പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ ഒരു രംഗത്തിലെ സംഭാഷണം വിവാദമായതിനെ തുടര്‍ന്ന് പൃഥ്വിരാജ് അടക്കമുള്ളവര്‍ മാപ്പുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിവാദത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി താന്‍ ചെയ്യാനിരിക്കുന്ന എമ്പുരാന്റെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.
‘സത്യത്തില്‍ തിരുവനന്തപുരത്ത് വന്നത് ഷൂട്ടിങ്ങിന് വേണ്ടിയല്ല. മുരളിയുമായി എമ്പുരാന്റെ സ്‌ക്രിപ്റ്റ് വായിക്കാന്‍ വേണ്ടിയാണ്. എമ്പുരാന്റെ ഫുള്‍ സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തു. സ്‌ക്രിപ്റ്റ് ലോക്ക് ചെയ്ത വിവരം ലാലേട്ടനെയും, ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഷൂട്ടിങ് തുടങ്ങാനാണ് പ്ലാന്‍ ചെയ്യുന്നത്’: പൃഥി പറയുന്നു.
അതേസമയം കടുവയിലെ വിവാദരംഗം നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു എന്നും ഉടന്‍ തന്നെ മാറ്റം വരുത്തിയ പ്രിന്റ് പ്രദര്‍ശിപ്പിക്കുമെന്നും പൃഥി കൂട്ടിച്ചേര്‍ത്തു.
മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് കടുവ റിലീസ് ചെയ്തത്. ദുബായ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ഹൈദരബാദും, ചെന്നൈയും ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പ്രൊമോഷന്‍ ചെയ്തതും ചിത്രത്തിന് ഗുണം ചെയ്തിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
സംയുക്ത മേനോന്‍, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight : Empuran movie scrpit locked says Prithviraj