മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ ഇന്നലെ (വ്യാഴം) റിലീസായിരുന്നു. 2019ല്‍ പുറത്തിറങ്ങിയ മലയാള ത്രില്ലര്‍ ചിത്രമായ ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. വന്‍ വിജയമായിരുന്ന സിനിമയായിരുന്നു ലൂസിഫര്‍. മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ ഏഴാമത്തെ ചിത്രമാണ് ലൂസിഫര്‍. ലൂസിഫർ പോലെത്തന്നെയാണ് എമ്പുരാനും.
റിലീസിന് മുമ്പ് തന്നെ റെക്കോർഡ് നേട്ടം എമ്പുരാൻ സ്വന്തമാക്കി. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ ബുക്ക് മൈ ഷോയിൽ ആദ്യ ദിവസത്തിൽ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമാണ് എമ്പുരാൻ. മൂന്ന് പാർട്ടുകളായിട്ടാണ് ചിത്രം ഒരുക്കുന്നത് എന്ന് ആദ്യമേ തന്നെ ചിത്രത്തിൻ്റെ സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞിരുന്നു.
ഇപ്പോൾ എമ്പുരാൻ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.
സിനിമ മൂന്ന് പാർട്ട് ആയിട്ടായിരിക്കും വരുന്നതെന്നും ഒരു സിനിമയിൽ കൂടെ കഥ പറയാൻ സാധിക്കില്ലെന്നും മോഹൻലാൽ പറയുന്നു. ദൃശ്യം സിനിമ വിജയമായതുകൊണ്ടാണ് രണ്ടാം ഭാഗം ഇറക്കിയതെന്നും എമ്പുരാൻ്റെ സക്സസ് അനുസരിച്ചാണ് അടുത്ത സിനിമയെന്നും മോഹൻലാൽ പറയുന്നു. എമ്പുരാൻ്റെ പ്രമോഷൻ്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ കഥ മൂന്ന് സിനിമകളായിട്ടാണ് വരുന്നത്. കാരണം ഇവർക്ക് ഓൾറെഡി കഥയുടെ രൂപമുണ്ട്. അത് ചെയ്യാൻ എല്ലാവരും തയ്യാറാണ്. തുടങ്ങുമ്പോൾ തന്നെ പറഞ്ഞിരുന്നു ഈ കഥ ഒരു സിനിമയിൽ നമുക്ക് പറയാൻ പറ്റില്ല.
ദൃശ്യം സിനിമ വളരെ വിജയകരമായിരുന്നു. അതുകൊണ്ട് ദൃശ്യത്തിൻ്റെ സെക്കൻ്റ് പാർട്ട് ഇറക്കി. അങ്ങനെ ഒരു സംവിധാനം വളരെ കാലം മുമ്പ് തന്നെ ഞങ്ങൾ ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള സീക്വലുകൾ വളരെ സൂക്ഷിച്ച് ചെയ്യേണ്ട കാര്യമാണ്. പക്ഷെ ഇത് ആദ്യമേ പറഞ്ഞ് കഴിഞ്ഞു. മൂന്ന് സിനിമകൾ ചെയ്യും ഇതിൻ്റെ സക്സസ് അനുസരിച്ചാണ് അടുത്ത സിനിമ.
അങ്ങനെ ലൂസിഫറിൻ്റെ അമ്പതാം ദിവസം അടുത്ത സിനിമ എമ്പുരാൻ ചെയ്യാൻ പോകുവാണെന്ന് പറഞ്ഞു. അന്ന് ഇത്ര വലിയ സിനിമയായി മാറും എന്നൊന്നും നമുക്ക് അറിയില്ല. എമ്പുരാൻ്റെ അവസാനം പറയുന്നത് ഇതിനൊരു തേർഡ് പാർട്ടുണ്ട്. അത് എമ്പുരാൻ എന്ന സിനിമയുടെ സക്സസിനെ അനുസരിച്ച് ഇരിക്കും. കാര്യം അത് ഇതിലും വലിയ സിനിമയായിട്ട് മാറാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കട്ടെ,’ മോഹൻലാൽ പറഞ്ഞു.
Content Highlight: Empuraan: The third part will be an even bigger film says Mohanlal