫ്രെയിം എവിടെ നിര്‍ത്തിയോ അതിന്റെ തുടര്‍ച്ചയായി കാണിക്കുന്ന സീന്‍ ആരാധകര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ രോമാഞ്ചം നല്‍കുന്ന ഒന്നാണ്. അവിടം തൊട്ട് ക്ലൈമാക്‌സ് ഫൈറ്റ് വരെ സിനിമ ടോപ് ഗിയറില്‍ തന്നെയാണ് പോയത്.
എന്നാല്‍ അതുവരെ കണ്ട എല്ലാ സീനുകളുടെയും മൊമന്റം ഇല്ലാതാക്കിയതുപോലെയായിരുന്നു ക്ലൈമാക്‌സ് ഫൈറ്റ്. ഇന്റര്‍നാഷണല്‍ മേക്കിങ് ക്വാളിറ്റിയുള്ള സിനിമയില്‍ ടിപ്പിക്കല്‍ തെലുങ്ക് മാസ് പടത്തിന്റെ ഫ്‌ളേവര്‍ ചേര്‍ത്തതുപോലെയായി ക്ലൈമാക്‌സ്. ഈയൊരു കാര്യത്തിന് വേണ്ടിയായിരുന്നോ ഇത്രയും ബില്‍ഡപ്പെന്ന് തോന്നിപ്പോയി. ഈയൊരൊറ്റ പോര്‍ഷന്‍ അതുവരെയുണ്ടായിരുന്ന എല്ലാം ഇല്ലാതാക്കിയെന്നേ പറയാന്‍ സാധിക്കുള്ളൂ.
അഭിനേതാക്കളുടെ കാര്യം നോക്കിയാല്‍ കുറഞ്ഞ സ്‌ക്രീന്‍ സ്‌പേസ് കൊണ്ട് മോഹന്‍ലാല്‍ എന്ന താരത്തെ മാക്‌സിമത്തില്‍ ഉപയോഗിക്കാന്‍ പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. ഖുറേഷി അബ്രാമായാലും സ്റ്റീഫന് നെടുമ്പള്ളിയായാലും ആ കഥാപാത്രത്തിന്റെ ഓറ പരമാവധി സ്‌ക്രീനില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. കൂടുതല്‍ പറഞ്ഞാല്‍ സ്‌പോയിലറായേക്കും.
പൃഥ്വിരാജ് അവതരിപ്പിച്ച സയേദ് മസൂദ് എന്ന കഥാപാത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്റ്റോറിയിലൂടെയാണ് എമ്പുരാന്‍ വികസിക്കുന്നത്. സയേദിന്റെ ചെറുപ്പം അവതരിപ്പിച്ച കാര്‍ത്തികേയ ദേവ്… സിനിമയുടെ വരുംകാല വാഗ്ദാനമെന്ന് കാര്‍ത്തികേയയെ വിശേഷിപ്പിക്കാം. അസാധ്യപ്രകടനമായിരുന്നു കാഴ്ചവെച്ചത്. സയേദിന്റെ പ്രസന്റ് പോര്‍ഷനില്‍ പൃഥ്വിരാജും മികച്ചുനിന്നു. സ്‌ക്രീന്‍ പ്രസന്‍സില്‍ ചിലയിടത്ത് മോഹന്‍ലാലിനെക്കാള്‍ പൃഥ്വിരാജ് മുന്നിട്ടുനിന്നു എന്ന് പറയാം.
മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ്. ആദ്യഭാഗത്തില്‍ ദുഃഖപുത്രി ഇമേജായി നിന്ന പ്രിയദര്‍ശിനിക്ക് രണ്ടാം ഭാഗത്തില്‍ മികച്ച ക്യാരക്ടര്‍ ആര്‍ക്കാണ് ലഭിച്ചത്. ടൊവിനോയുടെ ജതിന്‍ രാംദാസും അതിഗംഭീര പ്രകടനമായിരുന്നു. മോഹന്‍ലാല്‍- ടൊവിനോ സീന്‍ തിയേറ്ററിലുണ്ടാക്കിയ ഇംപാക്ട് ഗംഭീരമായിരുന്നു.
സുരാജ് വെഞ്ഞാറമൂടിന്റെ സജനചന്ദ്രന്‍ കേരളരാഷ്ട്രീയത്തില്‍ അതിശക്തനെന്ന് സ്വയം കരുതപ്പെടുന്ന ഒരു നേതാവിന്റെ സാമ്യതകളുള്ള കഥാപാത്രമായിരുന്നു. ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നറിഞ്ഞിട്ടും വീമ്പിളക്കുന്ന തീവ്രവലതുപക്ഷ നേതാവിന്റെ വേഷം സുരാജ് മികച്ച രീതിയില്‍ അവതരിപ്പിച്ചു.
