ന്യൂദല്‍ഹി: എമ്പുരാന്‍ തീവ്രവാദത്തെ ന്യായീകരിക്കുന്ന സിനിമയാണെന്ന് ആര്‍.എസ്.എസ് മുഖമാസിക ഓര്‍ഗനൈസര്‍. അഞ്ചാം തവണയാണ് ആര്‍.എസ്.എസ് മുഖമാസിക എമ്പുരാനെതിരെ ലേഖനവുമായി രംഗത്ത് വരുന്നത്.
അതേസമയം കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും യഥാര്‍ത്ഥ സംഭവങ്ങളെ ധീരമായി ചിത്രീകരിച്ച സിനിമകളാണെന്നും ഓര്‍ഗനൈസറില്‍ പറയുന്നുണ്ട്.
ഭീകരന്‍ മസൂദ് അസറിനെയാണ് സെയ്ദ് മസൂദ് എന്ന കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്നും അതേസമയം ഹിന്ദുക്കളെ കുറ്റവാളിയായും ഇരകള്‍ മുസ്‌ലിങ്ങളാണെന്നുമാണ് ചിത്രത്തിലെന്നും ഓര്‍ഗനൈസര്‍ ആരോപിക്കുന്നു. ദേശീയ ഏജന്‍സികളെ അപകീര്‍ത്തിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
എമ്പുരാന്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആളികത്തിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയെയടക്കം ദുരന്തങ്ങളുടെ രാജാവായി ചിത്രീകരിക്കുന്നുവെന്നും ഓര്‍ഗനൈസര്‍ ആരോപിക്കുന്നുണ്ട്.
എമ്പുരാനിലേത് ക്രിസ്ത്യന്‍ വിരുദ്ധ ആശയങ്ങളെന്ന് വിമര്‍ശിച്ചാണ് ഇന്നലെ ഓര്‍ഗനൈസര്‍ എമ്പുരാനെതിരെ ലേഖനം പ്രസിദ്ധീരിച്ചത്. സിനിമയിലെ സീനുകള്‍ ചിത്രീകരിച്ച സ്ഥലങ്ങളുടെ തെരഞ്ഞെടുപ്പില്‍ പോലും ദുരൂഹതയുണ്ടെന്നും ഇത്തരം വിമര്‍ശനങ്ങള്‍ ഇസ്‌ലാമിനെതിരെയായിരുന്നെങ്കില്‍ എന്താകുമായിരുന്നെന്ന് ചിന്തിക്കണമെന്നും ഓര്‍ഗനൈസറില്‍ ആരോപിച്ചിരുന്നു.
ക്രിസ്തുമതത്തിനെതിരായത് കൊണ്ട് ആരും പ്രതികരിക്കുന്നില്ലെന്നും സിനിമയ്ക്കെതിരെ ക്രിസ്ത്യാനികള്‍ രംഗത്തെത്തണമെന്നും ഓര്‍ഗനൈസര്‍ അവകാശപ്പെടുന്നുണ്ട്. ദൈവപുത്രന്‍ തന്നെ തെറ്റ് ചെയ്യുമ്പോള്‍ എന്ന ഡയലോഗടക്കം പരാമര്‍ശിച്ചായിരുന്നു വിമര്‍ശിച്ചത്.
നേരത്തെ എമ്പുരാനെതിരെയും അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ഓര്‍ഗനൈസര്‍ ലേഖനങ്ങള്‍ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജിനെ കടന്നാക്രമിച്ചുകൊണ്ടുള്ള ലേഖനമാണ് ഓര്‍ഗനൈസര്‍ ഇന്നലെ രാവിലെ പുറത്തിറക്കിയത്. കേന്ദ്രത്തിന് എതിരായ നിലപാടുകള്‍ എടുക്കുന്നയാളാണ് പൃഥ്വിരാജ് എന്നാണ് എഴുതിയത്.
ഞായറാഴ്ച എമ്പുരാനെതിരെയും മോഹന്‍ലാലിനെതിരെയും ഓര്‍ഗനൈസറിന്റെ വെബ് പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എമ്പുരാനെതിരായ തങ്ങളുടെ പ്രതിഷേധം ഫലം കാണുകയാണെന്നും അതുകൊണ്ടാണ് സിനിമയിലെ 17 കട്ടുകള്‍ സെന്‍സര്‍ ചെയ്ത് കളയാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ തീരുമാനിച്ചതെന്നും ലേഖനത്തില്‍ പറയുകയുണ്ടായി.
മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ആരാധകരെ ചതിച്ചുവെന്ന് പറഞ്ഞ് ഓര്‍ഗനൈസര്‍ ഞായറാഴ്ച രാവിലെ പുറത്തിറക്കിയ ലേഖനത്തില്‍ പറയുന്നുണ്ട്. എങ്ങനെയാണ് ഇത്തരത്തില്‍ ഒരു സിനിമ മോഹന്‍ലാല്‍ ഏറ്റെടുത്തതെന്നും ചോദ്യം ഉയര്‍ന്നിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തില്‍ പൃഥ്വിരാജ് ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിച്ചുവെന്നും ഉള്ളടക്കങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഓര്‍ഗനൈസര്‍ പ്രതികരിച്ചിരുന്നു.
Content Highlight: Empuran is a movie that justifies terrorism; Kerala Story and Kashmir Files are real events; Organizer again against Empuran