അഭിമന്യു സിങ് അവതരിപ്പിച്ച ബല്‍രാജ് എന്ന കഥാപാത്രത്തിന് ഗംഭീര ഇന്‍ട്രോയാണ് ലഭിച്ചത്. എന്നാല്‍ ലൂസിഫറിലെ ബോബിയെപ്പോലെ ശക്തനായ വില്ലനാകാന്‍ ബല്‍രാജിന് സാധിച്ചില്ല. എന്നിരുന്നാലും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് ആ കഥാപാത്രത്തെ തന്നാലാകും വിധം ഗംഭീരമാക്കാന്‍ അഭിമന്യുവിന് സാധിച്ചു.
ജെറോം ഫ്‌ളിന്നിന്റെ ബോറിസ് ഒളിവര്‍ തിയേറ്ററുകളില്‍ കൈയടി നേടുന്ന കഥാപാത്രമായി മാറി. ആന്‍ഡ്രിയ ടിവേദാറിന്റെ മിഷേല്‍, സുകാന്ത് ഗോയല്‍ അവതരിപ്പിച്ച മുന്ന, കാര്‍ത്തിക്കായി വേഷമിട്ട കിഷോര്‍ എന്നിവര്‍ അവരവരുടെ കഥാപാത്രം നന്നാക്കിയപ്പോള്‍ നിഖാത് ഖാന്‍ തന്റെ ഒരൊറ്റ ഡയലോഗിലൂടെ കൈയടി നേടി.
ആദ്യ ഭാഗത്തിലെന്ന പോലെ ഇന്ദ്രജിത് സുകുമാരന്‍, സായി കുമാര്‍, നന്ദു, ബൈജു സന്തോഷ്, മുരുകന്‍ മാര്‍ട്ടിന്‍ എന്നിവര്‍ ഓരോ റഫറന്‍സ് ഡയലോഗ് വെച്ച് തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. മൂന്നാം ഭാഗത്തിന് ലീഡ് തരുന്ന ഭാഗം കൈയടി നേടിയെങ്കിലും മുമ്പ് കണ്ട ഒരു അന്യഭാഷാചിത്രത്തെ ഓര്‍മിപ്പിച്ചു.
ദീപക് ദേവ് ഒരുക്കിയ സംഗീതം ചിലയിടത്ത് അന്യായ രോമാഞ്ചം സമ്മാനിച്ചപ്പോള്‍ ചിലയിടത്ത് ഉദ്ദേശിച്ച ഇംപാക്ട് കിട്ടിയില്ല. സുജിത് വാസുദേവിന്റെ ഫ്രെയിമുകള്‍ എല്ലാം അപാരമെന്ന് മാത്രമേ പറയാന്‍ സാധിക്കുള്ളൂ. വി.എഫ്.എക്‌സ് ചിലയിടത്ത് മികച്ചു നിന്നപ്പോള്‍ ചിലയിടത്ത് ശരാശരിയായി മാത്രം അനുഭവപ്പെട്ടു. അഖിലേഷ് മോഹന്‍ അളന്നുമുറിച്ച് തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിട്ടുള്ളത്.
മലയാളസിനിമ എന്ന് പറയുമ്പോഴും ആവശ്യത്തിന് ഹോളിവുഡ് ഫ്‌ളേവറും നോര്‍ത്ത് ഇന്ത്യന്‍, കന്നഡ, തെലുങ്ക് ഫ്‌ളേവറുകളും ചേര്‍ത്ത മേക്കിങ് സ്റ്റൈലായിരുന്നു പൃഥ്വിരാജിന്റേത്. ഇതില്‍ കന്നഡ, തെലുങ്ക് മേക്കിങ് സ്റ്റൈല്‍ നിരാശനാക്കിയെന്ന് പറയാതെ വയ്യ. ഒരിക്കലും ഒ.ടി.ടിയില്‍ വരുമ്പോള്‍ കാണേണ്ട ചിത്രമല്ല എമ്പുരാന്‍. നിറഞ്ഞ തിയേറ്ററില്‍ ആരാധകരോടൊപ്പം കൈയടിച്ച് കാണാന്‍ സാധിക്കുന്ന ഒന്നാണ് മലയാളത്തിന്റെ സ്വന്തം എമ്പുരാന്‍
Content Highlight: Empurran movie Review